സ്വന്തം ലേഖകൻ
തിരുവനന്തപുരം: എൻസിപി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോയ്ക്കെതിരേ പാർട്ടിയിൽ പടയൊരുക്കം. ജില്ലാ പ്രസിഡന്റുമാരെ നിയമിച്ചത് അടക്കമുള്ള വിഷയങ്ങളിൽ ചാക്കോ ഏകാധിപതിയായി പെരുമാറുന്നെന്നു ചൂണ്ടിക്കാട്ടി എ.കെ. ശശീന്ദ്രൻ വിഭാഗമാണ് രംഗത്തെത്തിയത്.
ചാക്കോയുടെ അടുപ്പക്കാരനായ സംസ്ഥാന സെക്രട്ടറി ബിജു ആബേൽ ജേക്കബ് പാർട്ടി പ്രവർത്തകനെ ഭീഷണിപ്പെടുത്തുന്നതിന്റെ ഓഡിയോ ക്ലിപ്പും പുറത്തുവന്നിട്ടുണ്ട്.
ശശീന്ദ്രൻ വിഭാഗം പറയുന്നത്
കോൺഗ്രസിൽ നിന്നെത്തിയ പി.സി. ചാക്കോ സംസ്ഥാന പ്രസിഡന്റായതിനു ശേഷം മുതിർന്ന നേതാക്കളെ പോലും അവഗണിച്ച് പാർട്ടിയെ ഹൈജാക്ക് ചെയ്യുകയാണെന്നാണ് ശശീന്ദ്രൻ വിഭാഗത്തിന്റെ ആരോപണം.
പി.സി. ചാക്കോ പ്രസിഡന്റായതിനു ശേഷം ജില്ലാ പ്രസിഡന്റുമാരെ മാറ്റിനിയമിച്ചു. നേരത്തെയുള്ള പല നേതാക്കളെയും മാറ്റിനിർത്തി കോൺഗ്രസിൽ നിന്ന് എത്തിയവർക്കാണ് സ്ഥാനം നൽകിയത്.
മുൻ സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരനുമായും മന്ത്രി എ.കെ. ശശീന്ദ്രനുമായും ഇക്കാര്യത്തിൽ ചർച്ച നടത്താൻ ചാക്കോ തയാറായില്ലെന്നും തന്നിഷ്ടപ്രകാരം തീരുമാനമെടുക്കുകയാണെന്നും നേതാക്കൾ ആരോപിക്കുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി നേരത്തെ ചില നേതാക്കൾ ദേശീയ അധ്യക്ഷൻ ശരത് പവാറിനു പരാതി നൽകിയിരുന്നു. എന്നാൽ ചില സ്ഥാപിത താത്പര്യക്കാരാണ് പാർട്ടിയിൽ പ്രശ്നങ്ങളുണ്ടാക്കുന്നതെന്നാണ് ചാക്കോയുടെ അനുകൂലികൾ പറയുന്നത്.
ഓഡിയോ ക്ലിപ്പ്!
അതേസമയം, മന്ത്രി ശശീന്ദ്രന്റെ പേഴ്സണൽ സ്റ്റാഫ് അംഗമായ ബിജു ആബേൽ ജേക്കബിനെതിരേ ഉയർന്നിരിക്കുന്ന ആരോപണം ശക്തമായി ഉന്നയിക്കാനാണ് ശശീന്ദ്രൻ വിഭാഗം നേതാക്കളുടെ നീക്കം.
പി.സി ചാക്കോയുടെ പ്രേരണയിലാണ് ബിജു ആബേൽ ജേക്കബ് ശശീന്ദ്രന്റെ പേഴ്സണൽ സ്റ്റാഫ് അംഗമായത്. എറണാകുളത്തുള്ള പാർട്ടി പ്രവർത്തകനായ ബേബിയെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ ക്ലിപ്പാണ് പുറത്തായത്.
പൊതുജനങ്ങളോടു മാന്യമായി മാത്രമേ മന്ത്രിമാരുടെ സ്റ്റാഫംഗങ്ങൾ പെരുമാറാവൂയെന്നു സർക്കാർ നിർദേശമുള്ളപ്പോൾ ബിജു ആബേൽ ജേക്കബ് അത് ലംഘിച്ചിരിക്കുകയാണെന്നു ശശീന്ദ്രൻ വിഭാഗം ആരോപിക്കുന്നു. ഇത് ചൂണ്ടിക്കാട്ടി ഇവർ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.