ഒറ്റയ്ക്ക് നിൽക്കുന്ന പി.സി.ജോർജിന്റെ കേരള ജനപക്ഷം ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നു. ഇത് സംബന്ധിച്ച പ്രാഥമിക ചർച്ചകൾ ബിജെപി കേന്ദ്ര നേതൃത്വവുമായി നടത്തിയെന്ന് ജോർജ് വ്യക്തമാക്കി. ജനപക്ഷം സംസ്ഥാന നേതൃയോഗം അംഗീകരിച്ചാണ് ബിജെപി കേന്ദ്ര നേതൃത്വത്തെ സമീപിച്ചതെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച പി.സി.ജോർജ് പിന്നീട് പി·ാറിയിരുന്നു. കെ.സുരേന്ദ്രൻ സ്ഥാനാർഥിയാകുമെന്ന് പ്രഖ്യാപനം വന്നതോടെയാണ് ജോർജ് സ്ഥാനാർഥിത്വം പിൻവലിച്ചതെന്നാണ് ജനപക്ഷം നേതാക്കളുടെ അവകാശവാദം. മുന്നണി പ്രവേശനം സംബന്ധിച്ച ബിജെപി സംസ്ഥാന നേതൃത്വവുമായും ജോർജ് ആശയവിനിമയം നടത്തിക്കഴിഞ്ഞു.
ശബരിമല വിഷയത്തിൽ ബിജെപി അനുകൂല നിലപാട് സ്വീകരിച്ചതു മുതൽ ജോർജ് എൻഡിഎയുമായി സഹകരിച്ചാണ് മുന്നോട്ടുപോയിരുന്നത്. ഇതിനിടെ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് യുഡിഎഫ് പ്രവേശനം ലക്ഷ്യംവയ്ക്കുകയും ചെയ്തിരുന്നു. ഇതിനായി സോണിയ ഗാന്ധി ഉൾപ്പടെയുള്ള നേതാക്കളെ കാണാൻ ശ്രമിച്ചെങ്കിലും സംസ്ഥാനത്ത് അനുകൂല പ്രതികരണം ഉണ്ടായില്ല. കെപിസിസിയിലെ പല നേതാക്കളും ജോർജിന്റെ വരവിനെ പ്രതിരോധിക്കുകയും ചെയ്തതോടെയാണ് യുഡിഎഫ് പ്രവേശനം അടഞ്ഞ അധ്യായമായത്.
ഇതിന് പിന്നാലെയാണ് വീണ്ടും എൻഡിഎയിലേക്ക് ജോർജ് കണ്ണുവച്ചത്. പാർലമെന്റ് തെരഞ്ഞെടുപ്പിന് മുൻപ് മുന്നണി പ്രവേശനം ഉണ്ടാകില്ലെങ്കിലും ശക്തികേന്ദ്രങ്ങളിൽ ബിജെപിയെ സഹായിച്ച് കൂട്ടുകെട്ട് ഉറപ്പിക്കാനാണ് ജോർജിന്റെ നീക്കം.