സ്വന്തം ലേഖകന്‍
കോഴിക്കോട്: മത വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ അറസ്റ്റിലായ മുന്‍ എംഎല്‍എ പി.സി. ജോര്‍ജിന് പൂര്‍ണ പിന്തുണ നല്‍കാനും ആവശ്യമെങ്കില്‍ നിയമസഹായം ഉള്‍പ്പെടെ നല്‍കാനും ബിജെപി.
ഇതുമായി ബന്ധപ്പെട്ട് എന്ത് സഹായവും ചെയ്യാനുള്ള സന്നദ്ധത നേതാക്കള്‍ നേരിട്ടുതന്നെ പിസിയെയും കുടുംബത്തെയും അറിയിച്ചിട്ടുണ്ട്.
തുടക്കം മുതല്‍ കേസില്‍ പി.സി. ജോര്‍ജിന് ബിജെപി പിന്തുണ നല്‍കുന്നുണ്ട്. കേസെടുത്ത ഘട്ടത്തില്‍ തന്നെ കേന്ദ്ര സഹമന്ത്രി വി.മുരളീധരന് ഉള്‍പ്പെടെയുള്ളവര്‍ നേരിട്ടെത്തി പിസിയെ കണ്ടിരുന്നു.
പി.സി. ജോര്‍ജിനെ പിന്തുണ യ്ക്കുന്നതിലൂടെ വലിയ രാഷ്ട്രീയ നേട്ടം കൂടി പാര്‍ട്ടി ലക്ഷ്യമിടുന്നുണ്ട്.
ബിജെപി പിന്തുണയ്ക്ക് ഉചിതമായ സമയത്ത് പ്രത്യൂപകാരം ചെയ്യും എന്നായിരുന്നു മുന്‍ എംഎല്‍എയുടെ പ്രതികരണം.
പി.സി. ജോര്‍ജ് സമീപകാലത്തായി നടത്തുന്ന പ്രസ്താവനകള്‍ ബിജെപി കേരള ഘടകത്തിന് വലിയ മൈലേജ് ഉണ്ടാക്കുന്നുണ്ട്.
പലപ്പോഴായി പാര്‍ട്ടി ഉയര്‍ത്തികൊണ്ടുവന്ന വിഷയങ്ങള്‍ പിസിയിലൂടെ പുറത്തുവരുമ്പോള്‍ അതില്‍ സംസ്ഥാന നേതാക്കള്‍ക്ക് സന്തോഷിക്കാന്‍ ഏറെയുണ്ട്.
പ്രത്യക്ഷ ത്തില്‍ യുഡിഎഫിനെയും എല്‍ഡിഎഫിനെയും ഒരുപോലെ വിമര്‍ശിക്കുന്ന പി.സി. ബിജെപിക്ക് വീണുകിട്ടിയ ആയുധമാകുകയാണ്.
കേന്ദ്രമന്ത്രി സ്ഥാനമുള്‍പ്പെടെ ഓഫര്‍ നല്കി ആ ആയുധത്തിന് മുര്‍ച്ച കൂടാനുള്ള തത്രപ്പാടിലാണ് നേതാക്കള്‍.കേന്ദ്ര സഹമന്ത്രി വി.മുരളീധരന് നേരത്തെ തന്നെ പിസിയുമായി അടുത്ത ബന്ധമാണ് ഉള്ളത്.
കേരളത്തിലെ കോണ്‍ഗ്രസും എല്‍ഡിഎഫും ഒരുമിച്ച് മുന്നോട്ട് പോകുമ്പോള്‍ ഞാന്‍ പറഞ്ഞത് അവര്‍ക്ക് നൊന്തു.
അവര്‍ക്കെതിരെ സംസാരിച്ചത് കൊണ്ടാണ് ജയിലില്‍ ഇട്ടത്’ എന്ന പി.സി. ജോര്‍ജിന്റെ പ്രസ്താവന വ്യക്തമായ ലക്ഷ്യം മുന്നില്‍ വെച്ചുള്ളതാണ്.
