ജനപിന്തുണയോടെ നേരിടും… എരുമേലി വിമാനത്താവളം പദ്ധതി അട്ടിമറിക്കാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിക്കുന്നുവെന്ന് പി.സി.ജോര്‍ജ്

pc main

കോട്ടയം: ശബരിമല തീര്‍ഥാടകരുടെ സൗകര്യം മുന്നില്‍ കണ്ട് പ്രഖ്യാപിച്ച എരുമേലി വിമാനത്താവളം പദ്ധതി അട്ടിമറിക്കാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്ന് പൂഞ്ഞാര്‍ എംഎല്‍എ പി.സി.ജോര്‍ജ്. തന്റെ ഫേസ് ബുക്ക് പേജിലാണ് ജോര്‍ജ് ഇത്തരക്കാര്‍ക്കെതിരേ ആഞ്ഞടിച്ചത്.

ഒരു നാടുമുഴുവന്‍ വികസനത്തിനായി കാതോര്‍ത്തിരിക്കുമ്പോള്‍ അതിനെ തുരങ്കംവയ്ക്കാന്‍ ആര് ശ്രമിച്ചാലും ജനപിന്തുണയോടെ ശക്തമായി നേരിടും. മുഖ്യമന്ത്രി പദ്ധതിയെക്കുറിച്ച് സംസാരിച്ചതിന് പിന്നാലെ വിമാനത്താവളത്തിന് ഉദ്ദേശിക്കുന്ന ഭൂമിയുടെ പേരില്‍ വിവാദങ്ങള്‍ സൃഷ്ടിക്കുന്നത് ബോധപൂര്‍വമാണ്. വനമേഖലകളോ മലനിരകളോ നശിപ്പിക്കാതെ പരിസ്ഥിതിയെയും പ്രകൃതിയെ സംരക്ഷിച്ചു കൊണ്ട് തന്നെ എരുമേലി വിമാനത്താവളം യാഥാര്‍ഥ്യമാക്കാന്‍ സാധിക്കും. എന്നാല്‍ കെ.പി.യോഹന്നാന്റെ ബിലീവേഴ്‌സ് ചര്‍ച്ചിന്റെ ഉടമസ്ഥതയിലുള്ള ചെറുവള്ളി എസ്‌റ്റേറ്റിന്റെ ഉടമസ്ഥാവകാശത്തിന്റെ പേരില്‍ പദ്ധതി തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

എരുമേലി വിമാനത്താവളം പദ്ധതിക്കെതിരായ കുപ്രചാരണങ്ങള്‍ക്ക് പിന്നില്‍ പരിസ്ഥിതിയെയും വിശ്വാസങ്ങളെയും തകര്‍ത്തു ആറന്മുള വിമാനത്താവളം നടപ്പിലാക്കി കൊടുക്കാമെന്ന് പറഞ്ഞ് അച്ചാരം വാങ്ങിയവര്‍ ആരെങ്കിലുമായിരിക്കാം. ഇത്തരക്കാര്‍ക്കുള്ള മറുപടിയായി ആറന്മുള വിമാനത്താവളം അടഞ്ഞ അധ്യായമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി കഴിഞ്ഞു. എരുമേലി വിമാനത്താവളത്തിനായി പണം സ്വരൂപിച്ചുനല്‍കാമെന്ന പ്രവാസികളുടെ വാഗ്ദാനവും മുഖ്യമന്ത്രിയെ കത്തിലൂടെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ കോടികണക്കിന് വരുന്ന ശബരിമല ഭക്തജനങ്ങള്‍ക്കും, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ ലക്ഷകണക്കിന് വരുന്ന പ്രവാസികള്‍ക്കും, പദ്ധതി പ്രദേശത്ത് നിന്നും 80 കിലോമീറ്റര്‍ ചുറ്റളവിനുള്ളിലുള്ള വാഗമണ്‍, പീരുമേട്, തേക്കടി തുടങ്ങിയ നൂറിലേറെ വിനോദസഞ്ചാര സ്ഥലങ്ങളിലേക്ക് വരുന്ന ടൂറിസ്റ്റുകള്‍ക്കും സഹായകരമായ എരുമേലി വിമാനത്താവളം എന്ന പദ്ധതി നടപ്പിലാക്കാന്‍ തയാറാകുമ്പോള്‍ കഴമ്പില്ലാത്ത തടസ വാദങ്ങള്‍ ഉന്നയിക്കുന്ന വികസന വിരോധികളെ തകര്‍ത്തു പദ്ധതി നടപ്പിലാക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ എന്ന പ്രാര്‍ഥനയോടെയാണ് ജോര്‍ജിന്റെ പോസ്റ്റ് അവസാനിക്കുന്നത്.

Related posts