പാലക്കാട്: ഒറ്റപ്പാലത്ത് 1921ൽ നടന്ന പ്രഥമ കെപിസിസി സമ്മേളനത്തിന്റെ 96-ാം വാർഷികാഘോഷം 23 മുതൽ 26 വരെ ജില്ലാ കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒറ്റപ്പാലത്തു നടക്കും. വാർഷികാഘോഷത്തിന്റെ ഭാഗമായി ചരിത്ര ചിത്രപ്രദർശനം, ഫോട്ടോ പ്രദർശനം, ഫിലിം പ്രദർശനം, കലാ-സാംസ്കാരിക പരിപാടികൾ എന്നിവയും ഒരുക്കുന്നുണ്ട്. ഇന്ത്യൻ സ്വാതന്ത്ര്യ സമരപോരാട്ടത്തിൽ നിർണായ പങ്ക് വഹിച്ച കെപിസിസി പ്രഥമ സമ്മേളനത്തിന്റെ വാർഷികാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഡിസിസി പ്രസിഡന്റ് വി.കെ.ശ്രീകണ്ഠൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
23 മുതൽ 25 വരെ ഒറ്റപ്പാലം മനിശേരി കെ.എം.ഓഡിറ്റോറിയത്തിലാണ് (പി.ബാലൻ നഗർ) വാർഷികാഘോഷ പരിപാടികൾ. 26നു വൈകീട്ട് നാലിന് ഒറ്റപ്പാലം ബസ് സ്റ്റാൻഡ് പരിസരത്തു സമാപന പൊതുസമ്മേളനം നടക്കും. കേരളത്തിൽ കോണ്ഗ്രസ് പ്രസ്ഥാനത്തിന്റെ നീക്കം ശക്തിപ്പെട്ടത് 1921ൽ ഒറ്റപ്പാലത്തു നടന്ന പ്രഥമ കെപിസിസി സമ്മേളനത്തിനുശേഷമാണ്. മലബാർ, തിരു-കൊച്ചി, തിരുവിതാംകൂർ എന്നിവിടങ്ങളിൽനിന്നായി ആയിരങ്ങളാണ് പ്രഥമ കെപിസിസി സമ്മേളനത്തിൽ പങ്കെടുക്കാനായി എത്തിയത്.
എത്തിയവർക്ക് അന്നത്തെ ബ്രിട്ടീഷ് പോലീസിന്റെ മർദനം വരെ ഏൽക്കേണ്ടി വന്നു. സ്വാതന്ത്ര്യ സമരചരിത്രത്തിൽ നിർണായക പങ്കു വഹിച്ച ഈ സമ്മേളനത്തിന് ഇപ്പോഴും കാലികമായ പ്രസക്തിയുള്ളതിനാലാണ് വാർഷികം വിപുലമായ പരിപാടികളോടെ നടത്തുന്നത്. 23നു രാവിലെ 10ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ അധ്യക്ഷനായിരിക്കും. പ്രതിപക്ഷ നേതാവ്രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മുൻ മഹാരാഷ്ട്ര ഗവർണർ കെ.ശങ്കരനാരായണൻ മുഖ്യപ്രഭാഷണം നടത്തും.
24ന് രാവിലെ 10ന് നടക്കുന്ന യുവജന-വിദ്യാർത്ഥി സമ്മേളനം മുൻ കെപിസിസി പ്രസിഡന്റ് വി.എം.സുധീരൻ ഉദ്ഘാടനം ചെയ്യും. യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് അധ്യക്ഷനായിരിക്കും. അന്നേദിവസം ഉച്ചയ്ക്ക് രണ്ടിന് ദളിത്-ന്യൂനപക്ഷ സംഗമം നടക്കും. ഇന്ത്യയിൽ ദളിത് ന്യൂനപക്ഷങ്ങൾ നേരിടുന്ന വെല്ലുവിളികൾ എന്ന സെമിനാറിൽ കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി. സതീശൻ എംഎൽഎ വിഷയം അവതരിപ്പിക്കും. മുൻ കെപിസിസി പ്രസിഡന്റ് കെ.മുരളീധരൻ ഉദ്ഘാടനം ചെയ്യും.
25നു രാവിലെ 10നു നടക്കുന്ന വനിതാസമ്മേളനം മഹിളാ കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കെ.ഐ.കുമാരി അധ്യക്ഷയായിരിക്കും. ഡിസിസി പ്രസിഡന്റ് വി. കെ. ശ്രീകണ്ഠൻ മുഖ്യപ്രഭാഷണം നടത്തും. ഉച്ചയ്ക്ക് രണ്ടിനു നടക്കുന്ന തൊഴിലാളിസംഗമം ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ തൊഴിലാളി വർഗവും സാന്പത്തിക പരിഷ്കാരങ്ങളും എന്ന സെമിനാറിൽ ഐഎൻടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി പി.ജെ. ജോയ് വിഷയാവതരണം നടത്തും.
26നു വൈകുന്നേരം നാലിന് കെ. കരുണാകരൻ നഗറിൽ (ഒറ്റപ്പാലം ബസ് സ്റ്റാൻഡ് മൈതാനം) നടക്കുന്ന സമാപന പൊതുസമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. എഐസിസി സെക്രട്ടറി ദീപക് ബാബറിയ, മുൻ കേന്ദ്രമന്ത്രി കെ.സി. വേണുഗോപാൽ എം .പി എന്നിവർ മുഖ്യപ്രഭാഷണം നടത്തും. പത്രസമ്മേളനത്തിൽ കെപിസിസി സെക്രട്ടറി സി.ചന്ദ്രൻ, സ്വാഗതസംഘം ജനറൽ കണ്വീനർ സത്യൻ പെരുന്പറക്കോട്, ട്രഷറർ കെഎസ്ബിഎ തങ്ങൾ, വി.രാമചന്ദ്രൻ, എ.ബാലൻ, എം.ആർ.രാമദാസ്, കെ.ഭവദാസ് എന്നിവർ സംബന്ധിച്ചു.