എം.ജെ.ശ്രീജിത്ത്
തിരുവനന്തപുരം: പി.സി. ജോർജിന്റെ ജനപക്ഷത്തേയും പി.സി. തോമസിന്റെ കേരളാ കോൺഗ്രസിനേയും യുഡിഎഫിൽ എടുക്കുന്നതിൽ എ ഗ്രൂപ്പിനും ഉമ്മൻ ചാണ്ടിക്കും കടുത്ത എതിർപ്പ്.
പി.സി. ജോർജിന്റെ കാര്യത്തിലാണ് കൂടുതൽ എതിർപ്പ്. നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് യുഡിഎഫിന്റെ ഭാഗമാകാനാണ് ഇരുകൂട്ടരുടേയും ശ്രമം. പി.സി. ജോർജിനെ മുന്നണിയിൽ എടുക്കുന്നതിനോട് ഐ ഗ്രൂപ്പിലെ കുറച്ചുപേർക്കും രമേശ് ചെന്നിത്തലയ്ക്കും താത്പര്യമാണ്.
രമേശുമായി പി.സി. ജോർജ് മുന്നണി പ്രവേശനം സംബന്ധിച്ച് പലതവണ ചർച്ച നടത്തിയിരുന്നു. എന്നാൽ എ ഗ്രൂപ്പ് പി.സി. ജോർജിനെ മുന്നണിയിൽ എടുക്കുന്നതിൽ ശക്തമായ എതിർപ്പ് പ്രകടിപ്പിക്കുകയാണ്.
നിലവിലെ സാഹചര്യത്തിൽ പുതിയ കക്ഷികളെ മുന്നണിയിൽ എടുക്കുന്നതിന്റെ ആവശ്യമില്ലെന്ന നിലപാടിലാണ് എ ഗ്രൂപ്പും ഉമ്മൻ ചാണ്ടിയും. ഘടകക്ഷിയായി ഉൾപ്പെടുത്താൻ പറ്റില്ല, യുഡിഎഫിലെ ഏതെങ്കിലും കക്ഷിയിൽ ലയിച്ചാൽ അപ്പോൾ ആലോചിക്കാമെന്ന നിലപാടാണ് തങ്ങൾക്കുള്ളതെന്ന് എഗ്രൂപ്പ് നേതാക്കൾ രാഷ്ട്രദീപികയോട് പറഞ്ഞു.
പി.സി. തോമസിനോട് ഉമ്മൻ ചാണ്ടി തന്നെ നേരിട്ട് ഇക്കാര്യം പറഞ്ഞിട്ടുണ്ട്. പി.ജെ. ജോസഫിന്റെ കേരള കോൺഗ്രസിൽ ലയിച്ച് മുന്നണിയുടെ ഭാഗമാകാനാണ് ആവശ്യപ്പെട്ടത്.
പി.സി. തോമസിനെ പി.ജെ. ജോസഫിന്റെ പാർട്ടിയിൽ ഉൾപ്പെടുത്തുന്നതിൽ എതിർപ്പില്ലെന്ന നിലപാട് പി.ജെ ജോസഫിനേയും ഉമ്മൻ ചാണ്ടി അറിയിച്ചു. ഘടകക്ഷിയായി ഉൾപ്പെടുത്തിയാൽ സീറ്റ് നൽകേണ്ടിവരും.
ഇതു മുൻ കൂട്ടി കണ്ടാണ് എ ഗ്രൂപ്പ് എതിർപ്പ് ഉയർത്തുന്നത്. ഇരു പാർട്ടികളേയും മുന്നണിയിൽ എടുക്കുന്നതിൽ യുഡിഎഫിലെ ചില ഘടകകക്ഷികൾക്കും എതിർപ്പുണ്ട്.
ഈ സാഹചര്യത്തിൽ ഇരുകൂട്ടർക്കും യുഡിഎഫിൽ എത്തണമെങ്കിൽ കടന്പകൾ കടക്കണം.