തൃശൂർ: അതിരപ്പിള്ളി പദ്ധതിക്കായി കെഎസ്ഇബിയിൽനിന്നും 5.25 കോടി രൂപ കൈപ്പറ്റിയ വനംവകുപ്പ് നിശബ്ദത പാലിക്കുകയാണെന്നും പദ്ധതി നടപ്പാക്കാത്ത വനംവകുപ്പ് ഉദ്യോഗസ്ഥരെ ജനം ഓടിച്ചിട്ട് അടിക്കണമെന്നും പി.സി. ജോർജ് എംഎൽഎ. നല്ല മനുഷ്യനാണെങ്കിലും ബന്ധപ്പെട്ട ഉത്തരവു നടപ്പാക്കാൻ മുഖത്തുനോക്കി സംസാരിക്കാൻ വനം മന്ത്രി കെ. രാജുവിനു ധൈര്യമില്ല.
ഉദ്യോഗസ്ഥരുടെ ഒൗദാര്യത്തിലാണോ മന്ത്രിയെന്നും പി.സി. ജോർജ് സംശയമുന്നയിച്ചു. അതിരപ്പിള്ളി പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഭാരത് ജനറൽ കണ്‍സ്യൂമേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൈനീട്ടി കാശുവാങ്ങാൻ മാത്രമാണ് സർക്കാരിനു താത്പര്യം. വിവരമുള്ളവൻ ശബ്ദിച്ചാൽ അപ്പോൾ സസ്പെൻഡ് ചെയ്യുകയാണ് പതിവ്.
പ്രതിപക്ഷത്തിരിക്കുന്പോൾ അതിരപ്പിള്ളി പദ്ധതിയെ എതിർക്കുകയും അധികാരം ലഭിക്കുന്പോൾ പദ്ധതിക്കായി മുറവിളി കൂട്ടുകയും ചെയ്യുന്ന ഇടത്, വലതുപക്ഷ സർക്കാരുകൾ ഭരണം എന്നതിനപ്പുറത്ത് ജനനന്മയെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും പി.സി. ജോർജ്ജ് കുറ്റപ്പെടുത്തി.
അസോസിയേഷൻ പ്രസിഡന്റ് കെ.സി. കാർത്തികേയൻ അധ്യക്ഷനായി. പെരിങ്ങൽകുത്ത് ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ എൻ.ടി. ജോബ്, കെഎസ്ഇബി റിട്ട.അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ വി.എസ്. രാമകൃഷ്ണൻ, ശശി പുളിക്കൽ എന്നിവർ സംസാരിച്ചു.