ജിബിൻ കുര്യൻ
കോട്ടയം: കേരള കോണ്ഗ്രസ് നേതാവ് പി.സി. തോമസ് എൻഡിഎ മുന്നണി വിടാനൊരുങ്ങുന്നു. യുഡിഎഫ് മുന്നണിയിൽ ചേരാനാണ് പി.സി. തോമസും പാർട്ടിയും തയാറെടുക്കുന്നത്.
ഇതിന്റെ ഭാഗമായി പി.സി. തോമസിന്റെയും പാർട്ടി വൈസ് ചെയർമാൻ രാജൻ കണ്ണാട്ടിന്റെയും നേതൃത്വത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവരുമായി ചർച്ച നടത്തി.
എൻഡിഎ മുന്നണിയിൽ നിന്ന് പാർട്ടിക്കു വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്നും കേന്ദ്ര കോർപറേഷൻ, ബോർഡ് സ്ഥാനങ്ങളിൽ അർഹമായ സ്ഥാനം നൽകിയില്ലെന്നും പാർട്ടിക്കുള്ളിൽ വിമർശനമുയർന്നിരുന്നു.
ഇക്കാര്യം പി.സി. തോമസ് എൻഡിഎ നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു. ജോസ് കെ.മാണിയുടെ കേരള കോണ്ഗ്രസ് -എം യുഡിഎഫ് വിട്ടതോടെയാണ് പി.സി. തോമസും കൂട്ടരും യുഡിഎഫ് പ്രവേശനത്തിനു താത്പര്യം പ്രകടിപ്പിച്ചത്.
കേരള കോണ്ഗ്രസ്-എം ജോസഫ് വിഭാഗവുമായി യോജിക്കാനായിരുന്നു ആദ്യ ചർച്ചയെങ്കിലും ഈ നീക്കത്തിനു ജോസഫ് ഗ്രൂപ്പിൽ നിന്നും വേണ്ടത്ര പിന്തുണ ലഭിച്ചില്ല. ഇതോടെയാണ് കോണ്ഗ്രസ് നേതാക്കളുമായി ചർച്ച നടത്തി മുന്നണിയിലെത്താനുള്ള നീക്കം പി.സി. തോമസ് ആരംഭിച്ചത്.
നിയമസഭയിലേക്ക് പാലാ, പൂഞ്ഞാർ, കോതമംഗലം സീറ്റുകളിൽ ഏതെങ്കിലും ഒന്നിൽ മത്സരിക്കാനാണ് പി.സി. തോമസ് ലക്ഷ്യമിടുന്നത്. ഇക്കാര്യം കോണ്ഗ്രസ് നേതാക്കളെ അറിയിക്കുകയും ചെയ്തു.
പഴയ മൂവാറ്റുപുഴ പാർലമെന്റിന്റെ ഭാഗമായ ഈ മണ്ഡലങ്ങളിൽ പി.സി. തോമസിനു വ്യക്തിബന്ധങ്ങളും സ്വാധീനവുമുണ്ട്. എന്നാൽ സീറ്റിന്റെ കാര്യത്തിൽ കോണ്ഗ്രസ് നേതാക്കൾ വ്യക്തമായ ഉറപ്പൊന്നും ഇതുവരെ നൽകിയിട്ടില്ല.
എൻഡിഎ മുന്നണിയിൽ നിന്നും പുറത്തുപോകണമെന്ന് പാർട്ടിക്കുള്ളിലും ശക്തമായ അഭിപ്രായം ഉയർന്നിട്ടുണ്ട്. പാർട്ടിയുടെ പല നേതാക്കളും പി.സി. തോമസിനെ നേരിൽ കണ്ടു എൻഡിഎ വിടണമെന്നും യുഡിഎഫ് മുന്നണയിൽ ചേരണമെന്നും ആവശ്യമുന്നയിച്ചിരുന്നു.