സോളാര്‍ കേസില്‍ നീറിപ്പുകയുകയാണ് കോണ്‍ഗ്രസ്സ് രാഷ്ട്രീയം. കഷ്ടകാലം വന്നപ്പോള്‍ കൂട്ടത്തിലുള്ളവര്‍ പോലും കുത്തുവാക്കുകള്‍ കൊണ്ട് നോവിക്കുന്ന അവസ്ഥ. ജനസമ്പര്‍ക്കത്തിലൂടെ ജനമനസില്‍ കയറിക്കൂടാന്‍ ശ്രമിച്ച ഉമ്മന്‍ചാണ്ടിയേയും കൂട്ടാളികളെയും പുറകോട്ട് വലിച്ച് നിലത്തടിച്ച സരിതയാവട്ടെ, ‘ജനപ്രിയയുമായി’. എരിതീയില്‍ എണ്ണയെന്ന പോലെ ഇപ്പോഴിതാ കേരള രാഷ്ട്രീയ ചരിത്രത്തിലെ മറ്റൊരു ആരോപണം ഓര്‍മ്മിപ്പിച്ച് പൂഞ്ഞാര്‍ ആശാന് പി സി ജോര്‍ജ്ജ് എംഎല്‍എ രംഗത്തെത്തിയിരിക്കുന്നു. കോണ്‍ഗ്രസ് നേതാവായിരുന്ന പി.ടി. ചാക്കോയെ സ്ത്രീവിഷയത്തില്‍ തേജോവധം ചെയ്തവര്‍ ഇന്നു സരിതയുടെ വെളിപ്പെടുത്തലോടെ മാളത്തില്‍ ഒളിച്ചിരിക്കുകയാണെന്നാണ് പിസി ജോര്‍ജ് പ്രധാനമായും ആരോപിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പിസി ജോര്‍ജ് എംഎല്‍എ പഴയ സംഭവങ്ങളുടെ കെട്ടഴിച്ചത്.
പി സി ജോര്‍ജ്ജിന്റെ ഫേസ്ബുക്ക് പോസറ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…
63 വര്‍ഷം മുന്‍പ് പി.ടി. ചാക്കോ എന്ന കോണ്‍ഗ്രസ്സ് നേതാവ് തന്നെക്കാള്‍ 12 വയസ്സ് പ്രായം കൂടുതലുള്ള ഒരു വനിതാ കെപിസിസി മെമ്പറോടൊപ്പം കാറില്‍ യാത്ര ചെയ്തു. അതിന്റെ പേരില്‍ അന്നത്തെ കോണ്‍ഗ്രസ്സിന്റെ ഒരു പറ്റം നേതാക്കന്മാരും, അനുയായികളും അദ്ദേഹത്തെ തേജോവധം ചെയ്തു; അവഹേളിച്ചു. ‘പീച്ചി സംഭവമെന്ന്’ പേരിട്ട് നാണംകെടുത്തി
നാടിനും കര്‍ഷകര്‍ക്കുംവേണ്ടി പൊതുജീവിതമുഴിഞ്ഞു വച്ച അദ്ദേഹത്തെ ഹീനമായി രാഷ്ട്രീയമൃഗങ്ങള് വേട്ടയാടി. മന്ത്രി സ്ഥാനവും രാഷ്ട്രീയവും ഉപേക്ഷിച്ച ആ മനുഷ്യന് ഹൃദയസ്തഭനം മൂലം അപമാന ഭാരത്തോടെ ഈ ലോകത്തോട് വിട പറഞ്ഞു. അന്ന് അദ്ദേഹത്തെ സ്ത്രീ വിഷയത്തില്‍ അവഹേളിച്ച് ഈ ലോകത്ത് നിന്ന് ആട്ടിപായിച്ചവര്‍ സരിത എന്ന സ്ത്രീയുടെ വെളിപ്പെടുത്തലിനു മുന്നില്‍ അപമാന ഭാരത്താല്‍ തല ഉയര്‍ത്താന്‍ കഴിയാതെ മാളത്തില്‍ ഒളിച്ചിരിക്കുന്നു. ഹാ കഷ്ടം
വിധിയാണിത്; ദൈവഹിതവും, ശാപവും തടുത്തു നിര്‍ത്താനാവില്ല. അതുപോലെ തന്നെയാണ് കാലം കാത്തിരുന്നു കരുതിവയ്ക്കുന്ന നീതിയും.. അത് നിറവേറ്റപ്പെടുകതന്നെ ചെയ്യും…