നിങ്ങൾക്ക് ആർത്തവം ക്രമം തെറ്റിയാണോ നടക്കുന്നത് ? ശരീരത്തിൽ, പ്രധാനമായും മുഖത്ത് രോമവളർച്ച ഉണ്ടോ? മുഖക്കുരുവും മുടികൊഴിച്ചിലും നിങ്ങളെ അലട്ടുന്നുണ്ടോ?… കഴുത്തിന് ചുറ്റും കറുത്ത പാടുകൾ ഉണ്ടോ?എങ്കിൽ നിങ്ങൾക്ക് പിസിഒഡി (Polycystic Ovarian Disease)ഉണ്ടാകാം.
ഇന്ത്യയിൽ ഏകദേശം 15 മുതൽ 22 ശതമാനം സ്ത്രീകളെയും ബാധിക്കുന്ന പ്രശ്നമാണ് പിസിഒഡി. ഇത് ജീവിതശൈലീരോഗങ്ങളിലേക്കും വന്ധ്യതയിലേക്കും നയിക്കാൻ കാരണമാകുന്നു.
പിസിഒഡി എങ്ങനെ കണ്ടെത്താം
പിസിഒഡി കണ്ടെത്താൻ സഹായിക്കുന്ന നിരവധി മാർഗങ്ങളിൽ ഒന്നാണ് മാസമുറ നിരീക്ഷിക്കുക എന്നുള്ളത്. 35 ദിവസത്തിനുള്ളിൽ ആർത്തവം വന്നില്ലെങ്കിൽ അല്ലെങ്കിൽ വർഷത്തിൽ എട്ട് പ്രാവശ്യമെങ്കിലും ആർത്തവം വന്നില്ലെങ്കിൽ പിസിഒഡി സാധ്യത പറയാം. കൂടാതെ ശരീരത്തിലുള്ള പുരുഷ ഹോർമോണിന്റെ അളവും മാനദണ്ഡമായി എടുക്കാനാവും.
ഇൻസുലിനുംപിസിഒഡിയും
പ്രമേഹവുമായി ബന്ധപ്പെട്ട ഒരു ഹോർമോൺ ആണ് ഇൻസുലിൻ. എന്നാൽ ഈ ഇൻസുലിന് പിസിഒഡിയുമായി വലിയ ബന്ധമുണ്ട്. ഇൻസുലിന്റെ അതിപ്രസരം മൂലം മറ്റ് ഹോർമോണുകളിൽ ഉണ്ടാവുന്ന ഏറ്റക്കുറച്ചിലുകൾ ആണ് പ്രധാനമായും പിസിഒഡിക്കു കാരണം. പക്ഷേ, ഇത് അണ്ഡാശയത്തിലേക്ക് കേന്ദ്രീകരിക്കുന്നു എന്ന് മാത്രം. ചുരുക്കിപ്പറഞ്ഞാൽ അണ്ഡാശയത്തിനു വരുന്ന പ്രമേഹമാണ് പിസിഒഡി എന്ന് പറയാം..
ഗ്ലൂക്കോസാണ് വില്ലൻ
അന്നജം (കാർബോഹൈഡ്രേറ്റ് ) അടങ്ങിയ ഭക്ഷണം ശരീരത്തിൽ എത്തിയാൽ ഗ്ളൂക്കോസ് ആയി മാറുന്നു. അധിക ഗ്ലൂക്കോസ് ഇൻസുലിന്റെ അതിപ്രസരത്തിനു കാരണമാകുന്നു. ഇത് മറ്റു ഹോർമോണുകളെ ബാധിക്കുന്നു. അണ്ഡാശയത്തിലെ മുഴകളുടെ പ്രധാന ഊർജസ്രോതസ് ഗ്ലൂക്കോസാണ്. അതിനാൽ അന്നജത്തിന്റെ അളവ് ക്രമീകരിക്കുക എന്നത് വളരെ പ്രധാനമാണ്.
ഭക്ഷണം ആറു നേരമായികഴിക്കാം
സാധാരണ മൂന്നുനേരം ഭക്ഷണം കഴിക്കുന്നതിൽ നിന്ന് വ്യത്യസ്തമായി ആറ് നേരമായി കഴിച്ചാൽ ശരീരത്തിലുള്ള ഇൻസുലിന്റെ
അതിപ്രസരം കുറയ്ക്കുന്നതിനുസഹായകമാകും.
(തുടരും)
(നാളെ: പിസിഒഡി ഉള്ള ഒരാൾ പാലിക്കേണ്ട ഭക്ഷണക്രമം)