കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രഥമ സ്ഥാനാർഥിയായി പി.സി. ജോർജിനുവേണ്ടി ചുവരെഴുതി.
കേരള ജനപക്ഷം സെക്കുലർ സ്ഥാനാർഥിയായി പൂഞ്ഞാറിൽ പി.സി. ജോർജ് മത്സരിക്കുമെന്നു ചെയർമാൻ ഇ.കെ. ഹസൻകുട്ടി പ്രഖ്യാപനം നടത്തി.
ബിജെപിയുമായി മാർച്ച് ആദ്യം ചർച്ച നടത്തുമെന്നു ധാരണയാകുന്നില്ലെങ്കിൽ തനിച്ചു മത്സരിക്കുമെന്നും ജോർജ് വ്യക്തമാക്കി.
ബിജെപി ചർച്ച വിജയിച്ചില്ലെങ്കിൽ പൂഞ്ഞാർ വീണ്ടും ചതുഷ്കോണ മത്സരത്തിലേക്ക് നീങ്ങും. 2016ൽ മൂന്നു മുന്നണികളെയും പിന്തള്ളി 27,821 വോട്ടുകൾക്കാണു ജോർജ് വിജയിച്ചത്.
യുഡിഎഫിൽ പ്രവേശിക്കാൻ ആഗ്രഹിച്ച തനിക്കെതിരേ ഉമ്മൻ ചാണ്ടി പാരവച്ചെന്ന് പി.സി. ജോർജ് പറഞ്ഞു.
കെ. കരുണാകരനെയും എ.കെ. ആന്റണിയെയും പാരവച്ചു താഴെയിറക്കിയ ഉമ്മൻചാണ്ടിക്ക് ഇപ്പോൾ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമോ എന്നു ഭയമാണെന്നും പി.സി. ജോർജ് വിമർശിച്ചു.
രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും പി.കെ. കുഞ്ഞാലിക്കുട്ടിയും മുന്നണി പ്രവേശത്തെ അനുകൂലിച്ചിരുന്നു.
ഉമ്മൻ ചാണ്ടിക്കെതിരെ പുതുപ്പള്ളിയിൽ സ്ഥാനാർഥിയെ നിർത്തുന്നതും ആലോചിക്കുന്നു. കാഞ്ഞിരപ്പള്ളി, പാലാ, പീരുമേട് മണ്ഡലങ്ങളിൽ ആരു ജയിക്കണമെന്നും ആരു തോൽക്കണമെന്നും ജനപക്ഷം തീരുമാനിക്കുമെന്നും ജോർജ് പറഞ്ഞു.