സിജോ പൈനാടത്ത്
കൊച്ചി: കോണ്‍ഗ്രസ് വിട്ട പി.സി. ചാക്കോ എന്‍സിപിയുടെ ദേശീയ നേതൃത്വത്തില്‍ സുപ്രധാന പദവിയിലേക്ക്.
ഇക്കാര്യത്തില്‍ ദേശീയ അധ്യക്ഷന്‍ ശരത് പവാറുമായി ഇന്നു ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തും. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനായി പ്രചാരണത്തിനിറങ്ങാനും ധാരണയായി. എന്‍സിപിയിലൂടെ രാജ്യസഭാ സീറ്റിലേക്കും ചാക്കോ നോട്ടമിട്ടിട്ടുണ്ട്.
എന്‍സിപിയോടു ചേര്‍ന്ന് കേരളത്തില്‍ നിന്നുള്ള ഇടതു രാജ്യസഭാ സീറ്റ് തരപ്പെടുത്താനുള്ള നീക്കങ്ങളും അദ്ദേഹം നടത്തുന്നുണ്ട്.
എന്‍സിപി സംസ്ഥാന നേതൃത്വവുമായി പി.സി. ചാക്കോ പ്രാഥമിക ചര്‍ച്ചകള്‍ നടത്തി.
നിലവില്‍ കേരളത്തില്‍നിന്ന് എന്‍സിപിക്കു രാജ്യസഭാ സീറ്റില്ലെങ്കിലും ശരത് പവാറും പിണറായി വിജയനുമായി ഇക്കാര്യത്തില്‍ ധാരണയുണ്ടാക്കാനാണു ശ്രമം.
അടുത്ത് കേരളത്തില്‍ നിന്ന് ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളില്‍ ഒന്ന് ഇടതിനുള്ളതാണ്. ഇതിലാണു പി.സി. ചാക്കോ നോട്ടമിടുന്നത്.
ദേശീയ രാഷ്ട്രീയത്തിലുള്ള അനുഭവപരിചയവും പാര്‍ലമെന്റിനകത്തെ മികച്ച പ്രകടനവും പി.സി. ചാക്കോയ്ക്കു പുതിയ നീക്കത്തില്‍ അനുകൂലഘടകങ്ങളാകുമെന്നാണ് അദ്ദേഹത്തോട് അടുത്തു നില്ക്കുന്നവരുടെ കണക്കുകൂട്ടല്‍.
ശരത് പവാറുമായി വര്‍ഷങ്ങളായുള്ള വ്യക്തിബന്ധമാണ് ഇപ്പോള്‍ എന്സിപിയോടടുക്കാന് ചാക്കോയെ പ്രേരിപ്പിക്കുന്നത്.
കോണ്‍ഗ്രസിലൂടെയാണു ചാക്കോ രാഷ്ട്രീയത്തിലെത്തിയതെങ്കിലും കോണ്‍ഗ്രസ് -യു രൂപീകരിച്ചപ്പോള്‍, അദ്ദേഹം ഇടതുപക്ഷത്തേക്കു ചാഞ്ഞു.
അതിലൂടെയാണു 1980 ല്‍ പിറവം മണ്ഡലത്തെ പ്രതിനിധീകരിച്ചു നിയമസഭയിലെത്തിയത്. നായനാര്‍ മന്ത്രിസഭയില്‍ വ്യവസായ മന്ത്രിയായി.
അടുത്ത വര്‍ഷം കോണ്‍ഗ്രസ് യു ഇടതുമുന്നണി വിടാന്‍ തീരുമാനിച്ചെങ്കിലും, പി.സി. ചാക്കോയും ഒരു വിഭാഗവും ശരത് പവാറിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയായി ഇടതുപക്ഷത്തു തുടരുകയായിരുന്നു. പിന്നീട് കോണ്‍ഗ്രസ് എസിലെത്തിയ ചാക്കോ 1982ല്‍ അതിന്റെ സംസ്ഥാന പ്രസിഡന്റായി.
എ.സി. ഷണ്മുഖദാസ്, ടി.പി. പീതാംബരന്, എ.കെ. ശശീന്ദ്രന്, രാമചന്ദ്രന് കടന്നപ്പള്ളി എന്നിവരുമായെല്ലാം നല്ല ബന്ധം ചാക്കോ സൂക്ഷിച്ചുവന്നിരുന്നു.