കോട്ടയം: മതവിശ്വാസത്തെ തകർക്കാനും മതവിശ്വാസികളെ അമർച്ച ചെയ്യാനുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നിന്ദ്യമായ നീക്കമാണ് എൻഡിഎ മുന്നണിയുമായി സഹകരിക്കാൻ നിർബന്ധിതനാക്കിയതെന്ന് കേരള ജനപക്ഷം നേതാവ് പിസി ജോർജ് എംഎൽഎ.
സർക്കാർ പ്രസിദ്ധീകരണമായ വിജ്ഞാനകൈരളിയിൽ ക്രൈസ്തവ മുസ്ലിം മതങ്ങളുടെ വിശ്വാസ അനുഷ്ഠാനങ്ങളെ ആക്ഷേപിക്കുന്ന ബോധപൂർവമായ സമീപനമുണ്ടായിട്ടും പിണറായി ഇടപെട്ടില്ല. യുവതീ പ്രവേശനനീക്കത്തിലൂടെ ശബരിമല ആചാരങ്ങളെ അപമാനിക്കാൻ ഏറെത്തവണ ശ്രമം നടത്തി. ഇതിൽ മതവിശ്വാസികളെല്ലാം സർക്കാരിനെതിരാണ്.
ബിഷപ് ഫ്രാങ്കോയെ ജയിലിൽ അടച്ചതും ആക്ടിവിസ്റ്റ് എന്ന ലേബലിൽ വഴിതെറ്റി നടക്കുന്ന ചില സ്ത്രീകളെ ശബരിമല കയറ്റാൻ സൗകര്യമൊരുക്കിക്കൊടുത്തതുമൊക്കെ സർക്കാരിന്റെ ഹിഡൻ അജണ്ടയുടെ ഭാഗമാണ്. സംസ്ഥാനം നേരിട്ട ഭയാനകമായ പ്രളയം കഴിഞ്ഞു നൂറു ദിവസമായിട്ടും നയാ പൈസ നഷ്ടപരിഹാരം നൽകാൻ കഴിയാത്തതിലെ പിടിപ്പുകേട് മറച്ചുവയ്ക്കാനാണ് ശബരിമല കൊഴുപ്പിച്ച് മാധ്യമ ശ്രദ്ധ അവിടേക്കു തിരിച്ചുവിടുന്നത്.
ഒരു പ്രതിപക്ഷം എന്ന നിലയിൽ ഉണർന്നു പ്രവർത്തിക്കാൻ സാധിക്കാതെ വന്നിരിക്കുന്ന യുഡിഎഫ് ഓരോ ദിവസവും ദുർബലപ്പെടുകയാണ്. കൃത്യമായ അജണ്ടയോ അണികളെ ഒരുമിച്ചുനിറുത്താനുള്ള നേതൃ വൈഭവോ യുഡിഎഫിലില്ല.
ഈ സാഹചര്യത്തിൽ യുഡിഎഫിനോടു സഹകരിക്കാൻ പികെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടിരുന്നു. എന്നാൽ താൻ യുഡിഎഫിനോടു സഹകരിക്കുന്നതിനോട് ആ മുന്നണിയിലെ ഒരാൾ എതിർപ്പു പ്രകടിപ്പിച്ചതിനാൽ കുഞ്ഞാലിക്കുട്ടി പിന്നീട് വിളിച്ചതുമില്ല. ആ നിലയിൽ യുഡിഎഫിനോടു സഹകരിച്ചിട്ടുകാര്യമല്ല. മാത്രവുമല്ല യുഡിഎഫ് ഓരോ ദിവസവും ദുർബലമാവുകയുമാണ്.
ബിജെപി മുന്നണിയോടു സഹകരിക്കുന്നു എന്നതുകൊണ്ട് ബിജെപിയിൽ ചേരുമെന്നോ സഖ്യം കൂടുമെന്നോ അർഥമില്ല. പിണറായി വിജയന്റെ ദൈവനിഷേധ സമീപനത്തോടും യുഡിഎഫിന്റെ ദുർബലസമീപത്തോടുമുള്ള എതിർപ്പാണ് എൻഡിഎ സഹകരണത്തിന് നിർബന്ധിതമാക്കിയത്.
ഷോണ്‍ ജോർജ് ഡൽഹിയിൽ പോയത് ബിജെപിയുമായി ചർച്ച നടത്താനാണെന്നു പ്രചരിപ്പിക്കുന്നവരുണ്ട്. ജനപക്ഷം പാർട്ടിയുടെ അംഗീകാരവുമായി ബന്ധപ്പെട്ട് ഇലക്ഷൻ കമ്മീഷനെ കാണാനാണ് ഷോണ്‍ ഡൽഹിക്കുപോയത്.ഇന്നു തിരുവനന്തപുരത്തു ചേരുന്ന ജനപക്ഷം നേതൃയോഗം ഇക്കാര്യങ്ങളിൽ വ്യക്തമായ തീരുമാനമെടുക്കുമെന്നും പിസി ജോർജ് രാഷ്ട്രദീപികയോടു പറഞ്ഞു.