തിരുവനന്തപുരം: എൻസിപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്നും രാജിവച്ച പി.സി. ചാക്കോ, പുതിയ സംസ്ഥാന പ്രസിഡന്റായി എ.കെ. ശശീന്ദ്രൻ വിഭാഗം നിർദേശിക്കുന്ന തോമസ് കെ. തോമസ് എംഎൽഎ വരുന്നതിനു തടയിടാൻ നീക്കം തുടങ്ങി. നിലവിലെ വൈസ് പ്രസിഡന്റ് പി.എം. സുരേഷ്ബാബുവിനെ സംസ്ഥാന പ്രസിഡന്റാക്കി തോമസ് കെ. തോമസ് സ്ഥാനത്ത് വരുന്നത് ചെറുക്കാനാണ് ചാക്കോയുടെ നീക്കമെന്നാണ് ലഭിക്കുന്ന സൂചന.
എൻസിപിയിലെ മന്ത്രി എ.കെ. ശശീന്ദ്രനെ മാറ്റി പകരം തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്നായിരുന്നു ചാക്കോയുടെ നേരത്തത്തെ നിലപാട്. അന്നു തോമസ് കെ. തോമസ് ചാക്കോയ്ക്ക് ഒപ്പമായിരുന്നു.എൻസിപി യോഗത്തിൽ സംസാരിക്കവേ തനിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ നെഞ്ചിൽ നോക്കി സംസാരിക്കാൻ മടിയില്ലെന്ന് ചാക്കോ അഭിപ്രായപ്പെട്ടിരുന്നു.
യോഗത്തിലെ ശബ്ദരേഖ പുറത്ത് വന്നതിനെ തുടർന്ന് മുഖ്യമന്ത്രിയും സിപിഎമ്മും ചാക്കോയ്ക്കെതിരെ കർശന നിലപാട് സ്വീകരിച്ചു. ഭരണത്തലവനായ മുഖ്യമന്ത്രിയെ ചെറിയൊരു ഘടകകക്ഷി നേതാവ് വെല്ലുവിളിച്ചത് സിപിഎമ്മിലെ നേതാക്കളിൽ കടുത്ത അതൃപ്തിയ്ക്ക് ഇടയാക്കിയിരുന്നു.
പി.സി. ചാക്കോയുടെ തെറ്റായ നിലപാടുകളുമായാണ് എൻസിപി മുന്നോട്ട് പോകുന്നതെങ്കിൽ എൽഡിഎഫിൽ എൻസിപി തുടരണമോ വേണ്ടയോ എന്ന കാര്യത്തിൽ പുനഃപരിശോധിക്കേണ്ടി വരുമെന്ന് സിപിഎം നേതൃത്വം എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറിനെ ധരിപ്പിച്ചിരുന്നു. ശരത് പവാറിന്റെ നിർദേശത്തെ തുടർന്നാണ് ചാക്കോ പ്രസിഡന്റ് സ്ഥാനത്ത് നിന്നു രാജിവച്ചത്. പാർട്ടിയിലെ പിളർപ്പ് ഒഴിവാക്കാനാണ് തന്റെ രാജിയെന്നായിരുന്നു ചാക്കോയുടെ അഭിപ്രായം.
എ.കെ.ശശീന്ദ്രനെ മന്ത്രിസ്ഥാനത്ത് നിന്നും മാറ്റി പകരം തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്ന ചാക്കോയുടെ നിർദേശം മുഖ്യമന്ത്രി തള്ളിയതിനെ തുടർന്നാണ് ചാക്കോ മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി നേരത്തെ രംഗത്ത് വന്നത്. ചാക്കോയുടെ നിലപാടിനെതിരേ എ.കെ.ശശീന്ദ്രൻ വിഭാഗം രംഗത്ത് വന്നിരുന്നു.
നേരത്തെ ചാക്കോയ്ക്ക് ഒപ്പം നിലയുറപ്പിച്ചിരുന്ന തോമസ് കെ.തോമസ് ഇപ്പോൾ ശശീന്ദ്രനുമായി അടുത്തതാണ് ചാക്കോയെ ചൊടിപ്പിച്ചിരിക്കുന്നത്. എൻസിപി സംസ്ഥാന പ്രസിഡന്റായി തോമസ് കെ. തോമസ് വരുന്നതിൽ യോജിപ്പാണെന്നാണ് ശശീന്ദ്രൻ ശരദ് പവാറിനെ അറിയിച്ചിരിക്കുന്നത്. അങ്ങനെ സംഭവിച്ചാൽ പാർട്ടിയിൽ തനിക്കുള്ള സ്വാധീനം നഷ്ടപ്പെടുമെന്ന ആശങ്ക ചാക്കോയ്ക്കും ഉണ്ട്.
അതിന് തടയിടാനാണ് നിലവിലെ വൈസ് പ്രസിഡന്റായ പി.എം. സുരേഷ്ബാബുവിനെ പ്രസിഡന്റാക്കാനുള്ള നീക്കങ്ങളുമായി ചാക്കോ മുന്നോട്ട് പോകുന്നതെന്നാണ് ലഭിക്കുന്ന സൂചന.അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ എ.കെ.ശശീന്ദ്രൻ മത്സരിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആ സീറ്റിൽ ചാക്കോയ്ക്ക് നോട്ടമുണ്ട്. നിലവിലെ സാഹചര്യത്തിൽ സിപിഎമ്മിന് ചാക്കോയോട് വലിയ താൽപര്യമില്ലാത്ത അവസ്ഥയാണ്.
ചാക്കോയെ സ്ഥാനാർഥിയാക്കുന്ന കാര്യത്തിൽ യഥാസമയത്ത് സിപിഎം നിലപാട് വ്യക്തമാക്കും. നിലവിൽ എൻസിപിയിലെ ഭുരിഭാഗം പേരും ശശീന്ദ്രൻ അനുകൂലികളാണ്.ദേശീയ അധ്യക്ഷൻ ശരദ് പവാറുമായുള്ള അടുപ്പം ഉപയോഗിച്ച് സംസ്ഥാനത്ത് എന്തെല്ലാം കാര്യങ്ങൾ ചാക്കോ ചെയ്യുമെന്ന് ശശീന്ദ്രൻ വിഭാഗം ഉറ്റ് നോക്കുകയാണ്.
കേരളത്തിൽ പാർട്ടിക്ക് ദോഷം ഉണ്ടാക്കുന്ന നിലപാട് ശരദ് പവാർ എടുക്കില്ലെന്ന് ശശീന്ദ്രൻ വിഭാഗം പ്രതീക്ഷിക്കുന്നു. തന്റെ നിലപാടുകളെയും അഭിപ്രായങ്ങളെയും ദേശീയ അധ്യക്ഷൻ ശരദ് പവാർ തള്ളിക്കളയില്ലെന്ന പ്രതീക്ഷയിലാണ് ചാക്കോ.
- എം.സുരേഷ്ബാബു