കൊടകര: തുച്ഛമായ പാട്ടത്തിന് സന്പന്നർ കൈവശം വച്ചിട്ടുള്ള ഭൂമി സർക്കാർ ഏറ്റെടുത്ത് പാവപ്പെട്ട ദളിത് വിഭാഗങ്ങൾക്ക് വിതരണം ചെയ്യണമെന്ന് പി.സി.ജോർജ് എംഎൽഎ ആവശ്യപ്പെട്ടു. ആളൂരിൽ നടന്ന അഖില കേരള പുലയോദ്ധാരണ മഹിളാ സമിതിയുടെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതിക്കെതിരെയുള്ള പോരാട്ടത്തിൽ ജനങ്ങൾ കൈകോർക്കണം.
അവകാശങ്ങൾക്കായി ശക്തമായ പോരാട്ടം നടത്തണം. അറുപതു വർഷത്തോളം കേരളത്തിൽ മാറി മാറി ഭരണം നടത്തിയ ഇടതു-വലതു മുന്നണികൾ ദളിത് വിഭാഗങ്ങൾക്കായി കാര്യമായി ഒന്നും ചെയ്തിട്ടില്ലെന്നും പി.സി.ജോർജ് പറഞ്ഞു. പുലയോദ്ധാരണ മഹിളാ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് മാധവി ടീച്ചർ അധ്യക്ഷത വഹിച്ചു.
ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ, അഖില കേരള പുലയോദ്ധാരണ സഭ സംസ്ഥാന പ്രസിഡന്റ് പി.പി.സർവ്വൻ, ജനറൽ സെക്രട്ടറി യു.കെ.സദാനന്ദൻ,ജോയിന്റ് സെക്രട്ടറി ഐ.കെ.ചന്ദ്രൻ,യൂത്ത് മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി കെ.എസ്.സുധീഷ്, കൊടകര ഏരിയ സെക്രട്ടറി സുന്ദരൻ, സിന്ധു വേണു, അന്പിളി ബാബു എന്നിവർ സംസാരിച്ചു. സിമി കണ്ണദാസ്- സംസ്ഥാന പ്രസിഡന്റ്, സിന്ധു വേണു- സെക്രട്ടറി, അന്പിളി ബാബു- ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.