തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ മുൻ എംഎൽഎ പി.സി. ജോർജിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.
മതവിദ്വേഷ പ്രസംഗത്തിനും മതവികാരം വ്രണപ്പെടുത്തിയതിനും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് നടപടി.
153എ, 295എ വകുപ്പുകളാണ് പോലീസ് ചുമത്തിയിരിക്കുന്നത്. തിരുവനന്തപുരം ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ ഷാജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് പുലർച്ചെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി ജോർജിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
പിന്നീട് തിരുവനന്തപുരം എആർ ക്യാമ്പിൽ എത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
മതവിദ്വേഷ പ്രസംഗത്തിന്റെ പേരിൽ ഡിജിപി അനിൽകാന്തിന്റ നിർദേശപ്രകാരം ശനിയാഴ്ചയാണ് തിരുവനന്തപുരം ഫോർട്ട് പോലീസ് ജോർജിനെതിരെ കേസെടുത്തത്.
തിരുവനന്തപുരത്തുവച്ച് നടന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു ജോര്‍ജിന്റെ വിവാദപ്രസംഗം.
ഇതിനെതിരേ യൂത്ത് ലീഗ് ഉൾപ്പെടെയുള്ളവർ ഡിജിപിക്ക് പരാതി നൽകിയിരുന്നു. പി.സി. ജോര്‍ജിന്റെ വിദ്വേഷ പ്രസംഗത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രംഗത്തെത്തിയിരുന്നു.
വെള്ളത്തിന് തീപിടിപ്പിക്കുന്ന വർഗീയതയാണ് ജോർജ് പറഞ്ഞത്. മുൻകൂട്ടി തീരുമാനിച്ച പ്രസ്താവനയാണിതെന്നും സതീശൻ വ്യക്തമാക്കി.