കോട്ടയം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ജനപക്ഷം സ്ഥാനാർഥി പി.സി. ജോർജും ഒരു വിഭാഗം ആളുകളും തമ്മിലുണ്ടായ വാക്കേറ്റത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ.
പൂഞ്ഞാറിലെ ജനപക്ഷം സ്ഥാനാർഥിയും എംഎൽഎയുമായി പി.സി. ജോർജിന് ഇന്നലെ തീക്കോയി പഞ്ചായത്തിലായിരുന്നു പ്രചാരണം. പഞ്ചായത്തിൽ ഉൾപ്പെട്ട തേവരുപാറയിൽ എത്തിയപ്പോഴാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
പ്രചാരത്തിനിടയിൽ വോട്ട് അഭ്യർഥിച്ചു പ്രസംഗിക്കുന്പോൾ ഒരു സംഘം പി.സി.യെ കൂവിവിളിക്കുകയായിരുന്നു.ആദ്യം കൂവൽ കാര്യമാക്കാതെ അഭ്യർഥന തുടർന്ന സ്ഥാനാർഥി കൂവൽ കനത്തതോടെ ശരിക്കും പൂഞ്ഞാർ ആശാനായി മാറി.
ഒട്ടും വിട്ടുകൊടുക്കാതെ തനതു ശൈലിയിൽ ജോർജ് മൈക്കിലൂടെ പ്രസംഗം തുടർന്നതോടെ കണ്ടു നിന്നവരും അന്തംവിട്ടു. എന്റെ ചിഹ്നം തൊപ്പിയാണെന്നും വോട്ടു ചെയ്യണമെന്നും ആദ്യം അഭ്യർഥന നടത്തിയ ജോർജ് കൂവൽ പരിധിവിട്ടതോടെ നിനക്കൊക്കെ സൗകര്യമുണ്ടെങ്കിൽ വോട്ടു തന്നാൽ മതി, വോട്ടു ചോദിക്കാൻ വരുന്നവരോടു മര്യാദയ്ക്കു പെരുമാറാൻ പഠിക്കടാ, നിന്റെയൊന്നും വോട്ടില്ലെങ്കിലും ജനം എന്നെ ജയിപ്പിക്കുമെന്നു പറഞ്ഞു കത്തിക്കയറി.
അവസാന ഘട്ടത്തിൽ കൂവലുകാർക്കെതിരേ ചില ഗ്രാമീണപ്രയോഗങ്ങളും നടത്തിയാണ് പ്രസംഗം അവസാനിപ്പിച്ചത്. പി.സി. ജോർജിനെ രൂക്ഷമായി വിമർശിക്കുകയും എതിർക്കുകയും ചെയ്യുന്ന എസ്ഡിപിഐയുടെ ശക്തികേന്ദ്രമാണ് ജോർജിനു പ്രതിഷേധം നേരിടേണ്ടി വന്ന പ്രദേശം.
സംഭവത്തിന്റെ വീഡിയോ നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിൽ വൈറലായി. സ്ഥാനാർഥി വോട്ട് അഭ്യർഥിക്കുന്പോൾ ചെയ്യാതിരിക്കാൻ അവകാശമുണ്ട്. എന്നാൽ, സ്ഥാനാർഥിയെ വോട്ടു ചോദിക്കാൻ അനുവദിക്കാതിരിക്കുന്നതു ഉചിതമല്ലെന്നു പലരും കമന്റുകളിൽ പ്രതികരിച്ചു.
അതേസമയം, ജോർജിന്റെ ശൈലിയെയും ചിലർ വിമർശിക്കുന്നു.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജനപക്ഷം സ്ഥാനാർഥിയായി മത്സരിച്ച് യുഡിഎഫ്, എൽഡിഎഫ് മുന്നണികളെ തോൽപ്പിച്ചു മികച്ച ഭൂരിപക്ഷത്തിലാണ് പി.സി. ജോർജ് വിജയിച്ചത്. ഇത്തവണയും ജോർജിനെ കൂടാതെ യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ സ്ഥാനാർഥികൾ സജീവമായി രംഗത്തുണ്ട്.