തൃശൂർ: പ്രകൃതിദുരന്തങ്ങൾക്ക് ദുരിതാശ്വാസം അനുവദിക്കുന്നതിന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ അനുവർത്തിച്ചുപോരുന്ന മാനദണ്ഡങ്ങൾ അടിമുടി പൊളിച്ചെഴുതാൻ തയാറാകണമെന്ന് കേരളജനപക്ഷം ചെയർമാൻ പി.സി.ജോർജ് എംഎൽഎ ആവശ്യപ്പെട്ടു. തൃശൂരിൽ കേരള ജനപക്ഷം ജില്ലാ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്ഥിതിവിവരക്കണക്കുകൾ ശേഖരിക്കുന്നതിനും അതിന്റെ അടിസ്ഥാനത്തിൽ സഹായ തീരുമാനമെടുക്കുന്നതിനും സർക്കാരുകൾക്ക് നിലവിൽ വലിയതോതിലുള്ള കാലതാമസമുണ്ട്. നീതിവൈകുന്നത് അതു നിഷേധിക്കുന്നതിന് തുല്യമാണ്. എന്നാൽ പിണറായി സർക്കാർ ഈ രംഗത്ത് അനുകരണീയമായ നയവ്യതിയാനം വരുത്തിയിണ്ടെന്നും പി.സി.ജോർജ് പറഞ്ഞു.
സംസ്ഥാന വൈസ് ചെയർമാൻ എം.എം.സുരേന്ദ്രൻ, ഹൈ പവർ കമ്മിറ്റി അംഗങ്ങളായ ജോയി സ്കറിയ, ഡോ.സെബാസ്റ്റ്യൻ ജോസഫ്, സുബീഷ് ശങ്കർ, മാലേത്ത് പ്രതാപചന്ദ്രൻ നായർ, യുവജനപക്ഷം പ്രസിഡന്റ് ഷൈജോ ഹസൻ, വനിതാ പക്ഷം പ്രസിഡന്റ് എം.എസ്.നിഷ എന്നിവർ സംസാരിച്ചു. കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ ഉന്നതാധികാരസമിതി അംഗം ഡോ.സെബാസ്റ്റ്യൻ ജോസഫിനെ ആദരിച്ചു.
പുതിയഭാരവാഹികളായി ജോസ് പട്ടിക്കാട്-പ്രസിഡന്റ്, ഖാദർ ഗുരുവായൂർ, തങ്കച്ചൻ വർഗീസ്, ജോസ് കിഴക്കേപ്പീടിക-വൈസ് പ്രസിഡന്റുമാർ, പി.കെ.പ്രജാനന്ദൻ, രാജൻ ചെന്പിൽ, സുമേഷ് പുഴക്കൽ, രാജീവ് ഗുരുവായൂർ, അമ്മു സുധിൽജനറൽ സെക്രട്ടറിമാർ, സേതു രാമയ്യർ-ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.