കോട്ടയം: ത്രിതല പഞ്ചായത്ത് മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ കേരള ജനപക്ഷം സെക്കുലർ ഒറ്റയ്ക്കു മത്സരിക്കുമെന്ന് പി.സി.ജോർജ് എംഎൽഎ. മുന്നണി പ്രവേശത്തിന് ആരുടെയും കാലുപിടിക്കാനില്ല.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തോടൊപ്പം ചേർന്നാണ് മത്സരിച്ചത്. ഇത്തവണ യുഡിഎഫുമായി ചേർന്ന് പ്രവർത്തിക്കാൻ തത്പര്യമുണ്ടായിരുന്നു.
കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് ജനപക്ഷത്തെ മുന്നണിയിലെടുക്കണമെന്നും ആഗ്രഹമുണ്ടായിരുന്നു. എന്നാൽ ഗ്രൂപ്പു വഴക്കും ചില നേതാക്കളുടെ സ്ഥാപിത താത്പര്യവും മൂലം മുന്നണി പ്രവേശനം നടന്നില്ല.
യുഡിഎഫിനു വേണ്ടാത്തിടത്തോളം കാലം അങ്ങോട്ടില്ല. മുന്നണിയിൽ കയറാൻ ആരുടെയും കാലുംപിടിക്കില്ല.തെരഞ്ഞെടുപ്പിൽ 14 ജില്ലകളിലും ജനപക്ഷം സ്ഥാനാർഥികളെ നിർത്തും.
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ഇന്നലെ വൈകുന്നേരം തന്നെ 500 സ്ഥാനാർഥികളുടെ പട്ടിക പ്രഖ്യാപിച്ചു. തിരുവനന്തപുരം കോർപറേഷനിൽ 20 സ്ഥാനാർഥികൾ മത്സര രംഗത്തുണ്ടാകും.
കോട്ടയം ജില്ലാ പഞ്ചായത്തിൽ മുണ്ടക്കയം, പൂഞ്ഞാർ, ഭരണങ്ങാനം, എരുമേലി ഡിവിഷനുകളിൽ ജനപക്ഷം മത്സരിക്കും. ഈ നാലു സീറ്റുകളിലും ജനപക്ഷത്തിനു ജയിക്കാനാകും.
പൂഞ്ഞാറിൽ യുവജനപക്ഷം നേതാവ് ഷോണ്‍ ജോർജ് പരിഗണനയിലുണ്ട്. പാലാ, കോട്ടയം, ചങ്ങനാശേരി മുനിസിപ്പാലിറ്റികളിലും കരുത്തരായ സ്ഥാനാർഥികളുണ്ടാകും.
ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിൽ ജനപക്ഷത്തിന്റെ സിറ്റിംഗ് മെംബർമാർ മാത്രമേ മത്സിരക്കൂ. മുനിസിപ്പാലിറ്റിയിലെ ചില നേതാക്കൾ തനിക്കെതിരെ വ്യക്തിപരമായ ആക്ഷേപങ്ങൾ ഉന്നയിക്കുന്നുണ്ട്.
അതിനാൽ കൂടുതൽ സ്ഥാനാർഥികൾ ഉണ്ടാവില്ല. കോവിഡ് കാലത്ത് ആരോപണങ്ങൾക്ക് മറുപടി പറയാൻ പറ്റാത്ത സാഹചര്യമാണുളളതെന്നും പി.സി. ജോർജ് രാഷ്്ട്രദീപികയോടു പറഞ്ഞു.
സംസ്ഥാനത്ത് മൊത്തത്തിലും കോട്ടയം ജില്ലയിലെ പല പഞ്ചായത്തുകളിലും ആരു ഭരിക്കണമെന്ന് ജനപക്ഷം തീരുമാനിക്കും. പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ഭൂരിപക്ഷം പഞ്ചായത്തുകളിലും ജനപക്ഷം തനിച്ചു ഭരിക്കുമെന്നും പി.സി. ജോർജ് പറഞ്ഞു.