കോട്ടയം: നടിയെ ആക്രമിച്ച കേസിൽ ദിലീപ് കുറ്റക്കാരനെന്ന് വിശ്വസിക്കുന്നില്ലെന്നും കേസ് സിബിഐക്കു വിടണമെന്നും പി.സി. ജോർജ് എംഎൽഎ. വിലക്കയറ്റം അടക്കമുള്ള സംസ്ഥാനത്തെ പ്രധാനപ്രശ്നങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാനുള്ള ആസൂത്രിതനീക്കമാണ് ദിലീപിന്റെ അറസ്റ്റ്. ഈ കേസിൽ സിനിമാതാരവും എംഎൽഎയുമായ മുകേഷിനും പങ്കുണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നു.
2011 മറ്റൊരു നടിയെ ആക്രമിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായിട്ടും എന്തുകൊണ്ടു മുകേഷ് ഡ്രൈവറായി ഇയാളെ കൊണ്ടുനടന്നു. ഈ നടിയുടെ ഭർത്താവ് പരാതികൊടുത്തിട്ടും വീണ്ടും ആ പ്രതിയെ സിനിമയിൽ നിലനിർത്തി. ഇക്കാര്യത്തിൽ അമ്മയ്ക്കു കടുത്തവീഴ്ചയാണ് സംഭവിച്ചത്. അമ്മ ഭാരവാഹികൾ തെറ്റ് ചെയ്തു.
പോലീസ് അനാവശ്യമായി ഇടപെടുന്നു. കള്ളത്തരങ്ങളാണു പോലീസ് പറയുന്നതെന്നും പി.സി. ജോർജ് കൂട്ടിച്ചേർത്തു. വിലക്കയറ്റം അടക്കമുള്ള ജനകീയ വിഷയങ്ങൾ ഉയർത്തി കേരള ജനപക്ഷം ശനിയാഴ്ച സംസ്ഥനത്തെ 140 നിയോജകമണ്ഡല ആസ്ഥാനങ്ങളിലും ജനശ്രദ്ധാ സായാഹ്നം സംഘടിപ്പിക്കുമെന്നും അദേഹം പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി മാലേത്ത് പ്രതാപചന്ദ്രനും പത്രസമ്മേളനത്തിൽ പങ്കെടുത്തു.