തിരുവനന്തപുരം: എൻസിപി(ശരദ്ചന്ദ്ര പവാർ) സംസ്ഥാന അധ്യക്ഷസ്ഥാനം പി.സി. ചാക്കോ രാജി വച്ചതിനു പിന്നാലെ ചാക്കോയെ തള്ളിപ്പറഞ്ഞും വിമർശിച്ചും തോമസ് കെ. തോമസ് എംഎൽഎ. ചാക്കോ പലപ്പോഴും തീരുമാനങ്ങൾ എടുത്തത് ഒറ്റയ്ക്കായിരുന്നുവെന്നും അദ്ദേഹത്തിന്റെ രാജിയുടെ കാരണം അറിയില്ലെന്നും തോമസ് കെ. തോമസ് പറഞ്ഞു.
കൂടെ നിന്നവർ പറയുന്നത് അതേപടി വിശ്വസിക്കുന്ന സ്വഭാവമാണ് ചാക്കോയ്ക്ക്. അദ്ദേഹം പാർട്ടി യോഗങ്ങളിൽ ഒഴിവാക്കേണ്ട പല പരാമർശങ്ങളും നടത്തിയെന്നും തോമസ് കെ. തോമസ് കുറ്റപ്പെടുത്തി. പി.സി. ചാക്കോ പാർട്ടി വിടില്ലെന്നു പറഞ്ഞ തോമസ്, പാർട്ടിയിൽ പിളർപ്പുണ്ടാകില്ലെന്നും ഇടതുമുന്നണിയിൽ ഉറച്ചുനിൽക്കുമെന്നും വ്യക്തമാക്കി.
എ.കെ. ശശീന്ദ്രൻ എടുത്തുചാട്ടമില്ലാത്ത മികച്ച നേതാവാണ്. പാർട്ടി ആവശ്യപ്പെട്ടാൽ പി.സി. ചാക്കോ രാജിവച്ച ഒഴിവിൽ എൻസിപിയുടെ സംസ്ഥാന പ്രസിഡന്റ് സ്ഥാനം പാർട്ടി ഏറ്റെടുക്കാൻ തയാറാണ്. പാർട്ടിയെ ഒറ്റക്കെട്ടായി കൊണ്ടുപോകലാണ് പ്രധാനം. പാർട്ടിയിൽ താൻ സംസ്ഥാന പ്രസിഡന്റാകണമെന്ന് ആവശ്യം ഉയരുന്നുണ്ടെന്നും തോമസ് അവകാശപ്പെട്ടു.
വിഭാഗിയതയെത്തുടർന്ന് ഇന്നലെയാണ് പി.സി. ചാക്കോ സംസ്ഥാന അധ്യക്ഷസ്ഥാനം രാജിവച്ചത്. എ.കെ. ശശീന്ദ്രനു പകരം തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്ന ശക്തമായ നിലപാട് സ്വീകരിച്ച നേതാവാണ് ചാക്കോ. കോൺഗ്രസിൽനിന്നു രാജി വച്ചാണു ചാക്കോ എൻസിപിയിൽ എത്തിയത്. എൻസിപി സംസ്ഥാന അധ്യക്ഷസ്ഥാനം രാജിവച്ചെങ്കിലും ദേശീയ വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്ത് തുടരുകയാണ് അദ്ദേഹം.
ചാക്കോ രാജിവച്ചതിനു പിന്നാലെ തോമസ് കെ. തോമസിനെ എന്‍സിപി സംസ്ഥാന അധ്യക്ഷനാക്കണമെന്ന് അഭ്യര്‍ഥിച്ച് മന്ത്രി എ.കെ. ശശീന്ദ്രൻ ദേശീയ നേതൃത്വത്തിന് ഇമെയിൽ സന്ദേശം അയച്ചിരുന്നു. പുതിയ അധ്യക്ഷൻ വരും വരെ സീനിയർ വൈസ് പ്രസിഡന്റ് പി.കെ. രാജൻ മാസ്റ്റർക്ക് ചുമതല നൽകണമെന്നും എൻസിപിയിൽ ആവശ്യമുയർന്നിരുന്നു.