ഇടുക്കി: റബർ കർഷകരുടെ വോട്ടു വാങ്ങി ജയിച്ച ശേഷം അവരെ നിയമസഭയിൽ അപമാനിക്കുകയും പരിഹസിക്കുകയും ചെയ്ത പി.സി. ജോർജിന്റെ മനോനില പരിശോധിക്കണമെന്ന് കേരള കോൺഗ്രസ് എം. ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്. പി.സി ജോർജിനെ വിദഗ്ധനായ മനശാസ്ത്രജ്ഞനെ കൊണ്ട് പരിശോധിപ്പിച്ച് ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ അദ്ദേഹത്തിന്റെ അഭ്യുദയകാംക്ഷികൾ തയാറാകണമെന്നും അദ്ദേഹം പരിഹസിച്ചു.
അടുത്ത കാലത്തായി പി.സി. ജോർജിന്റെ പ്രസ്താവനകളും പ്രവൃത്തികളും ശ്രദ്ധിക്കുന്നവർക്ക് അദ്ദേഹത്തിന് എന്തോ സംഭവിച്ചിരിക്കുന്നതായി മനസിലാക്കാം. അങ്ങാടിയിൽ തോറ്റതിന് അമ്മയോടെന്ന മട്ടിലാണ് അദ്ദേഹം പെരുമാറുന്നത്. റബർ കർഷകർക്ക് സർക്കാർ ഖജനാവിൽ നിന്നും ഒരു അരിമണി പോലും നൽകരുതെന്നാണ് അദ്ദേഹം നിയമസഭയിൽ ആവശ്യപ്പെട്ടത്.
സംസ്ഥാനത്തെ ലക്ഷകണക്കിന് റബർ കർഷകർ ജോർജിന് മാപ്പു നൽകില്ല. കടക്കെണിയിലായ കർഷകന്റെകരണത്തടിക്കുകയാണ് ജോർജ് ചെയ്തത്. അദ്ദേഹത്തെ പിടിച്ചുകെട്ടിയില്ലെങ്കിൽ സംസ്ഥാനത്ത് കൂടുതൽ ദുരന്തങ്ങൾ സംഭവിക്കുമെന്നും സ്റ്റീഫൻ ജോർജ് പറഞ്ഞു.