കൊച്ചി: മതവിദ്വേഷ പ്രസംഗത്തില്‍ അറസ്റ്റിലായി ജാമ്യം ലഭിച്ച ശേഷവും കുറ്റം ആവര്‍ത്തിച്ച സംഭവത്തില്‍ മുന്‍ എംഎല്‍എ പി.സി. ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ പരിഗണിക്കും.
എറണാകുളം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. മതവിദ്വേഷം ഉണ്ടാക്കുന്ന ഭാഗങ്ങള്‍ ഒന്നും പ്രസംഗത്തില്‍ ഇല്ലെന്ന് ഹര്‍ജിയില്‍ പി.സി. ജോര്‍ജ് പറയുന്നു.
തിരുവനന്തപുരത്തെ കേസില്‍ ജാമ്യം റദ്ദാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമാണ് പുതിയ കേസ്. അഭിപ്രായ സ്വാതന്ത്ര്യത്തെ കേസ് കൊണ്ട് തടയുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും അറസ്റ്റ് തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
തൃക്കാക്കര മണ്ഡലത്തിലെ വെണ്ണലയില്‍ ഞായറാഴ്ച വൈകുന്നേരം ഒരു പരിപാടിക്കിടെ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ പാലാരിവട്ടം പോലീസ് സ്വമേധയായാണ് കേസെടുത്തത്.
ശബ്ദരേഖയുടെ അടിസ്ഥാനത്തില്‍ ഐപിസി 153 എ, 259 വകുപ്പുകള്‍ പ്രകാരമാണ് കേസ്. സമുദായ സ്പര്ധയുണ്ടാക്കല്, മനഃപൂര്‍വമായി മതവികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. കോടതിക്കും ആഭ്യന്തര വകുപ്പിനും റിപ്പോര്‍ട്ട് അയച്ചു.
തിരുവനന്തപുരത്ത് ഹിന്ദു മഹാസമ്മേളനത്തില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ അറസ്റ്റിലായ പി.സി. ജോര്‍ജിന് വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചതിനെതിരേ പ്രോസിക്യൂഷന് നല്കിയ ഹര്‍ജി തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ഇന്നു പരിഗണിക്കാനിരിക്കെയാണ് പുതിയ കേസ്. പി.സി. ജോര്‍ജ് പ്രഥമദൃഷ്ട്യാ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു.
പ്രസംഗത്തിന്റെ ശബ്ദരേഖയാണ് നിലവില്‍ ലഭിച്ചിരിക്കുന്നത്. വീഡിയോ പരിശോധിച്ചശേഷം തുടര്‍നടപടികള്‍ തീരുമാനിക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു.
വെണ്ണല തൈക്കാട് മഹാദേവ ക്ഷേത്രത്തില്‍ സപ്താഹയജ്ഞ പരിപാടിയിലാണ് ജോര്‍ജ് പ്രകോപനപരമായി പ്രസംഗിച്ചതെന്നു പറയുന്നു.
ഭൂമാഫിയ, ഹവാല, കൊള്ളപ്പലിശ, സ്വര്‍ണം കടത്തല്‍ തുടങ്ങിയ കേസുകളില്‍ മുസ്ലിം സമുദായം മുന്‍പന്തിയിലാണെന്നും ഇതര മതസ്ഥരായ പെണ്‍കുട്ടികളെ ലൗ ജിഹാദ് വഴി മതംമാറ്റത്തിന് ശ്രമിക്കുന്നുവെന്നുമാണ് പി.സി. ജോര്‍ജ് പറഞ്ഞത്.