20 വർഷത്തെ ഇടവേളയ്ക്കുശേഷം പി.സി. തോമസ് യുഡിഎഫിലേക്കു മടങ്ങി. ഇതിനൊപ്പം തോമസിന്റെ അംഗീകൃത കേരള കോണ്‍ഗ്രസിലേക്ക് പി.ജെ. ജോസഫ് ലയിച്ചു.
ഒരു രാത്രികൊണ്ടാണു തീരുമാനമെങ്കിലും ചർച്ച തുടങ്ങിയിട്ട് കുറെ മാസങ്ങളായെന്നു പി.സി. തോമസ് വെളിപ്പെടുത്തി.
ഒരു രാത്രികൊണ്ട് ഇങ്ങനെയൊരു ലയനം ?
കേരള കോണ്‍ഗ്രസുകളുടെ ഐക്യത്തിന് ഏറെക്കാലമായി ശ്രമമുണ്ടായിരുന്നു. കോട്ടയം കെപിഎസ് മേനോൻ ഹാളിൽ 2019 ഓഗസ്റ്റ് ഒന്നിന് പി.ടി. ചാക്കോ അനുസ്മരണവേളയിൽ വിവിധ മുന്നണിയിലെ കേരള കോണ്‍ഗ്രസ് ഗ്രൂപ്പ് നേതാക്കൾ പങ്കെടുത്ത വേളയിൽ കേരള കോണ്‍ഗ്രസുകളുടെ ലയനം അനിവാര്യമാണെന്ന് കെ.എം. മാണി പറഞ്ഞിരുന്നു.
ഞാൻ അധ്യക്ഷനായ ആ ചടങ്ങ് ഉദ്ഘാടനം ചെയ്ത കെ.എം. മാണി എല്ലാവരെയും ഒരുമിപ്പിക്കാനുള്ള ചുമതല എന്നെ ഏൽപ്പിച്ചിരുന്നു. പല കാരണങ്ങളാൽ ലയനം നടന്നില്ലെന്നു മാത്രം.
എൻഡിഎയിൽ പി.സി. തോമസ് പാലായിൽ സ്ഥാനാർഥി എന്നതായിരുന്നു കേൾവി. ബിജെപി മുന്നണി വിടാനുള്ള സാഹചര്യം ?
ഞങ്ങൾ എൻഡിഎയിലായിരിക്കെ ഏതാനും നേതാക്കൾക്കു ചില പദവികൾ നൽകാമെന്ന് ധാരണയായിരുന്നു.
എന്നാൽ അതൊന്നും നടക്കാതെ വന്നതോടെ ഞങ്ങൾ അകന്നു. ഒരു ബോർഡ് ചെയർമാൻ സ്ഥാനവും ആറു ബോർഡ് അംഗത്വവും നൽകാമെന്ന് അമിത് ഷാ തന്നെ ഉറപ്പുനൽകിയിരുന്നു. എന്നാൽ അവർ വാക്കുപാലിച്ചില്ല.
നിലവിലെ തെരഞ്ഞെടുപ്പിനു മുൻപ് പഴയ വാക്കു പാലിക്കാമെന്ന് ധാരണയിൽ അവർ ഞങ്ങളുമായി അടുത്തു.
ഇതിനൊപ്പം തെരഞ്ഞെടുപ്പിൽ ഞങ്ങൾ കുറെ സീറ്റുകളും ചോദിച്ചു. ചെയർമാനായ എനിക്കു മത്സരിക്കാൻ താത്പര്യമുണ്ടായിരുന്നില്ല.
ഞാൻ പാലായിൽ മത്സരിച്ച് സീറ്റ് പിടിച്ചെടുക്കണമെന്ന് നിർബന്ധിച്ചപ്പോഴും പ്രത്യേക സാഹചര്യത്തിൽ ഞാൻ പറ്റില്ലെന്ന് പറഞ്ഞു.
അവസാനം ഞങ്ങളുടെ ഒരാൾക്കു പോലും സീറ്റ് തന്നില്ല. മുന്‍പ് നാല് അസംബ്ളി സീറ്റും ഒരു പാർലമെന്റ് സീറ്റും എൻഡിഎ കേരള കോണ്‍ഗ്രസിനു നൽകിയിരുന്നു.
നരേന്ദ്ര മോദിയെ ആക്ഷേപിച്ചു സംസാരിച്ച സി.കെ. ജാനുവിനു വരെ സീറ്റ് നൽകിയിട്ടും ഞങ്ങളെ ഒഴിവാക്കിയതിൽ ഞാൻ പ്രതിഷേധിച്ചു പിൻമാറി. ഈ സാഹചര്യത്തിലാണ് പി.ജെ. ജോസഫ് ഞങ്ങളുമായി ബന്ധപ്പെട്ടത്.
ചൊവ്വാഴ്ച രാത്രിയിലെ ചർച്ചയിൽ ആരൊക്കെയുണ്ടായിരുന്നു ?
കോവിഡ് ക്വാറന്റൈനിൽ കഴിയുന്ന പി.ജെ. ജോസഫിനുവേണ്ടി ചൊവ്വാഴ്ച രാത്രി എന്റെ വീട്ടിൽ രാത്രി ഒരു മണി മുതൽ പുലർച്ചെ അഞ്ചു മണി വരെയായിരുന്നു ചർച്ച.
