നെടുന്പാശേരി: പി.സി. ജോർജ് എംഎൽഎ പരസ്യമായി നടത്തിയ പരാമർശങ്ങൾ തനിക്കു മാനഹാനി ഉണ്ടാക്കിയെന്നും തനിക്കെതിരായ പ്രചാരണത്തിന് ചിലർ ഈ പരാമർശങ്ങൾ ഉപയോഗിച്ചെന്നും ആക്രമണത്തിനിരയായ നടി പോലീസിൽ മൊഴി നൽകി. അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിനു പി.സി. ജോർജ് എംഎൽഎയ്ക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയനു നടി നൽകിയ പരാതിയിലാണു നെടുന്പാശേരി പോലീസ് മൊഴി രേഖപ്പെടുത്തിയത്.
തന്നെ മനഃപൂർവം വ്യക്തിഹത്യ നടത്തുന്ന രീതിയിലായിരുന്നു ജോർജിന്റെ പരാമർശങ്ങൾ. ഇത് സാധാരണക്കാർക്കിടയിൽ സംശയത്തിന് ഇടനൽകുന്നതായിരുന്നു. ആക്രമണത്തെത്തുടർന്ന് താൻ മാനസികമായി തകർന്നിരുന്ന സാഹചര്യത്തിൽ എംഎൽഎ നടത്തിയ പരാമർശങ്ങൾ തന്നെ കൂടുതൽ തളർത്തി. ഒരു ജനപ്രതിനിധിയാണെന്ന കാര്യം പോലും മറന്നുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. സ്ത്രീകളുടെ സുരക്ഷിതത്വവും സംരക്ഷണവും ഉറപ്പുവരുത്താൻ ഉത്തരവാദപ്പെട്ട ഒരു ജനപ്രതിനിധിക്ക് എങ്ങനെയാണ് ഇത്തരത്തിൽ സംസാരിക്കാൻ കഴിഞ്ഞതെന്നു മനസിലാകുന്നില്ല. ഇത്തരത്തിൽ സമൂഹത്തിലെ പ്രബലർ സ്ത്രീത്വത്തെ കളങ്കപ്പെടുത്താൻ ശ്രമിക്കുന്നത് ആശങ്കാജനകമാണെന്നും നടി പറഞ്ഞു. ആക്രമണത്തിനിരയാകുന്നവരുടെ ഐഡന്റിറ്റി വ്യക്തമാക്കാൻ പാടില്ലെന്നിരിക്കെ താൻ ആരാണെന്നു വെളിപ്പെടുത്തുന്ന രീതിയിലായിരുന്നു ജോർജിന്റെ പരാമർശം.
ആക്രമണം നേരിട്ടതിനുശേഷം സുഹൃത്തുക്കളും ബന്ധുക്കളും സിനിമാ മേഖലയിൽ ഉള്ളവരും നേരിട്ടും ഫോണിൽ വിളിച്ചും നൽകിയ പിന്തുണയിലാണു തനിക്ക് ആക്രമണത്തിന്റെ ഞെട്ടലിൽനിന്ന് ഒരു പരിധിവരെയെങ്കിലും മുക്തയായി അഭിനയരംഗത്തേക്കു മടങ്ങിയെത്താൻ കഴിഞ്ഞത്.
എന്നാൽ ഇതുപോലും ക്രൂരമായാണു പി.സി. ജോർജ് വളച്ചൊടിച്ചതെന്നും നടി പറഞ്ഞു. നടി ക്രൂരപീഡനത്തിന് ഇരയായെങ്കിൽ എങ്ങിനെയാണ് അടുത്തദിവസം ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തിയതെന്നായിരുന്നു പി.സി. ജോർജ് ചോദിച്ചത്. ഇതിനെതിരേ ഇ മെയിൽ വഴിയാണ് നടി മുഖ്യമന്ത്രിക്കു പരാതി നൽകിയത്. നടിയുടെ മൊഴി പോലീസ് പരിശോധിച്ചുവരികയാണെന്നു നെടുന്പാശേരി സിഐ പി.പി. ഷൈജു പറഞ്ഞു.
നടിയുമായി ബന്ധപ്പെട്ടശേഷം അവരുടെ സൗകര്യപ്രകാരം തൃശുരിലെത്തിയാണു പോലീസ് വിവരങ്ങൾ ചോദിച്ചറിഞ്ഞത്. നേരത്തേ നൽകിയ പരാതിയിൽ നടി ഉറച്ചുനിൽക്കുകയാണോയെന്നു കൂടി അറിയാനാണു പോലീസ് എത്തിയത്.
ഇ മെയിലിന്റെ കോപ്പി കൈയിൽ കരുതിയ പോലീസ് ഇത് നടി തന്നെ നേരിട്ട് അയച്ചതാണോ എന്നും ചോദിച്ചറിഞ്ഞു. താൻ നേരിട്ട് അയച്ച പരാതിയാണെന്നു നടി അറിയിച്ചു. പരാതിയിൽ നടി ഉറച്ചുനിൽക്കുന്ന സാഹചര്യത്തിൽ പോലീസിന് പി.സി. ജോർജിനെതിരേ നടപടി സ്വീകരിക്കേണ്ടി വരും.