ക്രൈസ്തവ വിഭാഗത്തെ ഒപ്പം നിര്‍ത്തി രഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ കാലങ്ങളായി ശ്രമിക്കുന്ന ബിജെപിക്ക് ലഭിച്ച ഏറ്റവും മികച്ച നേതാവായിരിക്കും പി.സി. ജോര്‍ജ്.
തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയുടെ വിജയത്തില്‍ നിര്‍ണായകമായത് ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുമുള്ള വോട്ടുകളാണ്.
കേരളത്തിലെ ഹിന്ദു വിഭാഗത്തിന്റെ ഭൂരിഭാഗം വോട്ടുകള്‍ എല്‍ഡിഎഫിലേക്കും ന്യൂനപക്ഷ വോട്ടുകളുടെ നല്ലൊരു ശതമാനം യുഡിഎഫിലേക്കും പോകുമ്പോഴാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ക്രിസ്ത്യന്‍ വോട്ടുകള്‍ ബിജെപിക്ക് അനുകൂലമാകുന്നത്.
പി.സി.ജോർജ് പ്രീണന രാഷ്ട്രീയത്തിന്റെ ഇര: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: തൃക്കാക്കര തെരഞ്ഞെടുപ്പിനു മുന്‍പ് പി.സി.ജോർജിനെ അറസ്റ്റു ചെയ്യുമെന്ന് സർക്കാർ ആർക്കോ വാക്കു നൽകിയതുപോലെ തോന്നുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.
പി.സി.ജോർജിന്റെ ജാമ്യ ഹർജി രാവിലെ ഹൈക്കോടതി പരിഗണിക്കാനിരിക്കെ തിരക്കുപിടിച്ച് അറസ്റ്റ് ചെയ്തതെന്തിനെന്ന് കെ.സുരേന്ദ്രൻ ചോദിച്ചു.
തൃക്കാക്കരയിലെ ഇരുപതു ശതമാനം വോട്ടിനുവേണ്ടിയാണ് സർക്കാർ ഇതെല്ലാം ചെയ്യുന്നതെന്നും പ്രീണന രാഷ്ട്രീയത്തിന്റെ ഇരയാണ് പി.സി.ജോർജെന്നും കെ.സുരേന്ദ്രൻ മാധ്യമങ്ങളോടു പറഞ്ഞു.
അറസ്റ്റ് ആരേയോ ബോധ്യപ്പെടുത്താൻ: ഷോൺ ജോർജ്
തിരുവനന്തപുരം: ഒരു മണിക്കൂറെങ്കിലും പി.സി.ജോര്‍ജിനെ ജയിലില്‍ ഇട്ടിട്ട് ആരെയോ ബോധ്യപ്പെടുത്താനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമമാണ് അറസ്റ്റിനു പിന്നിലെന്ന് പിസിയുടെ മകൻ ഷോണ്‍ ജോര്‍ജ്.
പി .സി ജോര്‍ജിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്നും ഷോണ്‍ ജോര്‍ജ് ആരോപിച്ചു. മുഖ്യമന്ത്രി ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം ആദ്യം വിളിച്ചു ചേര്‍ത്ത യോഗം പി.സി ജോര്‍ജിന്റെ അറസ്റ്റ് സംബന്ധിച്ചാണെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.
പി.സി ജോര്‍ജിനെ 14 ദിവസത്തേക്ക് റിമാന്‍ഡില്‍ വിട്ടതിന് പിന്നാലെയാണ് ഷോണ്‍ ജോര്‍ജിന്റെ പ്രതികരണം.
മത തീവ്രവാദത്തിനെതിരായാണ് പി സി ജോര്‍ജ് പറഞ്ഞതും പ്രവര്‍ത്തിക്കുന്നതും. അല്ലാതെ ഇസ്ലാമിനെതിരെയല്ലെന്നും ഷോണ്‍ ജോര്‍ജ് കൂട്ടിചേര്‍ത്തു.