ഇടുക്കി: വനത്തിൽ അധികമുള്ള മൃഗങ്ങളെ കൊന്ന് ഇറച്ചിയാക്കി വിൽക്കാൻ വനംവകുപ്പ് മുൻകൈയെടുക്കണമെന്ന് പി.സി.ജോർജ് എംഎൽഎ. പെരിയാർ കടുവാ സങ്കേതത്തിന്റെ വാർഷിക ആഘോഷത്തിനിടെ സംസാരിക്കവെയായിരുന്നു പൂഞ്ഞാറിൽനിന്നുള്ള എംഎൽഎയുടെ വിചിത്ര നിർദ്ദേശം.
വന്യമൃഗങ്ങളെ ഭക്ഷണത്തിനായി കൊന്നുതിന്നുന്നതു തെറ്റായി കാണുന്നില്ല. കാട്ടുപന്നികൾക്ക് ഫാമിൽ വളർത്തുന്ന പന്നികളെ അപേക്ഷിച്ച് കൊഴുപ്പ് കുറവാണ്. അതിനാൽ ഇതിനെ കൊന്ന് ഇറച്ചി വിറ്റാൽ സർക്കാരിന് അധിക വരുമാനമുണ്ടാക്കാൻ സാധിക്കും. വനത്തിൽ ആനകളുടെ എണ്ണം വർധിക്കുന്നത് സമ്മതിക്കുന്നുവെങ്കിലും ഇവയെ തത്കാലം വെറുതെ വിടാമെന്നും പി.സി.ജോർജ് പറഞ്ഞു.
വനംമന്ത്രി കെ.രാജുവിനെ വേദിയിലിരുത്തിയായിരുന്നു ജോർജിന്റെ പരാമർശം. ഉടൻതന്നെ മറുപടിയുമായി രംഗത്തെത്തിയ മന്ത്രി, വനത്തിനുള്ളിലുള്ള മൃഗങ്ങളെ കൊല്ലാനാകില്ലെന്നു വ്യക്തമാക്കി.