ജോണ്സണ് വേങ്ങത്തടം
കൊച്ചി: അതൃപ്തി പരസ്യമാക്കി മുന്നണി വിട്ട പി.സി. തോമസ് വീണ്ടും എന്‍ഡിഎ യോഗത്തില്‍ സജീവമായി.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് നയിക്കുന്ന നയിക്കുന്ന വിജയ യാത്രയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തുകൊണ്ടു എന്‍ഡിഎയില്‍ അദേഹം സജീവമായി കഴിഞ്ഞു.
ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന ഉറപ്പും അതിനായുള്ള നീക്കങ്ങള്‍ ബിജെപി നേതാക്കള്‍ അദേഹത്തിനു നല്കി കഴിഞ്ഞു.
ബിജെപിയുടെ കേരളത്തിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷിയുമായി അദേഹം ചര്‍ച്ച നടത്തി കഴിഞ്ഞു. തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്കു വേണ്ടി അദേഹം സജീവമാകും.
ഘടകകക്ഷികളുമായി ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ല. 23ന് ചേര്‍ന്ന യോഗത്തില്‍ എത്രയും പെട്ടെന്നു ഘടകകക്ഷികളുമായി ചര്‍ച്ച നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ഇതു കൂടാതെ വിജയയാത്രയുടെ സമാപനത്തില്‍ പങ്കെടുക്കാനെത്തുന്ന കേന്ദ്രമന്ത്രി അമിത് ഷാ ഘടകകക്ഷികളുമായി ചര്‍ച്ച നടത്തുന്നുണ്ട്.
ആറു പ്രാവശ്യം മൂവാറ്റുപുഴ മണ്ഡലത്തില്‍നിന്നും പാര്‍ലമെന്റിലേക്കു വിജയിച്ച കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവ് പി.ടി. ചാക്കോയുടെ മകന് പി.സി. തോമസ് മത്സരരംഗത്തുണ്ടാകുമെന്നാണ് എന്‍ഡിഎ നേതാക്കള്‍ വ്യക്തമാക്കുന്നത്.
എന്നാല്‍ മത്സരിക്കുന്ന കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നാണ് അദേഹവുമായി അടുത്ത വൃത്തങ്ങള്‍ നല്കുന്ന സൂചന.
അദേഹം മത്സരിക്കുകയാണെങ്കില്‍ പാലാ നിയമസഭ മണ്ഡലത്തിലായിരിക്കും മത്സരിക്കുക. കൂടുതല്‍ ബന്ധം ഈമണ്ഡലത്തിലാണെന്നും മൂവാറ്റുപുഴ പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നല്കിയതും ഈ മണ്ഡലമാണ്.
പാലായോടൊപ്പം പൂഞ്ഞാറും കാഞ്ഞിരപ്പള്ളിയും അദേഹത്തിനു ബന്ധങ്ങളുള്ള മണ്ഡലങ്ങളാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോസ് കെ. മാണിയും യുഡിഎഫ് സ്ഥാനാര്‍ഥി മാണി സി. കാപ്പനുമാണ് മത്സരിക്കുക.
രണ്ടു മുന്നണികള്‍ തമ്മിലുള്ള തീപാറുന്ന മത്സരവേദിയിലേക്കാണ് എന്‍ഡിഎ മുന്നണി പി.സി തോമസുമായി എത്തുന്നത്. ജോസ് കെ.മാണി തെരഞ്ഞെടുപ്പു പ്രചാരണം ആരംഭിച്ചു കഴിഞ്ഞു.
ഇതിന്റെ ഭാഗമായി പാലായില്‍ പദയാത്രകളാണ് നടക്കുന്നത്. മാണി സി. കാപ്പനും തെരഞ്ഞെടുപ്പിനുള്ള ചുവടുവയ്പ് ആരംഭിച്ചു കഴിഞ്ഞു.
രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ കേരള യാത്രയിലേക്കു കടന്നുവന്ന മാണി സി. കാപ്പന് യുഡിഎഫ് പ്രവേശനവും തെരഞ്ഞെടുപ്പു വേദിയും തുറക്കുകയായിരുന്നു.
എന്‍ഡിഎ മുന്നണിയില്‍ സജീവമാണെന്നും മറ്റൊരു മുന്നണിയെ കുറിച്ചു ചിന്തിച്ചിട്ടില്ലെന്നും പി.സി. തോമസ് വ്യക്തമാക്കുന്നു.
എന്‍ഡിഎയ്ക്കു കേരളത്തില്‍ വിജയിക്കാനുള്ള സാധ്യത കൂടുതലാണ്. ഓര്‍ത്തഡോക്സ്-യാക്കോബായ സഭ വിഷയം പരിഹരിക്കുന്നതില്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ ഉണ്ടായതു വലിയ നേട്ടമായിട്ടുണ്ട്.
യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും അഴിമതി പൊതുജനത്തിനു മനസിലായ സാഹചര്യത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്കു മികച്ച വിജയത്തിനുള്ള സാധ്യത കൂടുതലാണെന്നും അദേഹം വ്യക്തമാക്കുന്നു.