കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് കൂടുതല്‍ തര്‍ക്കങ്ങളിലേയ്ക്ക് കടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ, നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ എ.ഡി.ജി.പി. ബി സന്ധ്യയ്ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രിക്ക് പി.സി. ജോര്‍ജ് എംഎല്‍എ യുടെ കത്ത്. അമേരിക്കയില്‍ നിന്നാണ് അദ്ദേഹം ഈ കത്ത് എഴുതിയിരിക്കുന്നത്.
പി.സി ജോര്‍ജ് എഴുതിയ കത്ത് വായിക്കാം
ബഹു. മുഖ്യമന്ത്രി
കേരളത്തില്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്ന ഏക കാര്യം ഒരു സിനിമാനടി കൊച്ചിയില്‍ വച്ച് ആക്രമിക്കപ്പെട്ടതും അതിന്റെ തുടര്‍ച്ചയായിട്ടുണ്ടായ സംഭവ വികാസങ്ങളുമാണ്. ഇത്തരം ചര്‍ച്ചകളില്‍ ഏറ്റവുമധികം ആരെങ്കിലും ഒരാള്‍ സന്തോഷിക്കുന്നുണ്ടെങ്കില്‍ അത് അങ്ങാണെന്ന നല്ല ബോധ്യവും എനിക്കുണ്ട്. കാരണം ഭരണവുമായി ബന്ധപ്പെട്ട ഒരു കാര്യങ്ങളിലേക്കും ജനങ്ങളുടെ ശ്രദ്ധ ഇത്തരം ചര്‍ച്ചകളെ തുടര്‍ന്ന് ഉണ്ടാകാത്തതുകൊണ്ട് അങ്ങ് ആസ്വദിക്കുന്ന ആനന്ദം ഒരു ജനപ്രതിനിധിയെന്ന നിലയില്‍ എനിക്ക് മനസിലാകുമെന്ന് അങ്ങേക്കറിയാമല്ലോ.
അങ്ങയുടെ അത്തരം ആനന്ദത്തിനിടയിലാണ് എനിക്കുള്ള സംശയങ്ങള്‍ അങ്ങയുടെ മുന്നില്‍ ഞാന്‍ ഉന്നയിക്കുന്നത്. പുട്ടിനു പീരയെന്ന നിലയില്‍ ഈ സംശയവും അങ്ങേക്ക് ആനന്ദദായകമാകും, സംശയമൊന്നുമില്ല.
സഖാവെ
കാര്യം നമ്പര്‍ 1.
കൊച്ചിയില്‍ ഒരു സിനിമാനടി ആക്രമിക്കപ്പെട്ട സംഭവത്തിലെ പ്രതിയായ പള്‍സര്‍ സുനി എന്ന ക്രിമിനലിനെ കുറ്റകൃത്യവുമായി ബന്ധപ്പെട്ട് കേരളാ പൊലീസ് നാളിതുവരെ നടത്തിയ ഓപ്പറേഷനുകളില്‍ വച്ച് ഏറ്റവും സാഹസികമായ ഓപ്പറേഷനിലൂടെയാണ് കോടതി മുറിക്കുള്ളില്‍ നിന്നും പിടികൂടിയത്. ലോക പൊലീസിനു തന്നെ മാതൃകയായി മാറിയ പ്രശംസനീയ ആക്ഷനായിരുന്നു അത്. നമ്മുടെ പൊലീസ് നിര്‍മിച്ച എസ് കത്തിക്കൊപ്പം ആ ആക്ഷനും ചരിത്രത്തില്‍ കയറുകയും ചെയ്തു. അതിനുശേഷം ഈ പള്‍സര്‍ സുനി കാക്കനാട് ജയിലില്‍ വച്ച് മറ്റൊരു തടവുകാരനെക്കൊണ്ട് ഒരു കത്തെഴുതിച്ചു. ആ കത്തില്‍ നിയമ വിരുദ്ധമായി ജയില്‍ മുദ്ര പരിപ്പിച്ച പുറത്തേക്കു വിട്ട ജയില്‍ സൂപ്രണ്ടിന്റെ നടപടിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഞാന്‍ ഒരു പരാതി അങ്ങേക്ക് നല്‍കിയിരുന്നു.
