ആലപ്പുഴ: മേയ് 17ന് തിരുവനന്തപുരത്തെ എകെജി സെന്ററില്‍ നടന്ന എല്‍ഡിഎഫ് യോഗവുമായി ബന്ധപ്പെട്ട് കേക്ക് മുറിച്ചു വിതരണം ചെയ്ത ആഘോഷപരിപാടിയില്‍ മുഖ്യമന്ത്രിയും ഇടതുനേതാക്കന്മാരും കോ വിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചു എന്നാരോപിച്ച് തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് സ്റ്റേഷനില്‍ കൊടുത്ത പരാതി പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യാത്തതിനെതിരേ ഡിജിപിക്കു പരാതി നല്‍കിയതായി കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാനും മുന്‍ കേന്ദ്ര മന്ത്രിയുമായ പി സി തോമസ് അറിയിച്ചു.
ഈ മെയില്‍ മുഖാന്തിരമാണ് പരാതി നല്‍കിയത്. അതിനു മുമ്പ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്കും തോമസ് പരാതി നല്‍കിയിട്ടുണ്ട്.
പരാതി ലഭിച്ചിട്ടും പോലീസ് സ്റ്റേഷനിലെ എസ്ഐയോ, സിഐയോ കേസ് സംബന്ധിച്ച് ഒരു നടപടിയും സ്വീകരിക്കാത്തതുകൊണ്ടാണ് തോമസ് പരാതികള്‍ നല്‍കിയിട്ടുള്ളത്.
മുഖ്യമന്ത്രിയെ ഭയന്നാണ് കേസെടുക്കാന്‍ പോലീസ് മടിക്കുന്നതെന്നും നിയമപ്രകാരം നടപടികളുമായി മുന്നോട്ടുപോകുമെന്നും തോമസ് അറിയിച്ചു.
അതേസമയം ചുമതലയേല്‍ക്കുന്ന മുഖ്യമന്ത്രിയേയും മന്ത്രിമാരെയും അനുമോദിച്ചുകൊണ്ടുള്ള ഈമെയില്‍ സന്ദേശം മുഖ്യമന്ത്രിക്ക് അയച്ചതായും തോമസ് അറിയിച്ചു.