ന്യൂഡൽഹി: ജനപക്ഷം നേതാവും പൂഞ്ഞാര്‍ മുന്‍ എംഎല്‍എയുമായ പി. സി ജോര്‍ജ് ബിജെപിയില്‍ ചേര്‍ന്നു. തന്റെ പാര്‍ട്ടിയായ ജനപക്ഷം ബിജെപിയില്‍ ലയിച്ചു എന്ന് പി. സി. ജോര്‍ജ് വ്യക്തമാക്കി.
ജോര്‍ജിന് ഒപ്പം മകനും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവുമായ ഷോണ്‍ ജോര്‍ജും ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെപി ആസ്ഥാനത്തെത്തിയാണ് ഇരുവരും അംഗത്വം സ്വീകരിച്ചത്. ബിജെപി നേതാവ് അനില്‍ ആന്റണി, കേന്ദ്ര മന്ത്രിമാരായ വി. മുരളീധരന്, രാജീവ് ചന്ദ്രശേഖർ എന്നിവർ ചടങ്ങില്‍ പങ്കെടുത്തു.
നാളുകളായി ബിജെപി നേതൃത്വവുമായി പി.സി. ജോര്‍ജ് ചര്‍ച്ചകള്‍ നടത്തിവരികയായിരുന്നു. ഇതിന്റെ അന്തിമ ചര്‍ച്ചയ്ക്കായിട്ടാണ് ബിജെപി കേന്ദ്രനേതൃത്വത്തിന്റെ ക്ഷണം സ്വീകരിച്ച് പി.സി. ജോര്‍ജ് ഇന്നലെ ഡല്‍ഹിയിലെത്തിയത്.
ഷോണ്‍ ജോര്‍ജിനെ കൂടാതെ ജനപക്ഷം സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് ജോസഫും കൂടെയുണ്ട്. പത്തനംതിട്ട ലോക്സഭ മണ്ഡലത്തിലെ സ്ഥാനാര്‍ഥിത്വമാണ് ജോര്‍ജിന് ബിജെപി വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാല്‍ സീറ്റ് നിര്‍ബന്ധമില്ലെന്നാണ് ജോര്‍ജ് പറഞ്ഞിരിക്കുന്നത്.
പത്തനംതിട്ടയില്‍ ജോര്‍ജിന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെ ശക്തമായ ത്രികോണ മത്സരം സൃഷ്ടിച്ചു ജയിക്കാമെന്നാണ് ബിജെപിയുടെ കണക്കു കൂട്ടല്‍. ഷോണ്‍ ജോര്‍ജിനു കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ നിയമസഭ സീറ്റാണ് ചര്‍ച്ചയില്‍ ബിജെപി വാഗ്ദാനം ചെയ്തിരിക്കുന്നത്.
പി.സി. ജോര്‍ജ് ബിജെപിയില്‍ ചേർന്നതോടെ ജനപക്ഷം ബിജെപിയില്‍ ലയിക്കും. ജനപക്ഷം പ്രവര്‍ത്തകര്‍ പ്രാദേശികമായി ബിജെപിയില്‍ അംഗത്വമെടുക്കും.