ജനപക്ഷത്തിന്റെ പ്രസക്തി എന്താണ്?
ഇത്തവണത്തെ ത്രിതല പഞ്ചായത്ത് മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ജനപക്ഷം മുന്നോട്ടു വയ്ക്കുന്നത് അഴിമതിക്കെതിരെയുള്ള പോരാട്ടമാണ്.
പൊതു പ്രവർത്തകരുടെ മാന്യതയയും സത്യസന്ധതയും സംരക്ഷിക്കപ്പെടണം. മാന്യതയും സത്യസന്ധതയും പുലർത്തുന്ന ആളുകൾ ജനപ്രതിനിധികളായാൽ രാഷ്ട്രീയ രംഗവും പൊതുപ്രവർത്തന രംഗവും ശുദ്ധമാകും.
സത്യസന്ധതയും മാന്യതയും പുലർത്തുന്ന സ്ഥാനാർഥികളെ സ്ഥാനാർഥികളാക്കാനാണ് ജനപക്ഷം ശ്രമിച്ചത്.
ശന്പളം വെട്ടിക്കുറയ്ക്കണമെന്ന് ഇടയ്ക്കിടെ പറയുന്നുണ്ടല്ലോ?
കേരള രൂപീകരണത്തിനു ശേഷം മാറി മാറി വന്ന സർക്കാരുകൾ സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശന്പള വർധനവിനു വേണ്ടിയാണ് സമയം ചെലവഴിച്ചത്. കടമെടുത്തു കടമെടുത്തു കേരളത്തിലെ ജനങ്ങളെ വരെ പണയം വച്ചിരിക്കുന്നു.
കേരളത്തിൽ ജനിച്ചു വീഴുന്ന ഓരോ കുഞ്ഞും 77,000 രൂപ കടക്കാരനാണ്. 32,000 കോടി രൂപയുടെ കടക്കെണിയിലാണ് കേരളം. വികസന പ്രവർത്തനങ്ങൾക്കു പണമില്ല.
അഞ്ചു ലക്ഷത്തിനു മുകളിൽ വരുന്ന സർക്കാർ ഉദ്യോഗസ്ഥരെ പ്രീണിപ്പിക്കുന്ന നയമാണ് സർക്കാരുകൾ സ്വീകരിക്കുന്നത്. റവന്യു വരുമാനത്തിന്റെ 70 ശതമാനവും ശന്പളത്തിനും പെൻഷനുമായാണ് ചെലവഴിക്കുന്നത്.
25,000 രൂപയിൽ കൂടുതൽ ആർക്കും പെൻഷൻ നൽകരുത്. കർഷകർക്കും സാധാരണക്കാർക്കും ഇവിടെ ഒന്നും ലഭിക്കുന്നില്ല. പാവപ്പെട്ട കർഷകനു പെൻഷൻ നൽകണം. എംപിമാരുടെയും എംഎൽഎമാരുടെയും മന്ത്രിമാരുടെയും ഒക്കെ ശന്പളം വെട്ടിക്കുറയ്ക്കണം.
മൂന്നു മുന്നണികളുടെ അവസ്ഥ എന്താണ് ?
യുഡിഎഫും എൽഡിഎഫും ഇത്തവണ തെരഞ്ഞെടുപ്പിൽ വലിയ പ്രതിസന്ധിയും വെല്ലുവിളിയുമാണ് നേരിടുന്നത്. സ്വർണക്കടത്തും ലൈഫും മുഖ്യമന്ത്രിയുടെ ഓഫീസ് സംബന്ധിച്ച ആരോപണവും ഭരണമുന്നണിക്കു കനത്ത വെല്ലുവിളിയാണ് ഉണ്ടാക്കിയിരിക്കുന്നത്.
യുഡിഎഫിനു സ്വന്തം പാർട്ടിയിലെ ഗ്രൂപ്പുകളിയും അഴിമതി കേസുകളുമാണ് വെല്ലുവിളി. ബിജെപി ഉണ്ടെങ്കിലും അവിടെയും മുന്‍പ് ഇല്ലാത്ത വിധം ഗ്രൂപ്പിസവും ചക്കുളത്തി പോരാട്ടവുമാണ്. ബിജെപിക്കു വലിയ നേട്ടമൊന്നുമുണ്ടാകുമെന്നു തോന്നുന്നില്ല.
ജനപക്ഷത്തിന്റെ ജയസാധ്യത?
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കേരള കോണ്‍ഗ്രസ് സെക്കുലർ പാർട്ടി ഇടതു മുന്നണിയോടൊപ്പമാണ് മത്സരിച്ചത്. ഒരു ജില്ലാ പഞ്ചായത്തംഗവും 36 പഞ്ചായത്തംഗങ്ങളെയും ലഭിച്ചു.
ഇത്തവണ 14 ജില്ലകളിലും പ്രാതിനിധ്യ സ്വഭാവത്തിൽ മത്സരിക്കുന്നുണ്ട്. 169 സീറ്റുകളിൽ മത്സരിക്കുന്നുണ്ട്. കോട്ടയം ജില്ലയിൽ നാല് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും മത്സരിക്കുന്നുണ്ട്.
