തിരുവനന്തപുരം: പി.സി. ജോർജ് എംഎൽഎ നൽകിയ അപകീർത്തി കേസ് അവസാനിപ്പിക്കാൻ ഹൈടെക് ക്രൈം സെൽ കോടതിയുടെ അനുമതി തേടി. സൈബർ നിയമപ്രകാരം പി.സി. ജോർജ് കെഎസ്ഇബി ഉദ്യോഗസ്ഥനെതിരേ നൽകിയിരുന്ന പരാതിയിൽ എടുത്ത കേസാണ് എഴുതിത്തള്ളണമെന്ന് അന്വേഷണ സംഘം റിപ്പോർട്ട് നൽകിയത്.
ഈരാറ്റുപേട്ട മുൻ കെഎസ്ഇബി ജീവനക്കാരനായ സാംജിത്തായിരുന്നു കേസിലെ ഏക പ്രതി. വൈദ്യുതി വിഛേദിച്ചതുമായി ബന്ധപ്പെട്ടകാര്യം ചോദ്യം ചെയ്യാൻ ജോർജ് കെഎസ്ഇബി ഓഫീസിൽ ചെന്നിരുന്നു.
അവിടെ നടത്തിയ സംസാരത്തിന്റെ രംഗങ്ങൾ സാംജിത്ത് മൊബൈൽ ഫോണിൽ പകർത്തിയ ശേഷം അതിൽ എഡിറ്റ് ചെയ്തു തെറ്റായ രീതിയിൽ രംഗങ്ങൾ സൃഷ്ടിച്ചു സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചതു കാരണം തനിക്ക് അപമാനം ഉണ്ടാക്കി എന്നു ചൂണ്ടി കാട്ടി ജോർജ് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കു പരാതി നൽകിയിരുന്നു. ഈ പരാതി ഉമ്മൻ ചാണ്ടി സൈബർ സെല്ലിനു കൈമാറി.
അപകീർത്തിപരമായ രംഗങ്ങൾ തെളിയിക്കാൻ തെളിവുകൾ ലഭിക്കാത്തതിനാൽ കേസ് അവസാനിപ്പിക്കുകയാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ റിപ്പോർട്ടിൽ പറയുന്നത്. എതിർപ്പുണ്ടങ്കിൽ കാരണം കാണിക്കാൻ കോടതി ജോർജിനു നിർദേശം നൽകി. തിരുവനന്തപുരം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയുടേതാണു നിർദേശം. കേസ് അടുത്ത മാസം 22നു കോടതി പരിഗണിക്കും.