നാളെ നിയമസഭ വച്ചാല്‍ ക്രിസ്ത്യാനിയായ ഞാനെങ്ങനെ ആണ്ടു കുമ്പസാരം നടത്തുമെന്ന് പിസി ജോര്‍ജ്! പിസിക്ക് കുമ്പസാരിക്കാന്‍ ഒരു ദിവസം മതിയാകില്ലെന്ന് മറ്റംഗങ്ങളും; നിയമസഭയില്‍ അരങ്ങേറിയത് രസകരമായ വാക്‌പോര്

പെസഹായും ഈസ്റ്ററുമൊക്കെ പ്രമാണിച്ച് ആണ്ടുകുമ്പസാരത്തിന് അവധി നല്‍കാതെ താനെങ്ങനെ കുമ്പസാരിക്കുമെന്ന് നിയമസഭയില്‍ പിസി ജോര്‍ജ് എംഎല്‍എ. തനിക്ക് കുമ്പസാരിക്കാനായി നിയമസഭയ്ക്ക് തന്നെ അവധി നല്‍കണമെന്നാവശ്യപ്പെട്ട പിസി ജോര്‍ജിന്റെ പ്രസ്താവനയാണ് ചര്‍ച്ചയായത്. ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ വിഷയം ഏറ്റെടുത്തതോടെ രണ്ടുമിനിറ്റു പോലും കുമ്പസാരിക്കേണ്ട പാപമില്ല തനിക്കെന്നായി പിസി ജോര്‍ജ്. ധനകാര്യ ബില്‍ അവതരണത്തിന്റെ ഭേദഗതി നിര്‍ദേശങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനിടെയാണ് പൂഞ്ഞാര്‍ എംഎല്‍എ കുമ്പസാരിക്കാനായുള്ള അവധി ആവശ്യവുമായി എത്തിയത്.

‘നാളെയാണ് ആണ്ടു കുമ്പസാരം..അതുകഴിഞ്ഞ് കുമ്പസാരിക്കാന്‍ പറ്റില്ല. നാളെ നിയമസഭ വെച്ചിരിക്കുകയാണ്. ക്രിസ്ത്യാനിയായ ഞാന്‍ നാളെയെങ്ങനെ ആണ്ടു കുമ്പസാരം നടത്തും. അപ്പോ എന്നെ പാപത്തിലേക്ക് പറഞ്ഞു വിടാമോ’ എന്നായിരുന്നു സഭയോടുള്ള പിസിയുടെ ചോദ്യം. ഇതോടെ ഒരോ സാമാജികരും ഇതില്‍ അഭിപ്രായവുമായി എത്തി.

ആദ്യ മറുപടിയുമായെത്തിയത് മുന്‍ മന്ത്രി അടൂര്‍ പ്രകാശാണ്. ഇത്രയും നാള്‍ ചെയ്ത പാപങ്ങള്‍ എല്ലാം എറ്റു പറയേണ്ടതായി വരുമെന്നും അതിനുള്ള ചാന്‍സാണ് പിസി ചോദിച്ചതെന്നും ആയി അടൂര്‍ പ്രകാശ്. സാധാരണ ആളുകള്‍ക്ക് കുമ്പസാരിക്കാന്‍ ഒരു ദിവസം മതി.. പക്ഷേ പിസി ജോര്‍ജിന് ഒരു ദിവസം മതിയാകില്ലെന്ന് ആര്‍ രാജേഷും കുമ്പസാരം കേള്‍ക്കുന്ന അച്ചന്റെ അവസ്ഥ എന്തായിരിക്കുമെന്ന് ചിറ്റയം ഗോപകുമാറും ചോദിച്ചു.

തന്റെ നാട്ടില്‍ വന്ന് കഴിഞ്ഞ ദിവസം ചെയ്ത പാപത്തിന് പിസി ഇന്നലെ തന്നെ കുമ്പസാരിച്ചുവെന്നായിരുന്നു തളിപറമ്പ് എംഎല്‍എ ജെയിംസ് മാത്യുവിന്റെ കമന്റ്. എന്നാല്‍ ഈ പരിഹാസങ്ങളെല്ലാം നേരിട്ട് കൊച്ചുങ്ങളാണ് നിങ്ങളൊക്കെയെന്നും അതിനാല്‍ ക്ഷമിച്ചുവെന്നും ഒരു മിനിട്ട് മതി തനിക്ക് കുമ്പസാരിക്കാനെന്നും പറഞ്ഞ് പിസി തന്നെ ചര്‍ച്ച അവസാനിപ്പിക്കുകയായിരുന്നു.

 

 

 

Related posts