കോട്ടയം: ബഫർ സോണ്‍ നിശ്ചയിക്കുന്നതിനുള്ള ഉപഗ്രഹ സർവേ ജനങ്ങൾക്ക് ആപത്തായി മാറിയെന്ന് കേരള ജനപക്ഷം ചെയർമാൻ പി.സി. ജോർജ്.
കോട്ടയം ജില്ലയുടെ കിഴക്കൻ മലയോര മേഖലകളായ കോരുത്തോട്, എരുമേലി പഞ്ചായത്തുകളിലെ വിവിധ വാർഡുകൾ ബഫർ സോണായി മാറിയിരിക്കുകയാണെന്നും ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരുടെ സമിതി നേരിട്ടു വിവരശേഖരണം നടത്തണമെന്നും പി.സി. ജോർജ് ആവശ്യപ്പെട്ടു.
തന്നോട് ആവശ്യപ്പെട്ടാൽ 10 ദിവസത്തിനകം കൃത്യമായ സർവേ നടത്തി വിവരങ്ങൾ സമർപ്പിക്കാം. കാർബണ്‍ ഫണ്ട് തട്ടിയെടുത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ ഫുഡ് അടിക്കുകയാണ്.
ബഫർ സോണ്‍ വിഷയത്തിൽ കേരള കോണ്‍ഗ്രസ്-എം മൗനം വെടിയണം. ജനങ്ങളോട് ഒന്നും മുഖ്യമന്ത്രിയെ കാണുന്പോൾ മറ്റൊന്നും പറയുന്ന നയം മാറ്റണം.
ഇടുക്കിയുടെ പ്രതിനിധിയാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ മന്ത്രി. ഇടുക്കി ജില്ല പൂർണമായും വനമായി മാറാൻ പോകുകയാണ്. മന്ത്രിയെ പിൻവലിക്കാൻ കേരള കോണ്‍ഗ്രസ് തയാറാകണമെന്നും പി.സി.ജോർജ് പറഞ്ഞു.
പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പറയുന്നില്ല. അവസരം കിട്ടിയാൽ മത്സരിക്കും. പത്തനംതിട്ട സേഫ് മണ്ഡലമാണ്.
ബിജെപി ഉൾപ്പെടെയുള്ള കക്ഷികളിൽ രണ്ടു മാസത്തിനുള്ളിൽ വലിയ മാറ്റങ്ങളുണ്ടാകും. പാർലമെന്റ് തെരഞ്ഞെടുപ്പിൽ മുന്നണികളിലും മാറ്റമുണ്ടാകുമെന്നും പി.സി. ജോർജ് പറഞ്ഞു.