കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ വിവാദപ്രസ്താവനകള്‍ നടത്തുന്നതാണോ പിസി ജോര്‍ജ് എംഎല്‍എയുടെ പ്രധാന പരിപാടി എന്ന് തോന്നുന്ന വിധത്തിലാണ് അദ്ദേഹത്തിന്റെ തുടരെത്തുടരെയുള്ള പ്രസ്താവനകള്‍. ഇപ്പോഴിതാ വീണ്ടും വിവാദ പ്രസ്താവനയുമായി പി സി ജോര്‍ജ് എത്തിയിരിക്കുന്നു. ദിലീപ് കുറ്റക്കാരനല്ല എന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല എന്ന് പി സി ജോര്‍ജ് വ്യക്തമാക്കി. അതുപോലെ കേരളത്തിലെ പോലീസ് നാറികളാണ് എന്നും താന്‍ പറഞ്ഞിട്ടില്ല. മറിച്ച് കേരള പോലീസിലെ ചില നാറികളാണ് അന്വേഷണത്തിനു ചുക്കാന്‍ പിടിക്കുന്നത് എന്നാണ് ഞാന്‍ പറഞ്ഞത്.
കുറ്റാരോപിതനായ ദിലീപിനെ പിന്താങ്ങുന്ന തരത്തില്‍ സംസാരിക്കുകയും അന്വേഷണ ഉദ്യോഗസ്ഥരെ അടച്ചാക്ഷേപിക്കുകയും ചെയ്ത നടപടി ഒരു ജനപ്രതിനിധിക്കു ചേര്‍ന്നതാണ് എന്നും ജനപ്രതിനിധി അതാണ് ചെയ്യേണ്ടത് എന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പി സി ജോര്‍ജ് പറഞ്ഞു. പൂഞ്ഞാര്‍ മണ്ഡലത്തിലെ 99 ശതമാനം സ്ത്രീകളും തനിക്ക് വോട്ടു രേഖപ്പെടുത്തിയിരുന്നു എന്നും വരുന്ന തെരഞ്ഞെടുപ്പിലും അതുതന്നെ ആവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹൂസ്റ്റണിലെ പൗരസമിതി നല്‍കിയ സ്വീകരണത്തിനിടയില്‍ സംസാരിക്കുകയായിരുന്നു പി.സി. ജോര്‍ജ്. കഴിഞ്ഞ അറുപതു വര്‍ഷം മാറി മാറി ഭരിച്ച് കേരളത്തെ കുട്ടിച്ചോറാക്കിയ ഇടതു വലതു മുന്നണികള്‍ക്കുള്ള മറുപടിയാണ് തന്റെ ജനപക്ഷമെന്ന പുതിയ പാര്‍ട്ടിയെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ 140 മണ്ഡലങ്ങളിലും ജനപക്ഷം ഉണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.