സ്ഥാനാർഥികളില്ലാത്ത ബാക്കിയുള്ള സ്ഥലങ്ങളിൽ അർഹതയില്ലാത്തവരെ തോൽപിക്കാനും അർഹതയുള്ളവരെ വിജിയിപ്പിക്കാനും ജനപക്ഷത്തിനു കഴിയും. ഒന്നിൽ കൂടുതൽ ജില്ലാ പഞ്ചായത്ത് മെംബർമാർ ഉൾപ്പെടെ 100നു മുകളിൽ അംഗങ്ങളുണ്ടാകും.
മുന്നണി പ്രവേശനം നടക്കാതെ പോയല്ലോ?
മുന്നണി പ്രവേശനം നടക്കാതെ പോയതു ജനപക്ഷത്തിനു ഒരിക്കലും തിരിച്ചടിയല്ല. ഒരു മുന്നണിയുടെയും ഭാഗമല്ലാതെ നിൽക്കാനുള്ള തന്റേടം എനിക്കും ജനപക്ഷത്തിനുമുണ്ട്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ ഇടത് വലത് ബിജെപി മുന്നണികളും സകല സംഘടനകളും എതിർത്തിട്ടും 28,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.നിലവിൽ ഒരു മുന്നണിയുടെയും ഭാഗമല്ലാതെ മുന്നോട്ടു പോകും. ബാക്കി കാര്യം പിന്നീട്.
ജോസിനെകൊണ്ട് സിപിഎമ്മിനു ലാഭം?
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം തെരഞ്ഞെടുപ്പു കഴിയുന്നതോടെ നിഷപ്രഭമാകും. ചിഹ്നവും പാർട്ടിയുമില്ലാത്ത അവരുടെ ജനപ്രതിനിധികൾ സ്വതന്ത്രൻമാരാണ്.
ചിഹ്നവും പാർട്ടിയുമില്ലാത്തതു ജോസഫിനു വലിയ നഷ്ടമുണ്ടാക്കും. ജോസ് വിഭാഗത്തെ കൂടെ കൂട്ടിയതുകൊണ്ട് സിപിഎമ്മിനു ലാഭമാണ്. കുറേ പഞ്ചായത്തുകൾ ഭരിക്കാം.
ജോസ് വിഭാഗം കുറേ സീറ്റുകൾ നേടുമെങ്കിലും പലയിടങ്ങളിലും അവർക്കുണ്ടായിരുന്ന സ്വാധീനം ഇല്ലാതാകുമെന്നാണ് തോന്നുന്നത്.
മകന്റെ രാഷ്ട്രീയ പ്രവേശനം?
മകൻ ഷോണ്‍ ജോർജ് (ചാക്കോച്ചൻ) യുവജനജനപക്ഷം നേതാവാണ്. മകൻ എന്ന നിലയിലല്ല സ്ഥാനാർഥിത്വം. കഴിഞ്ഞ കുറേ നാളായി പൂഞ്ഞാറിലും കോട്ടയം ജില്ലയിലും നിരവധി പ്രക്ഷോഭ പരിപാടികളിലും സമരങ്ങളിലും ഷോണുണ്ട്.
പൂഞ്ഞാർ ഓണ്‍ലൈൻ കാർഷിക വിപണി, തൊഴിൽ വീഥി തുടങ്ങിയവയുടെ അഡ്മിൻ എന്ന നിലയിൽ കർഷകരുടെയും യുവജനങ്ങളുടെയും ഇടയിൽ നല്ല പ്രവർത്തനമാണ് കാഴ്ച വയ്ക്കുന്നത്.
മീനച്ചിൽ ഈസ്റ്റ് അർബൻ ബാങ്കിന്റെ വൈസ് ചെയർമാൻ എന്ന നിലയിൽ സഹകരണ രംഗത്തും നല്ല പാരന്പര്യമുണ്ട്. അതിനാൽ ഇത്തവണ ഷോണ്‍ മത്സരിക്കണമെന്ന് പാർട്ടി ഒന്നടങ്കം ആവശ്യപ്പെട്ടു.
എന്നാൽ, മുന്നണിയുടെ ഭാഗമായി സീറ്റ് ലഭിച്ചാൽ മത്സരിക്കില്ലെന്നും ഒറ്റയ്ക്കു നിന്നാൽ മത്സരിക്കാമെന്നും ഷോണ്‍ അറിയിച്ചു. അങ്ങനെയാണ് സ്ഥാനാർഥിയായത്.
വീണ്ടും മത്സരിക്കുമോ?
അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലും പൂഞ്ഞാറിൽനിന്നു തന്നെ വീണ്ടും ജനവിധി നേടും. പൂഞ്ഞാറിലെ ജനങ്ങളോടു ഞാൻ നന്ദികേടു കാട്ടിയിട്ടില്ല. അവർ തിരിച്ചും. മറ്റൊരു മണ്ഡലത്തിലേക്കും മാറാൻ ഉദ്ദേശിക്കുന്നില്ല.
റിപ്പോർട്ട്- ജിബിൻ കുര്യൻ