കണ്ണൂർ: പയ്യന്നൂരിൽ ബസ് കാത്തുനിൽക്കുകയായിരുന്ന കാസർഗോഡ് സ്വദേശിനിയായ യുവതിയെയും മകളെയും കണ്ണൂരിൽ കൂട്ടിക്കൊണ്ടുവന്ന് മകളെ ശാരീരികമായി പീഡിപ്പിച്ച സംഭവത്തിൽ ചന്തപ്പുര സ്വദേശിയെ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ്ചെയ്തു.
കടന്നപ്പള്ളി ചന്തപ്പുരയിലെ പി.ചന്ദ്രൻ (50) നെയാണ് ടൗൺ സിഐ പ്രദീപൻ കണ്ണിപ്പൊയിൽ, എസ്ഐ ബാവിഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പോക്സോ ആക്ട് പ്രകാരം അറസ്റ്റ് ചെയ്തത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
കഴിഞ്ഞദിവസമായിരുന്നു സംഭവം. പറശിനിക്കടവിലേക്കു പോവുകയാണെന്നു പറഞ്ഞ് വീട്ടിൽനിന്നിറങ്ങിയതായിരുന്നു അമ്മയും എട്ടുവയസുകാരിയായ മകളും. പയ്യന്നൂർ ബസ് സ്റ്റാൻഡിൽ ബസ് കാത്തു നില്ക്കുന്നതിനിടെ ഇവരുടെ അടുത്തെത്തിയ ചന്ദ്രൻ ഇവരെ പരിചയപ്പെടുകയും ചെയ്തു. തുടർന്ന് ഇപ്പോൾ ഈ സമയത്ത് പറശിനിക്കടവിലേക്ക് ബസില്ലെന്ന് പറഞ്ഞ് കണ്ണൂരിലേക്ക് ബസിൽ കൂട്ടികൊണ്ടു പോവുകയായിരുന്നു.
കണ്ണൂരിലെ ഒരു ലോഡ്ജിൽ യുവതിയെയും കുട്ടിയെയും താമസിപ്പിച്ച ശേഷം ഇയാൾ അവിടെ നിന്നു മടങ്ങുകയായിരുന്നു. രാത്രിയിൽ എത്തിയ ഇയാൾ കുട്ടിയെ ശാരീരികമായി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ പീഡിപ്പിച്ചെന്ന പരാതി ചൈൽഡ്ലൈൻ മുഖേനയാണ് ചന്തേരപോലീസിന് ലഭിക്കുന്നത്. തുടർന്ന് പരാതി കണ്ണൂർ ടൗൺ പോലീസിന് കൈമാറുകയായിരുന്നു.
ടൗൺ സിഐ പ്രദീപ് കണ്ണിപ്പൊയിൽ, എസ്ഐ ബാവിഷ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. നഗരത്തിലെ ലോഡ്ജ് കേന്ദ്രീകരിച്ചായിരുന്നു പോലീസിന്റെ അന്വേഷണം. പീഡനം നടന്ന ലോഡ്ജ് കണ്ടെത്തിയെങ്കിലും പ്രതി ഐഡി പ്രൂഫ് ഒന്നും കൊടുക്കാത്തതിനാൽ തിരിച്ചറിയാൻ സാധിച്ചില്ല.
ഐഡി പ്രൂഫ് റൂം നല്കുന്നതിനുവേണ്ടി ആവശ്യപ്പെട്ടപ്പോൾ കൈയിലില്ലെന്നും രാത്രിയിൽ വരുന്പോൾ തരാമെന്ന് പറയുകയായിരുന്നു. എന്നാൽ, രാത്രിയിൽ ലോഡ്ജിലെ ഡ്യൂട്ടി മാറിയ സമയത്ത് ഇയാൾ മുറിയിലെത്തുകയായിരുന്നു. ലോഡ്ജിനു സമീപത്തെ സിസിടിവി കാമറ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്.