തിരുവനന്തപുരം: അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിൽ നടത്തിയ വിവാദ പ്രസംഗക്കേസില്‍ പി.സി ജോര്‍ജിന് വീണ്ടും പൊലീസിന്റെ നോട്ടീസ്.
തിങ്കളാഴ്ച 11 ന് തിരുവനന്തപുരത്തെത്തി അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. ഇന്നലെയാണ് നോട്ടീസ് നല്‍കിയത്.
അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങിയ പി.സി ജോര്‍ജിന് നേരത്തെ പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. ആരോഗ്യസംബന്ധമായ പരിശോധനകള്‍ക്കായി ഡോക്ടറെ കാണാനുണ്ടന്നും അതിനാല്‍ മറ്റേതെങ്കിലും ദിവസം പോലീസ് ആവശ്യപ്പെടുന്ന മുറയ്ക്ക് ചോദ്യം ചെയ്യലിന് എത്തിച്ചേരാമെന്നും പി.സി അറിയിച്ചിരുന്നു.
പി.സി ജോര്‍ജ് തൃക്കാക്കരയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു പോയിരുന്നു. ഇത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്ന് കാട്ടി ഹൈക്കോടതിയെ സമീപിക്കേണ്ട എന്നായിരുന്നു പോലീസ് തീരുമാനം. പി.സി.ജോർജിന് വീണ്ടും നോട്ടീസ് അയയ്ക്കുക എന്നായിരുന്നു പോലീസിന് കിട്ടിയ നിയമോപദേശം.
അതേസമയം പോലീസിനു മുന്നിൽ ഹാജരാകാൻ തയ്യാറെന്നു കാട്ടി പി.സി.ജോർജ് തിരുവനന്തപുരം ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർക്ക് ദിവസങ്ങൾക്കു മുന്‍പ് കത്തു നൽകിയിരുന്നു.
തൃക്കാക്കര നിയോജക മണ്ഡലം ഉപതിരഞ്ഞെടുപ്പിന്റെ പ്രചരണത്തിൽ ആയതിനാലും നിലവിലെ ആരോഗ്യവസ്ഥയിൽ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേയ്ക്ക് ദീർഘ ദൂരം യാത്ര ചെയ്യാൻ ബുദ്ധിമുട്ട് ആയതിനാലുമാണ് ഇന്നലെ തെളിവെടുപ്പിനായി ഹാജരാകാതിരുന്നതെന്ന് പി.സി.ജോർജ് നൽകിയ കത്തിൽ പറഞ്ഞിരുന്നു.