കേരളാ കോണ്‍ഗ്രസ് മഹാസമ്മേളനത്തില്‍ 15,000 പേര്‍ തികച്ചു പങ്കെടുത്താല്‍ പട്ടിക്കിടുന്ന ചോറ് തിന്നുമെന്ന പിസി ജോര്‍ജ് എംഎല്‍എയുടെ പ്രസ്താവന! കോട്ടയം നഗരത്തില്‍ വ്യത്യസ്ത പ്രതിഷേധവുമായി യൂത്ത് ഫ്രണ്ട് എം

ആരും കേട്ടിട്ടില്ലാത്തതും കൗതുകം നിറഞ്ഞതും അതുകൊണ്ടുതന്നെ ശ്രദ്ധകിട്ടുന്നതുമായ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്നതിന് പേരുകേട്ടവരാണ് കേരള കോണ്‍ഗ്രസ് യൂത്ത് ഫ്രണ്ട് എം. പതിവുപോലെ വ്യത്യസ്തമായ ഒരു പ്രകടനവുമായി രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് ഫ്രണ്ട് എം. അതിന് കാരണക്കാരനായതോ പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജും.

 

കേരളാ കോണ്‍ഗ്രസ് കഴിഞ്ഞയാഴ്ച കോട്ടയത്ത് നടത്തിയ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി പിസി ജോര്‍ജ് നടത്തിയ ഒരു പ്രസ്താവനയാണ് ഇപ്പോള്‍ യൂത്ത് ഫ്രണ്ട് എമ്മിന്റെ പുതിയ പ്രകടനത്തിന് കാരണമായത്. കേരളാ കോണ്‍ഗ്രസിന്റെ സംസ്ഥാന സമ്മേളനത്തിന് 15,000 പേര്‍ തികച്ചു പങ്കെടുത്താല്‍ പട്ടിക്കിടുന്ന ചോറ് തിന്നുമെന്നായിരുന്നു പി.സി. ജോര്‍ജ്ജ് എംഎല്‍എയുടെ പ്രസ്താവന. ഇതില്‍ പ്രതിഷേധിച്ച് യൂത്ത് ഫ്രണ്ട് എം പ്രവര്‍ത്തകര്‍ പി.സി. ജോര്‍ജ്ജിന് വേണ്ടി നായക്ക് ചോറുവിളമ്പി പ്രതിഷേധിച്ചു.

 

കോട്ടയം നഗരത്തിലായിരുന്നു യൂത്ത് ഫ്രണ്ട് എം പ്രവര്‍ത്തകരുടെ പ്രതിഷേധ പരിപാടി. കേരളാ കോണ്‍ഗ്രസ് സമ്മേളനത്തെ വെല്ലുവിളിച്ച ജോര്‍ജ്ജ് ജനപക്ഷ സമ്മേളനം നടത്തി 15,000 പേരെ പങ്കെടുപ്പിച്ച് കാണിക്കണം. അങ്ങനെ സംഭവിച്ചാല്‍ ഞങ്ങളുടെ ചെലവില്‍ പി.സി. ജോര്‍ജ്ജിന്റെ പൂര്‍ണ്ണകായ പ്രതിമ കോട്ടയത്ത് സ്ഥാപിച്ച് പാലഭിഷേകം നടത്താമെന്നും ചോറുവിളമ്പല്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു. പി.സി. ജോര്‍ജ്ജിന് ചോറ് നല്‍കുന്നു എന്ന ഫ്ളെക്സിന്റെ അകമ്പടിയോടെയാണ് നായക്ക് ചോറു നല്‍കി യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.

 

 

 

Related posts