തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടുമൂലമാണ് കേരളത്തിൽ രൂക്ഷമായ വിലക്കയറ്റം അനുഭവപ്പെടുന്നതെന്നു കേരള ജനപക്ഷം ചെയർമാൻ പി.സി. ജോർജ് എംഎൽഎ. വിലക്കയറ്റത്തിനെതിരെ കേരള ജനപക്ഷം സംഘടിപ്പിച്ച ജനരോഷ വിളംബര പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അന്യസംസ്ഥാന കച്ചവടലോബിയും അവരുടെ ഏജന്റുമാരും ഒരു വിഭാഗവും ഭരണമുന്നണി നേതാക്കളും തമ്മിലുള്ള അവിശുദ്ധമായ കൂട്ടുകെട്ടിന്റെ ഫലമാണു നിത്യോപയോഗ സാധനങ്ങളുടെ വില ഇത്രയേറെ വർധിക്കാൻ കാരണം.
ഒരു പ്രദേശത്ത് ഒരേ നിലവാരത്തിലുള്ള നിത്യോപയോഗ സാധനങ്ങൾക്കു ജനങ്ങൾ പല വിലകൾ കൊടുക്കേണ്ടിവരുന്നത് സർക്കാർ സംവിധാനങ്ങൾ നിർജീവമാണെന്നതിന്റെ തെളിവാണ്. ബ്രാൻഡഡ് അരികൾക്കു തോന്നിയപോലെ വില വാങ്ങാൻ എല്ലാ സൗകര്യങ്ങളും സർക്കാർ ചെയ്തുകൊടുക്കുകയാണ്.
ജീവൻ രക്ഷാ ഔഷധങ്ങൾക്ക് ഇന്ത്യയിൽ ഒരു സംസ്ഥാനത്തും ഇല്ലാത്ത വിലയാണ് കേരളത്തിൽ നൽകേണ്ടിവരുന്നത്. അയൽ സംസ്ഥാനങ്ങളിൽ നിന്നു നിസാരവിലയ്ക്കു സംഭരിക്കുന്ന പച്ചക്കറികൾക്ക് കേരളത്തിലെ അതിർത്തി കടന്നാലുടൻ സ്വർണത്തിന്റെ വിലയാകുന്നതെങ്ങനെയെന്ന് സംസ്ഥാന സർക്കാർ മറുപടി പറയണം.
ജിഎസ്ടി നടപ്പിലാക്കിയതു മൂലവും, പെട്രോളിയം ഉൽപ്പന്നങ്ങളുടെ ദിനം തോറുമുള്ള വിലവർധനവും ജനജീവിതം ദുഃസഹമായിരിക്കുകയാണെന്നും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നയങ്ങളാണ് വിലക്കയറ്റത്തിന്റെ മുഖ്യകാരണമെന്നും പി.സി. ജോർജ് പറഞ്ഞു.ജില്ലാ പ്രസിഡന്റ് കെ. ഒ. രാജൻ, നേതാക്കളായ സിജുരാജൻ, പാലപ്പൂര് സുരേഷ്, കെ. എ. ബഷീർ, വിഷ്ണു അമ്പാടി, സാബു ചിറയൻകീഴ്, സ്റ്റെല്ലസ് തുടങ്ങിയവരും പ്രസംഗിച്ചു.