കാര്യം നമ്പര്‍ 2
കേരളാ പൊലീസിലെ സീനിയര്‍ ഐ പി എസ് ഓഫീസര്‍ സന്ധ്യയെ കുറിച്ച് വളരെ ഗൗരവകരമായ മൂന്നു സംഭവങ്ങളിലുള്ള അവരുടെ ഇടപെടലുകളെക്കുറിച്ചുള്ള സൂചനകളടങ്ങിയ ഒരു പരാതി നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസം സഭയ്ക്കുള്ളില്‍ വച്ച് ഞാന്‍ അങ്ങേക്കു നല്‍കി. ഒരു പ്രത്യേക സംഘത്തെക്കൊണ്ട് സന്ധ്യക്കെതിരായ എന്റെ പരാതി അന്വേഷിപ്പിക്കണമെന്നാണ് ഞാന്‍ അങ്ങയോട് ആ പരാതിയില്‍ ആവശ്യപ്പെട്ടത്
എന്റെ ഈ രണ്ടു പരാതികള്‍ക്കും വളരെ പ്രാധാന്യമുണ്ട്. കോടികളുടെ അവിഹിതമായ കൈ മാറ്റത്തിലും , കേരളത്തിലെ നാലു ജില്ലകളില്‍ ക്രിമിനലുകളെ ഉപയോഗിച്ചുള്ള ഭൂമി പിടിച്ചെടുക്കലുകളിലും വേണ്ടപ്പെട്ടവര്‍ക്കുവേണ്ടി അവിഹിത സഹായങ്ങള്‍ ചെയ്യുവാനും നിയമം നടപ്പാക്കാനുള്ള പദവിയും അധികാരവും ദുര്‍വിനിമയോഗം ചെയ്തുവെന്ന് എനിക്ക് ഉത്തമ ബോധ്യമുള്ള ഒരു മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍ക്കും ജയില്‍ വകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥനുമെതിരെയാണ് സംസ്ഥാനത്തെ പരമോന്നത നിയമ നിര്‍മ്മാണ സഭയിലെ അംഗം എന്ന നിലയിലുള്ള ചുമതലാബോധത്തോടെ ഞാന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായ അങ്ങേക്ക് പരാതി നല്‍കിയത്.
ഈ രണ്ടു പരാതികളിലും എനിക്കൊരു മറുപടി പോലും അങ്ങോ അങ്ങയുടെ ഓഫീസോ നാളിതുവരെ നല്‍കിയിട്ടില്ല. ഇത്തരമൊരു സമീപനം ഒരു എം എല്‍ എ നല്‍കുന്ന പരാതികളില്‍ ഇതിനു മുന്‍പ് കേട്ടു കേള്‍വിയില്ലാത്തതാണ്.
അങ്ങ് ഒരു പക്ഷേ ഈ പരാതികള്‍ അന്വേഷിക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കാം. ഇതു കുറിച്ചപ്പോഴാണ് ഒരു കാര്യം ചൂണ്ടിക്കാണിക്കേണ്ടത് അനിവാര്യമാകുന്നത്. സിനിമ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ ഈ കേസുമായി ബന്ധിപ്പിച്ച് കള്ളക്കേസുണ്ടാക്കി തന്റെ മകന്‍ സിനിമാനടന്‍ ദിലീപിനെ കുടുക്കാന്‍ ശ്രമിക്കുന്നതായി ദിലീപിന്റെ അമ്മ അങ്ങേക്ക് പരാതി നല്‍കിയത് അങ്ങ് ഓര്‍ക്കുന്നുണ്ടല്ലോ? ആ പരാതി അങ്ങ് ഐജി ക്ക് കൈമാറി, അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥയെതന്നെ അതായത് ആരാണോ ദിലീപിനെ കുടുക്കാന്‍ നോക്കുന്നത് അവരെതന്നെ ആ പരാതിയുടെ അന്വേഷണ ചുമതല ഏല്‍പ്പിക്കുകയാണ് ഡിജിപി ബെഹ്‌റ ചെയ്തത്. എങ്ങനുണ്ട്?
അതുപോലെ ഞാന്‍ നല്‍കിയ പരാതിയും അങ്ങ് അന്വേഷണത്തിനു കൈമാറിയോ? സന്ധ്യ ഐ പിഎസ്‌നെക്കുറിച്ചുള്ള പരാതി അന്വേഷിക്കാന്‍ ഡിജിപി ബെഹ്‌റ സന്ധ്യയെയും ജയില്‍ സൂപ്രണ്ടിനെതിരായ പരാതി അന്വേഷിക്കാന്‍ ജയില്‍ ഡിജിപി പരാതിയില്‍ ഞാന്‍ പ്രതി സ്ഥാനത്ത് പറഞ്ഞ അതേ ജയില്‍ സൂപ്രണ്ടിനെയും ഏല്‍പ്പിച്ചുവോ എന്ന കാര്യം അങ്ങ് ഗൗരവമായി പരിശോധിക്കണം
കാരണം പൊലീസിനെ അന്ധമായി വിശ്വസിച്ച കെ കരുണാകരന്റെ പതനം പൊലീസിന്റെ സഹായം കൊണ്ടു തന്നെയായിരുന്നു. അന്നത്തെ പല പൊലീസ് പ്രമാണിമാരും അക്കാര്യത്തില്‍ കരുണാകരനെ സഹായിച്ച് അദ്ദേഹത്തിന്റെ സല്‍പ്പേരും, രാഷ്ട്രീയ ജീവിതവും പാളേല്‍ കിടത്തുന്നതില്‍ നല്‍കിയ സമഗ്ര സംഭാവനകള്‍ ചെറുതൊന്നുമല്ല.
