കോട്ടയം: ഒന്നല്ല, രണ്ട് തോക്കുകളാണ് പി.സി. ജോർജ് എംഎൽഎ ലൈസൻസോടെ സൂക്ഷിച്ചിരിക്കുന്നത്. കൈവെള്ളയിൽ ഒതുങ്ങുന്ന ഒരു പിസ്റ്റളും ഒരു ട്വൽവ് ബോർ നീളൻ തോക്കും. ആറ് വെടി തുടരെ വയ്ക്കാവുന്ന പിസ്റ്റൾ രാവും പകലും വാഹനത്തിനുള്ളിലെ അറയിൽ കൈെയകലത്തിൽ വച്ചാണ് ജോർജിന്റെ യാത്രകൾ. ആനയെ വീഴ്ത്താൻ ശക്തിയിൽ വെടി പൊട്ടുന്ന നീളൻ തോക്കിൽ ഒരു തിരയേ ഇടാനാകൂ. അത് വീട്ടിലാണ് സൂക്ഷിക്കുന്നത്.
തോക്ക് ആർക്കും നേരേ ഇന്നേവരെ താൻ ഉപയോഗിച്ചിട്ടില്ലെന്നു ജോർജ് പറയുന്നു. നാക്ക് നിറതോക്കുപോലെ ഉപയോഗിക്കുന്ന പി.സി. ജോർജിന് വേറെയൊരു തോക്ക് എന്തിനെന്നു ചോദിച്ചാൽ ആത്മരക്ഷയ്ക്ക് എന്നാണ് ഇദ്ദേഹം പറയുന്നത്. ആരെയും ഭയമില്ലെന്ന് ചാനൽ ചർച്ചകളിൽ പറയാറുണ്ടെങ്കിലും തോക്കു കൊണ്ടുനടക്കുന്നത് ശത്രുക്കളെ ഭയന്നാണെന്നു പറയാൻ മടിയില്ല.
തോക്കുള്ളവർ അതെങ്ങനെ കൈകാര്യം ചെയ്യണം എന്നു പഠിപ്പിക്കാൻ ഇന്നലെ ജില്ലാ പോലീസ് ചീഫ് എൻ. രാമചന്ദ്രൻ തോക്കു ലൈസൻസികളുടെ ജില്ലാതല യോഗം വിളിച്ചിരുന്നു. കോട്ടയം പോലീസ് ക്യാന്പിലെ ആ യോഗത്തിലാണ് ഇന്നലെ പി.സി. ജോർജ് എംഎൽഎ തോക്കുമായി എത്തിയത്.
തോക്കു വാങ്ങേണ്ടിവന്ന സംഭവം ചെറിയൊരു സംഭവമല്ലെന്നും ഓർക്കുന്പോൾ ഇപ്പോഴും ഭയമുണ്ടെന്നുമാണ് ജോർജ് പറയുന്നത്. 1980ൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ പി.സി. ജോർജ് ഇലക്ഷൻ ജയിച്ച കാലം. മലയോരങ്ങളും മലമടക്കുകളും കടന്നു സ്വീകരണങ്ങൾ ഏറ്റുവാങ്ങി പര്യടനം. മലകയറാൻ കുതിരക്കരുത്തുള്ള കെഎൽകെ 526 നന്പർ ജീപ്പാണ് അക്കാലത്ത് ജോർജിന്റെ വാഹനം.
ജീപ്പ് കുത്തുവളവുകൾ ഇറങ്ങിവരുന്ന ഒരു വൈകുന്നേരം ഒരു വിശ്വസ്തൻ ഓടിക്കിതച്ചെത്തി ജീപ്പ് തടഞ്ഞു. പൂഞ്ഞാർ അടിവാരത്ത് ജോർജിനെ വകവരുത്താൻ പ്രതിയോഗിസംഘം റോഡ് വിലങ്ങി ആയുധങ്ങളുമായി നിൽക്കുന്നു എന്ന വിവരം അയാൾ ചെവിയിൽ പറഞ്ഞു. അപകടം മണത്ത ജോർജ് റൂട്ട് മാറ്റി പെരിങ്ങളം, കൈപ്പള്ളി വഴി ജീപ്പ് പായിച്ച് ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി കതകടച്ചു.
പിറ്റേന്നു രാവിലെ കോട്ടയത്ത് പി.സി. ചാക്കോയുടെ തോക്കുകടയിൽ ചെന്നു കൈയിൽ ഒതുക്കിവയ്ക്കാവുന്ന തോക്കു വാങ്ങി. കാശുനോക്കിയില്ല, നാലു ലക്ഷം രൂപ വിലയുള്ള പിസ്റ്റൾ വാങ്ങി. എങ്ങനെയാണ് വെടിവയ്ക്കുന്നതെന്ന് അറിയില്ലെങ്കിലും പിസ്റ്റൾ വാങ്ങി ലൈസൻസെടുത്തു. 37 വർഷം പഴക്കമുള്ള ആ പിസ്റ്റളുമായാണ് എംഎൽഎ ബോർഡ് വച്ച വണ്ടിയിൽ ജോർജിന്റെ രാപകൽ യാത്ര.
ഒറ്റക്കുഴലുള്ള ട്വൽവ് ബോർ തോക്കു വാങ്ങിയതിനു പതിന്നാലായിരം രൂപ. പൂഞ്ഞാർ മലകളെയും അവിടെയുള്ള മരങ്ങളെയും പാറകളെയും ലക്ഷ്യമാക്കി വെടിവച്ചു നേടിയ പരിശീലനമേ ജോർജിനുള്ളു.
വാകൊണ്ടുള്ള വെടിക്കാണു കൂടുതൽ സംഹാരശേഷിയെന്നതാണ് അനുഭവം. വാക്കിനു ലൈസൻസ് ഇല്ലെങ്കിലും രണ്ടു തോക്കുകൾക്കും ലൈസൻസുണ്ട്. ഫീസും കെട്ടുന്നുണ്ട്. മാസാമാസം തോക്കുകൾ അഴിച്ച് പൊടിതട്ടി എണ്ണയിടുന്നുണ്ട്. വേറൊരാൾപോലും ഇത് തൊടാൻ പാടില്ലെന്നു വീട്ടിൽ നിർദേശവുമുണ്ട്.
തെരഞ്ഞെടുപ്പു വിജ്ഞാപനം വരുന്ന ദിവസം മുതൽ തെരഞ്ഞെടുപ്പു ഫലം വരുന്നതു വരെ തോക്കുകൾ അതാത് ലോക്കൽ പോലീസ് സ്റ്റേഷനിൽ നൽകണമെന്നാണ് സർക്കാർ ചട്ടം. ഈ ചട്ടം കൃത്യമായി ജോർജ് പാലിക്കുന്നുണ്ട്.