ടി.യു. കുരുവിള, ജോസഫ് ജോണ്‍ ഉൾപ്പെടെ നാലു പേരാണു ചർച്ച നടത്താനെത്തിയത്. ജോസഫ് പല തവണ ഫോണിൽ സംസാരിച്ചു.
കേരള കോണ്‍ഗ്രസ് ഒറിജിനൽ പദവി എങ്ങനെയാണ് താങ്കൾക്കു കിട്ടിയത് ?
മുൻപ് പാർട്ടിയുടെ ഉടമസ്ഥത പി.ജെ. ജോസഫിനായിരുന്നു. ജോസഫ് മാണി വിഭാഗത്തിലേക്ക് പോയപ്പോൾ ചെയർമാൻ പദവി ഞങ്ങളുടെ അവകാശത്തിലായി.
ഇതിനെതിരെ പി.ജെ. ജോസഫ് ഹൈക്കോടതിയിലും പിന്നീട് സുപ്രീം കോടതിയിലും തുടരെ കേസുകൾ നടത്തിയെങ്കിലും 2012ൽ ഒറിജിനൽ കേരള കോണ്‍ഗ്രസ് എനിക്കു കിട്ടി.
വാലില്ലാത്ത കേരള കോണ്‍ഗ്രസ് (നേതാവിന്റെ പേരിനോടു ചേർന്ന്) എന്നല്ല 1964ൽ പാർട്ടി സ്ഥാപിതമായ വേളയിലെ പാർട്ടി രജിസ്ട്രേഷനാണ് എനിക്കു ലഭിച്ചത്.
നിലവിൽ പി.ജെ. ജോസഫ് വിഭാഗത്തിനു പാർട്ടി അംഗീകാരവും ചിഹ്നവും ഇല്ലാത്ത സാഹചര്യത്തിൽ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഞങ്ങളുമായി സഹകരിക്കാൻ തീരുമാനിക്കുകയായിരുന്നു.
കോവിഡിനുശേഷം വിശ്രമത്തിൽ കഴിയുന്ന പി.ജെ. ജോസഫുമായി രണ്ടു മൂന്നു ദിവസമായി ഫോണിൽ ആശയവിനിമയമുണ്ടായി.
ലയനത്തിലെ ധാരണ എങ്ങനെ ?
ലയിക്കുന്പോൾ ചെയർമാൻ സ്ഥാനം പി.ജെ. ജോസഫ് ഏറ്റെടുക്കണമെന്ന് ഞാൻ താത്പര്യപ്പെട്ടു. രണ്ടാം സ്ഥാനമായ ഡെപ്യൂട്ടി ചെയർമാൻ സ്ഥാനം ഞാൻ ഏറ്റെടുക്കണമെന്ന് ജോസഫ് താത്പര്യപ്പെട്ടു.
വർക്കിംഗ് ചെയർമാൻ പദവി വേണ്ടെന്നുവെച്ചു. കേരള കോണ്‍ഗ്രസിൽ അങ്ങനെയൊരു പദവി ഇല്ല. മോൻസ് ജോസഫിന് വൈസ്ചെയർമാൻ സ്ഥാനം നൽകി.
മാണി വിഭാഗത്തിൽനിന്നു വന്ന ജോയി ഏബ്രഹാമിന് സെക്രട്ടറി ജനറൽ പദവിയും. തെരഞ്ഞെടുപ്പിനുശേഷം മറ്റ് നേതാക്കൾക്ക് അർഹമായ സ്ഥാനങ്ങൾ നൽകും.
പി.സി. തോമസ് യുഡിഎഫിൽ എത്തി എന്നതല്ലേ ശരി ?
പി.ജെ. ജോസഫ് യുഡിഎഫിലായിരിക്കെ ഈ ലയനത്തോടെ ഞാനും യുഡിഎഫിലായി. 2002നുശേഷം യുഡിഎഫിലേക്കുള്ള മടക്കമാണ്.
അഞ്ചു തവണ മൂവാറ്റുപുഴയിൽനിന്ന് എംപിയായി ജയിച്ചു. എൻഡിഎയിൽ ഒരു തവണയും. ഈ തിരിച്ചുവരവോടെ കേരള കോണ്‍ഗ്രസ് ജോസഫ് സ്ഥാനാർഥികൾക്കും യുഡിഎഫിനും വേണ്ടി പ്രചാരണം നടത്തും.
പാർട്ടി ചിഹ്നം സംബന്ധിച്ച് ?
എന്റെ കേരള കോണ്‍ഗ്രസ് അംഗീകൃത പാർട്ടിയായതിനാൽ കഴിഞ്ഞ മാസം 12നു തെരഞ്ഞെടുപ്പു വിജ്ഞാപനത്തിനു മുൻപു തന്നെ പൊതുചിഹ്നത്തിന് തെരഞ്ഞെടുപ്പ് കമ്മീഷനിൽ അപേക്ഷ നൽകിയിരുന്നു.
ഇക്കാര്യത്തിൽ തീരുമാനം ഉടൻ വരുമെന്ന് കരുതുന്നു. സൈക്കിൾ, ടെലിവിഷൻ, തെങ്ങിൻകൂട്ടം, ഡ്രം തുടങ്ങി 10 ചിഹ്നങ്ങൾ മുൻഗണനാക്രമത്തിൽ അപേക്ഷിച്ചിട്ടുണ്ട്.