ആയതിനാല്‍ സഖാവെ
എഡിജിപി സന്ധ്യക്കെതിരായ പരാതി വളരെ ഗൗരവകരമാണ്. ഒരു സ്ത്രീ ഓഫീസര്‍ ഈ വിധമൊക്കെ ആയിത്തീരും എന്നത് ഞെട്ടിപ്പിക്കുന്നതാണ്.
വ്യാജ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു സിനിമാനടി നല്‍കിയ പരാതിയില്‍ എനിക്കെതിരെ കേസെടുക്കുന്ന സാഹചര്യം സൃഷ്ടിച്ച അങ്ങ് അതേ നടിയുടെ പേര് വെളിപ്പെടുത്തിയ സിനിമാനടന്‍ കമലഹാസനെ ക്ലിഫ് ഹൗസില്‍ വിളിച്ചുവരുത്തി സല്‍ക്കരിച്ച് ഫാമിലി ഫോട്ടോ എടുത്ത് പ്രചരിപ്പിച്ചതും ദീര്‍ഘനാളായി നിയമസഭാംഗം ആയിരിക്കുന്ന ഞാന്‍ നല്‍കിയ പരാതി അവഗണിക്കുന്നതും പൊതു സമൂഹത്തിനിടയില്‍ മോശമായ അഭിപ്രായം രൂപപ്പെടാന്‍ കാരണമാകുമെന്ന് പറയട്ടെ.
അതുപോലെതന്നെയാണ് ഒരു നടി ആക്രമിക്കപ്പെട്ടപ്പോള്‍ ഉണര്‍ന്നെണീറ്റ അങ്ങ് ഗംഗേശാനന്ദ എന്ന ഒരു സ്വാമി ഭീകരമായ ശാരീരിര ആക്രമണത്തിനു വിധേയനാവുകയും തല്‍ഫലമായി ലിംഗം ഛേദിക്കപ്പെടുകയും ചെയ്ത കേസില്‍ ഉറക്കം നടിക്കുന്നത് നീതിയാണോ? ആക്രമണത്തിനു വിധേയമയായ ആ സിനിമാനടി സംഭവത്തിനു ശേഷം പതറാതെ പരാതിയുമായി രംഗത്ത് വരാന്‍ ധൈര്യം കാണിച്ച് മാതൃകയായി. ഗംഗേശാനന്ദ എന്ന ആ സ്വാമി ഗുരുതരാവസ്ഥയില്‍ നരകയാതന അനുഭവിച്ച് ആശുപത്രിയില്‍ ദിവസങ്ങളോളം കിടന്നു. ആ സ്വാമിക്കു നേരെയുണ്ടായ ആക്രമണം ഒരു പെണ്‍കുട്ടിക്കു നേരെ ഉണ്ടായ ആക്രമണമാണെന്ന് അങ്ങയെ ധരിപ്പിക്കുകയും അങ്ങയെകൊണ്ട് ആ പെണ്‍കുട്ടിക്കനുകൂലമായി പ്രസ്താവനയിറക്കിച്ച് അങ്ങയുടെ മാനം കപ്പലു കയറ്റിയത് നിസ്സാരമാണോ?
ബഹു മുഖ്യമന്ത്രി?
സ്വാമി ഗംഗേശാന്ദയുടെ ലിംഗം ഛേദിക്കപ്പെട്ട സംഭവം ചെമ്പഴന്തിയില്‍ എഡിജിപി സന്ധ്യയും ചില ക്രിമിനലുകളും ചേര്‍ന്ന് നടത്തിയ ഭൂമി കയ്യേറ്റത്തെ സ്വാമി ചെറുത്തതിന്റെ പ്രതികാരമായിരുന്നു എന്ന ആരോപണം ശക്തമാണ്. അത് ഗൗരവതരവുമാണ്. അതിന്റെ ആസൂത്രകയും നടത്തിപ്പുകാരിയുമായ ആള്‍ക്ക് തന്നെ ആ കേസിലും അന്വേഷണ ചുമതല! പ്രമാദമായ ഇത്തരം കേസുകളില്‍ അന്വേഷണ ചുമതല ഏല്‍പ്പിക്കുന്നതൊക്കെ അങ്ങ് അറിഞ്ഞു ചെയ്യുന്നതാണോ ബഹു മുഖ്യമന്ത്രി? അതോ അങ്ങയെ റബ്ബര്‍ സ്റ്റാമ്പാക്കിയിരുത്തി വേറാരേലും ചെയ്യുന്നതാണോ?
ഒന്നു കൂടി ആവര്‍ത്തിക്കട്ടെ. സന്ധ്യ ഐപിഎസിനെതിരായ പരാതി അത്യന്തം ഗൗരവമുള്ളതാണ് … അന്വേഷണത്തില്‍ തെളിവുകള്‍ നല്‍കാന്‍ ഞാന്‍ തയാറുമാണ്.
വിശ്വസ്തതയോടെ
പി സി ജോര്‍ജ് എംഎല്‍എ