കൊച്ചി: ഇടതുപക്ഷ സർക്കാരിന്റെ വിവിധ മതവിശ്വാസങ്ങളിന്മേലുള്ള കടന്നുകയറ്റം അപലപനീയമാണെന്ന് പി.സി. ജോർജ് എംഎൽഎ. ഹിന്ദുമതമായാലും ക്രിസ്ത്യൻ മതമായാലും ഇസ്ലാം മതമായാലും അതിലെ വിശ്വാസങ്ങളിൽ കൈകടത്താൻ ഒരു സർക്കാരിനും അധികാരമില്ല. കേരള ചർച്ച് പ്രോപ്പർട്ടീസ് ആന്റ് ഇൻസ്റ്റിറ്റ്യൂഷൻസ് ബിൽ-2019 എന്ന പേരിൽ കേരള നിയമ പരിഷ്ക്കരണ കമ്മീഷൻ പുറത്തിറക്കിയ പുതിയ ബിൽ ക്രൈസ്തവ സഭകൾക്കുനേരെയുള്ള വെല്ലുവിളിയാണ്.
അപക്വവും അശാസ്ത്രീയവുമായ നിർദേശങ്ങളുമായി ക്രിസ്തീയ സഭയെ നിയന്ത്രിക്കാൻ പുറത്തിറക്കിയ പക്ഷപാതപരമായ ഈ ബിൽ ഒരു തരത്തിലും അംഗീകരിക്കാനാവില്ല. തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകൾ നിരത്തിക്കൊണ്ട് ഭാവിയിൽ സഭയെ ഒതുക്കാനുള്ള ഗുഢശ്രമത്തിന്റെ ഭാഗമാണ് ബിൽ കൊണ്ടുവന്നിരിക്കുന്നത്.
മതനേതൃത്വങ്ങളെ വരുതിയിലാക്കാൻ കാലാകാലങ്ങളായിട്ടുള്ള ശ്രമങ്ങളാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ഭാഗത്തുനിന്നും നടത്തിക്കൊണ്ടിരിക്കുന്നതെന്നും സഭയുടേതടക്കമുള്ള ഭരണസംവിധാനങ്ങളിൽ കൈകടത്താൻ ഒരു പ്രത്യയ ശാസ്ത്രത്തിനും നിരീശ്വരവാദികൾക്കും വർഗീയ പ്രസ്ഥാനങ്ങൾക്കും യാതൊരു അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രീയം പറഞ്ഞും സവർണ അവർണ മുദ്ര കുത്തിയും ഹിന്ദുമത വിശ്വാസികളെ തമ്മിലടിപ്പിക്കുന്ന പ്രവണതയും ചർച്ച് ബില്ലിലൂടെ അനാവശ്യമായി ക്രൈസ്തവ സഭകളുടെ ഭരണകാര്യങ്ങളിൽ ഇടപെടുവാനുള്ള ഗുഢതന്ത്രവും സിപിഎം നേതൃത്വവും ഇടതുപക്ഷ സർക്കാരും എത്രയും പെട്ടന്ന് ഉപേക്ഷിക്കണമെന്നും ജനപക്ഷം നേതാക്കളായ ഇ.കെ. ഹസൻകുട്ടി, സൈജോ ഹസൻ, അലക്സ് കൊടിത്തോട്ടം എന്നിവർ സംയുക്തമായി പ്രസ്താനയിൽ ആവശ്യപ്പെട്ടു.