കാഞ്ഞിരപ്പള്ളി: ജനപക്ഷം പാർട്ടിയിൽ പൊട്ടിത്തെറി. ജില്ലാ പ്രസിഡന്റും യുവജന പക്ഷം ജില്ലാ പ്രസിഡന്റും പാർട്ടി വിട്ടു. പത്തനംതിട്ടയിൽ എൻഡിഎ സ്ഥാനാർഥി കെ. സുരേന്ദ്രനെ പിന്തുണയ്ക്കുവാൻ തീരുമാനിച്ചതായി പി.സി. ജോർജ് എംഎൽഎ അറിയിച്ചതിന് പിന്നാലെയാണ് ജനപക്ഷം കോട്ടയം ജില്ലാ പ്രസിഡന്റ് ആന്റണി മാർട്ടിൻ, യുവജന പക്ഷം ജില്ലാ പ്രസിഡന്റ് റിജോ വാളാന്തറ എന്നിവർ പാർട്ടി വിടുന്നതായി അറിയിച്ചത്.
എൻഡിഎ സ്ഥാനാർഥിയെ പിന്തുണയ്ക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് തങ്ങൾ ജനപക്ഷം പാർട്ടി വിടുന്നതെന്ന് ഇരുവരും പറഞ്ഞു. സമാന ചിന്താഗതിക്കാരായ ആളുകളുമായി കൂടിയാലോചിച്ച് ഭാവി തീരുമാനങ്ങൾ കൈക്കൊള്ളും. വർഗീയതയ്ക്കും അഴിമതിക്കും എതിരേ രൂപംകൊണ്ട പ്രസ്ഥാനം അതിന്റെ ആശയങ്ങളിൽ നിന്ന് വ്യതിചലിച്ചിരിക്കുകയാണ്. ഇത് ഭൂരിഭാഗം പ്രവർത്തകർക്കും ഉൾക്കൊള്ളാൻ കഴിയില്ല. വ്യക്തിപരമായും രാഷ്ട്രീയമായും ഇത് അംഗീകരിക്കാനാകില്ലന്നും ആന്റണി മാർട്ടിൻ പറഞ്ഞു.
ഏഴു വർഷമായി പാർട്ടിയുടെ യുവജന പക്ഷം ജില്ല പ്രസിഡന്റായി പ്രവർത്തിച്ച താൻ സംസ്ഥാന കമ്മിറ്റിയിൽ അടക്കം എൻഡിഎ സഹകരണത്തിനെതിരേ നിലപാടെടുത്തിരുന്നതായി റിജോ വാളാന്തറ പറഞ്ഞു. താൻ ജനപക്ഷത്തു നിന്ന് കൊണ്ട് സിപിഎമ്മിലേക്ക് പോകാൻ ശ്രമം നടത്തിയെന്നുള്ള ആരോപണം അടിസ്ഥാന രഹിതമാണ്.
അങ്ങനെ ഒരു നിലപാടുണ്ടായിരുന്നുവെങ്കിൽ തനിക്ക് കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം ലഭിക്കേണ്ടതായിരുന്നു. ഇത്തരമൊരു ആരോപണം ഇപ്പോൾ ഉന്നയിക്കാതെ അന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കുകയാണ് ചെയ്യേണ്ടിയിരുന്നതെന്നും റിജോ പറഞ്ഞു.