പൊൻകുന്നം: പി.സി ജോർജ് എംഎൽഎയാണെന്ന് പറഞ്ഞ് പൊൻകുന്നം സിഐ വി.കെ. വിജയരാഘവനെ ഫോണിൽ വിളിച്ച് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. പൊൻകുന്നം തോണിപ്പാറ മുത്തുവയലിൽ അനീഷ് എസ്. നായർ (33) ആണ് അറസ്റ്റിലായത്.
ഭാര്യയെ ദേഹോപദ്രവം ഏൽപ്പിക്കുന്നുവെന്ന പരാതിയിൽ അനൂപിനെ പൊൻകുന്നം സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഈ കേസിൽ ഇയാളെ സഹായിക്കണമെന്ന് ആവശ്യപ്പെട്ടാണ് എംഎൽഎയുടെ പേരിൽ വിളിയെത്തിയത്. “പി.സി. ജോർജാണ്, വരുന്നത് വേണ്ടപ്പെട്ടയാളാണ്.. വേണ്ടതുപോലെ കാര്യങ്ങൾ ചെയ്യണം’ എന്നായിരുന്നു ഫോണിലൂടെയുള്ള നിർദേശം.
ഇതിൽ സംശയം തോന്നിയ പോലീസ് എംഎൽഎയെ ബന്ധപ്പെട്ടപ്പോൾ അദ്ദേഹം വിളിച്ചിട്ടില്ലെന്ന് ബോധ്യമായി. സ്റ്റേഷനിലെത്തിയ അനീഷിനെ ചോദ്യം ചെയ്തപ്പോൾ താൻ തന്നെയാണ് വിളിച്ചതെന്നും അമ്മയുടെ ഫോണിൽനിന്നാണ് ഇത് ചെയ്തതെന്നും സമ്മതിച്ചു. ഇയാളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു.