തൃശൂര്‍: രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയായ റഫാല്‍ അഴിമതി സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം പി.സി. ചാക്കോ. തൃശൂര്‍ സ്പീഡ് പോസ്റ്റ് ഓഫീസിലേക്കു കോണ്‍ഗ്രസ് നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയെ സംരക്ഷിക്കാനല്ല മോദിയുടെ ശ്രമം. റഫാല്‍ അഴിമതിയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി രാജിവയ്ക്കണം. സഭയില്‍ ഒരു ലോക്പാല്‍ ബില്‍ പാസാക്കിയിട്ടു നാലര വര്‍ഷം പിന്നിട്ടെന്നും വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്കലിനെ ഒഴിവാക്കിയാണ് കരാര്‍ അനില്‍ അംബാനിക്കു നല്‍കിയതെന്നും പി.സി. ചാക്കോ പറഞ്ഞു.
പെട്രോള്‍ വിലവര്‍ധനയില്‍ അഴിമതിയുണ്ടെന്നും പി.സി. ചാക്കോ ആരോപിച്ചു. ബ്രൂവറി – ഡിസ്റ്റിലറി വിഷയത്തില്‍ സര്‍ക്കാര്‍ പിടിക്കപ്പെട്ടപ്പോള്‍ പിന്മാറിയതാണെന്നും ശബരിമലയിലെ വിശ്വാസങ്ങളില്‍ കൈകടത്താന്‍ ആരെയും അനുവദിക്കില്ലെന്നും പി.സി. ചാക്കോ കൂട്ടിച്ചേര്‍ത്തു.
തെക്കേഗോപുരനടയില്നിന്നും ആരംഭിച്ച മാര്‍ച്ചിനു ഡിസിസി പ്രസിഡന്റ് ടി.എന്‍. പ്രതാപന് നേതൃത്വം നല്കി. തേറമ്പില്‍ രാമകൃഷ്ണന്, വി.ബാലറാം, ഒ.അബ്ദുറഹ്മാന്‍കുട്ടി, പദ്മജ വേണുഗോപാല്‍, പി.എ. മാധവന്, ഐ.പി. പോള്‍, ജോസഫ് ചാലിശേരി, ടി.വി. ചന്ദ്രമോഹന്, എം.പി. വിന്‍സന്റ്, അനില്‍ അക്കര എംഎല്‍എ, രാജേന്ദ്രന് അരങ്ങത്ത് തുടങ്ങിയവര്‍ സംസാരിച്ചു.