കോട്ടയം: ആപ്പിൾ ചിഹ്നം അനുവദിച്ച് തെരഞ്ഞെടുപ്പു കമ്മീഷൻ ഉത്തരവായതോടെ പി.സി. ജോർജ് നേതൃത്വം നൽകുന്ന കേരള ജനപക്ഷം പാർട്ടി തെരഞ്ഞെടുപ്പു നേരിടാൻ സജ്ജമായിക്കഴിഞ്ഞു.
കോട്ടയം ജില്ലയിലെ വിവിധ പഞ്ചായത്ത്, ബ്ലോക്ക് വാർഡുകളിൽ മത്സരിക്കുന്ന പാർട്ടി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. മറ്റു ജില്ലകളിലെ സ്ഥാനാർഥികളെയും വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും.
തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം, പാലക്കാട്, ഇടുക്കി, എറണാകുളം ജില്ലകളിലെ സ്ഥാനാർഥികളുടെ ലിസ്റ്റും തയാറായിട്ടുണ്ട്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ജനപക്ഷം സ്ഥാനാർഥിയായി പി.സി. ജോർജ് മത്സരിച്ചപ്പോൾ തൊപ്പിയായിരുന്നു ചിഹ്നം.
തൊപ്പി ചിഹ്നമാണ് പാർട്ടി ആവശ്യപ്പെട്ടതെങ്കിലും തമിഴ്നാട്ടിൽ മാറ്റൊരു രാഷ്ട്രീയ പാർട്ടിക്ക് തൊപ്പി ചിഹ്നം അനുവദിച്ചതിനാൽ ആപ്പിൾ ചിഹ്നം നൽകുകയായിരുന്നു.
കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ ഒന്ന്, രണ്ട്, 16, 18 വാർഡുകളിലും ചിറക്കടവ് പഞ്ചായത്തിലെ ഏഴ്, 20 വാർഡുകളിലും ജനപക്ഷം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
വാഴൂർ ബ്ലോക്ക് പഞ്ചായത്ത് ചിറക്കടവ് ഡിവിഷനിൽ യുവജനപക്ഷം സംസ്ഥാന വൈസ്പ്രസിഡന്റ് പ്രവീണ് രാമചന്ദ്രനും കാഞ്ഞിരപ്പള്ളി ബ്ലോക്ക് ചോറ്റി ഡിവിഷനിൽ ജിജോ പതിയിലുമാണ് സ്ഥാനാർഥി.
വാഴൂർ ബ്ലോക്ക് പുളിക്കൽ കവല ഡിവിഷനിൽ ശാന്തി കൃഷ്ണനും മത്സരിക്കും. ചിറക്കടവ് പഞ്ചായത്ത് ഏഴാം വാർഡിൽ പാർട്ടി സോഷ്യൽ മീഡിയ സംസ്ഥാന കോ-ഓർഡിനേറ്റർ റെനീഷ് ചൂണ്ടച്ചേരിയാണു മത്സരിക്കുന്നത്.
മുണ്ടക്കയം, പാറത്തോട്, തീക്കോയി, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, കങ്ങഴ പഞ്ചായത്തുകളിലെ ഏതാനും വാർഡുകളിലും ഏറ്റുമാനൂർ നഗരസഭയിലും സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതൽ സ്ഥാനാർഥികളുടെ പേരുവിവരങ്ങൾ ഉടൻ പ്രഖ്യാപിക്കും.