കാഞ്ഞിരപ്പളളി: പി.സി. ജോർജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെതിരേ സംഘടിത നീക്കമോ?
കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയിൽ പ്രചാരണത്തിനിടെ പി.സി. ജോർജിനെ ചില നാട്ടുകാർ കൂവി വിളിച്ചിരുന്നു. ഇതിൽ ക്ഷുഭിതനായി പി.സി. ജോർജ് അസഭ്യവർഷവും നടത്തുകയുണ്ടായി. ഇതിനു പിന്നാലെയാണ് ഇന്നലെ പാറത്തോട് ടൗണിൽ സംഘർഷമുണ്ടായത്.
ഇന്നലെ രാവിലെ 9.30ന് പി.സി. ജോർജ് പ്രസംഗിക്കുന്നതിനിടെ മറ്റു മുന്നണികളുടെ പ്രചാരണ വാഹനം കടന്നു പോയതിനെ ചൊല്ലിയുണ്ടായ വാക്കേറ്റമാണ് സംഘർഷമായത്. സിപിഎം.- എസ്ഡിപിഐ പ്രവർത്തകർ പ്രസംഗം അലങ്കോലപ്പെടുത്തിയതായി പി.സി. ജോർജ് ആരോപിച്ചു. പ്രസംഗം പാതിവഴിയിൽ ഉപേക്ഷിച്ച് പി.സി. ജോർജ് മടങ്ങി.
പര്യടന പരിപാടിയുടെ ഭാഗമായുളള യോഗത്തിൽ പി.സി. ജോർജ് പ്രസംഗിക്കുന്നതിനിടയാണ് ഇടതു വലത് മുന്നണികളുടെ പ്രചാരണ വാഹനങ്ങൾ കടന്നുപോയത്. തുടർന്നു വീണ്ടും ഇടത് സ്ഥാനാർഥിയുടെ പ്രചാരണ വാഹനം കടന്നുപോകുന്നതിനിടെ ജോർജ് ഇത് ചോദ്യം ചെയ്തു.
തുടർന്നു ഇരുവിഭാഗങ്ങളും തമ്മിൽ ഉന്തും തളളും ഉണ്ടായി. നാട്ടുകാർ ഇടപെട്ടു പ്രശ്നം പരിഹരിക്കുകയായിരുന്നു.ഈരാറ്റുപേട്ടയ്ക്കു പിന്നാലെ പാറത്തോട്ടിലും തന്നെ വോട്ടു ചോദിക്കാൻ പോലും ചിലർ സമ്മതിക്കുന്നില്ലെന്നും അതിനാൽ പാറത്തോട്ടിലെ വോട്ട് അഭ്യർഥന ഉപേക്ഷിച്ചതായും പി.സി. ജോർജ് പറഞ്ഞു.
സംഭവം സംബന്ധിച്ച് പി.സി. ജോർജ് ഇലക്ഷൻ ഓഫീസർക്കും റിട്ടേണിംഗ് ഓഫീസർക്കും പോലീസിനും പരാതി നല്കി.കഴിഞ്ഞ ദിവസം ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി പരിധിയിൽ തെരഞ്ഞെടുപ്പ് പ്രചാരണ വാഹനത്തിൽ നിന്ന് പി.സി. ജോർജ് പ്രസംഗിക്കുന്നതിനിടെയാണ് ഒരു സംഘം ആളുകൾ കൂവിയത്.
ഒച്ചവെച്ച് പ്രതിഷേധിച്ചവരോട് നിങ്ങൾക്ക് സൗകര്യമുണ്ടെങ്കിൽ വോട്ട് ചെയ്താൽ മതിയെന്നാണ് പിസി ജോർജ് പറഞ്ഞത്. കൂവൽ രൂക്ഷമായതോടെ പി.സി. ജോർജ് ക്ഷുഭിതനായി ഭീഷണിയുടെ സ്വരത്തിലായി പ്രസംഗം. കൂവുന്നവരുടെ വോട്ട് ഇല്ലാതെ തന്നെ എംഎൽഎ ആയി വരുമെന്നും അപ്പോൾ കാണിച്ചു തരാമെന്നുമായി പ്രസംഗം.