കണ്ണട വിവാദത്തില്‍ സ്പീക്കര്‍ പി.ശ്രീരാമ കൃഷ്ണനെതിരെ പരോക്ഷ വിമര്‍ശനവുമായി കേരള ജനപക്ഷം പാര്‍ട്ടി നേതാവ് പി.സി ജോര്‍ജ്. കണ്ണട, അത് ഏത് കഴുവേറിക്കും ധരിക്കാമെന്ന തലക്കെട്ടോടെയാണ് പോസ്റ്റ് ആരംഭിക്കുന്നത്. കഴുവേറിയെന്നാല്‍ കഴിവുകള്‍ ഏറെയുള്ളവന്‍ എന്നാണെന്നും മറ്റ് അര്‍ത്ഥങ്ങള്‍ കാണരുതെന്നും പൂഞ്ഞാര്‍ ആശാന്‍ പി.സി ജോര്‍ജ് എന്ന ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം വായിക്കാം..
കണ്ണട, അത് ഏത് കഴുവേറിക്കും ധരിക്കാം (കഴിവുകള്‍ ഏറെയുള്ളവന്‍ എന്ന അര്‍ത്ഥത്തിലാണ് അല്ലാതെ കഴുവേറ്റപ്പെടേണ്ടവന്‍, നിന്ദ്യന്‍, നീചന്‍ മുതലായ അര്‍ത്ഥത്തിലല്ല). കുറച്ച് നാളുകള്‍ക്ക് മുന്‍പ് ഈ കണ്ണട മഹാന്‍ തുടരെ തുടരെ സാമാജികര്‍ പുലര്‍ത്തേണ്ട മാന്യതയെ കുറിച്ച് ഫേസ്ബുക്കില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ആ മാന്യത പി. സി എന്ന സാമാജികനെ മാത്രമായി പഠിപ്പിക്കാനായി കുറച്ച് കൊച്ചമ്മമാരുടെ കൂടെ ചേര്‍ന്ന് ഒരു വല്ലാത്ത ഭ്രാന്തമായ ആവേശത്തോടെ പദവികള്‍ മറന്നുള്ള ഇളകിയാട്ടം കൂടിയായിരുന്നു. അതിനുള്ള മറുപടി പി.സി അക്ഷരസ്ഫുടതയോടെ പദവിയെ ബഹുമാനിച്ച് കൊണ്ട് നല്‍കുകയും അതില്‍ മഹാന്‍ സായൂജ്യമടയുകയും ചെയ്തതായി മനസിലാക്കുന്നു.
അന്നേ കരുതിയതാ ഇതുപോലൊരു മുഖമുടി അഴിഞ്ഞു വീഴല്‍ ഉണ്ടാകുമെന്ന്. എന്തായാലും ഇത്രയുമൊക്കെ ആയതല്ലേ സ്വയം വിചിന്തനം നടത്തി ഒരു പോസ്റ്റ് കൂടി ആകാമായിരുന്നു. പാടത്ത് പണിയെടുത്തും, ചുമട് ചുമന്നും, ഓട്ടോ ഓടിച്ചും, അന്നന്നത്തെ അന്നത്തിനായി ഓടി കിതച്ചതിനു ശേഷം, വൈകിട്ട് പാര്‍ട്ടി ക്ലാസും കൂടി വിഡ്ഢികളാക്കപ്പെടുന്ന ഒരു സമൂഹമുണ്ടല്ലോ..! അവരെ തുടര്‍ന്നും കട്ടനും, പരിപ്പുവടയും തന്നെ കഴിപ്പിക്കാനും അവനവന്‍ ചെയ്തില്ലേലും അവരെ കൊണ്ട് അത് ചെയ്യിക്കാനും താങ്കള്‍ക്ക് ഇനിയും സാധിക്കട്ടെ. ഇനി ജനം താങ്കളെ കാണുമ്പോളെല്ലാം, താങ്കളുടെ മുഖത്തെ കണ്ണട ഒരു കള്ളന്റെ കണ്ണിന് മേലെയുള്ള മറയായി തോന്നിയാല്‍ അതിനവരെ പഴിക്കരുതെന്ന ഓര്‍മ്മപെടുത്തലോടെ, ഒന്ന്, രണ്ട് ചുമന്ന് തുടുത്ത വിപ്ലവാഭിവാദ്യങ്ങള്‍.