കൊച്ചി: മന്ത്രി തോമസ് ചാണ്ടി കായൽ കൈയേറിയതുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണത്തിൽ ആലപ്പുഴ ജില്ലാ കളക്ടർ വരുത്തിയത് ഗുരുതരവീഴ്ചയാണെന്ന് പി.സി. ജോർജ് എംഎൽഎ. കേരള ജനപക്ഷം പാർട്ടിയുടെ സംസ്ഥാനതല അംഗത്വ വിതരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തോമസ് ചാണ്ടിക്കെതിരേ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ ക്രിമിനൽ ചട്ടപ്രകാരം ജില്ലാ കളക്ടർ കേസെടുക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് വിശദമായി അന്വേഷിക്കണം. റിപ്പോർട്ട് സർക്കാർ തലത്തിൽ ചോർന്നതും സംശയാസ്പദമാണ്. ജുഡീഷൽ അധികാരമുള്ള കളക്ടറുടെ റിപ്പോർട്ട് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശത്തിന് അയച്ചതിലും ദുരുദ്ദേശയമുണ്ട്. സജീവ ചർച്ചയാക്കി ഈ വിഷയം നിലനിർത്താനുള്ള ആസൂത്രിത പരിശ്രമമാണ് നടക്കുന്നത്.
എട്ട് കോട്ടേജുകൾ മാത്രമുണ്ടായിരുന്ന തോമസ് ചാണ്ടിയുടെ റിസോർട്ട് 16 കോട്ടേജുകളിലേക്ക് വളർന്നതിൽ, അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുന്ന രാഷ്ട്രീയ നേതാക്കൾക്കും റവന്യു ഉന്നതർക്കും പങ്കുണ്ടെന്നതാണ് വസ്തുതയെന്നും പി.സി.ജോർജ് ആരോപിച്ചു.
പാർട്ടി പ്രസിഡന്റ് എസ്.ഭാസ്കരൻ പിള്ള അധ്യക്ഷത വഹിച്ചു. എം.ടി. ജോസഫ്, മുഹമ്മദ് സക്കീർ, എം.എം. സുരേന്ദ്രൻ, മാലേത്ത് പ്രതാപചന്ദ്രൻ, ജോസ് കോലടി, ലിസി സെബാസ്റ്റ്യൻ, ഷോണ് ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.
കേരള ജനപക്ഷം പാർട്ടിയുടെ ആദ്യ അംഗത്വം ഇ.കെ.ഹസൻകുട്ടിക്ക് കൈമാറി ചെയർമാൻ പി.സി.ജോർജ് സംസ്ഥാനതല അംഗത്വ വിതരണം ഉദ്ഘാടനം ചെയ്യുന്നു. മുഹമ്മദ് സക്കീർ,എം.ടി.ജോസഫ്, എസ്.ഭാസ്കരൻപിള്ള, മാലേത്ത് പ്രതാപചന്ദ്രൻ, ഷൈജോ ഹസൻ, ജോസ് കോലടി എന്നിവർ സമീപം.