സ്വന്തം ലേഖകൻ
തൃശൂർ: അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ… ദേവരാജൻ മാസ്റ്റർ സംഗീതം പകർന്ന് യേശുദാസിന്റെ ശബ്ദത്തിൽ മലയാളി എക്കാലവും ഓർമയിൽ സൂക്ഷിക്കുന്ന വിരഹഗാനം. 1987ൽ പുറത്തിറങ്ങിയ നീയെത്ര ധന്യയിലെ ഈ പാട്ടുൾപ്പെടെ മലയാളത്തിൽ ഹിറ്റായ നിരവധി ഗാനങ്ങളുടെ പശ്ചാത്തലത്തിൽ കീബോർഡിസ്റ്റായി ഉണ്ടായിരുന്നു ഇന്നലെ അന്തരിച്ച പി.ഡി. ഫ്രാൻസിസ്.
ജി. ദേവരാജൻ മാസ്റ്ററുടെ ഓർക്കസ്ട്ര സംഘത്തിൽ അംഗമായിരുന്ന ഫ്രാൻസിസ് അദ്ദേഹത്തിന്റെ ഒട്ടു മിക്ക ഹിറ്റ് ഗാനങ്ങൾക്കായും കീബോർഡ് വായിച്ചു. ജയചന്ദ്രൻ, യേശുദാസ്, ചിത്ര തുടങ്ങി പ്രമുഖരായ ഏതാണ്ടെല്ലാ ഗായകരുടെ ശബ്ദത്തിനൊപ്പവും ഫ്രാൻസിസിന്റെ കൈകൾ സംഗീതം ചാലിച്ചിട്ടുണ്ട്. അന്തിക്കാട്ടെ പ്രശസ്ത സംഗീത കുടുംബത്തിലായിരുന്നു ജനനം. പിതാവ് പുത്തൂർ ദേവസി അറിയപ്പെടുന്ന വയലിനിസ്റ്റായിരുന്നു. പത്തു മക്കളായിരുന്നു ദേവസിക്ക്. ഏഴ് ആണും മൂന്നു പെണ്ണും.
ഏഴ് ആണ്മക്കളിൽ പി.ഡി. ഫ്രാൻസിസ് ഉൾപ്പെടെ ആറുപേരും പിതാവിന്റെ പാത പിന്തുടർന്ന് സംഗീതത്തിന്റെ വഴിയിലേക്കു തിരിഞ്ഞു. വയലിൻ, കീബോർഡ്, ഡ്രംസ് തുടങ്ങി പല മേഖലകളിലാണ് സഹോദരങ്ങൾ കഴിവു തെളിയിച്ചത്. കീബോർഡിനു പുറമേ വശത്താക്കാൻ ഏറെ വൈദഗ്ധ്യം ആവശ്യമുള്ള അക്കോർഡിയൻ വാദനത്തിലും ഫ്രാൻസീസ് പ്രാവീണ്യം നേടി.
കലാസദനിലൂടെയായിരുന്നു പ്രഫഷണൽ രംഗത്തേക്കുള്ള വരവ്. പിന്നെ ജീവിതവഴിയിൽ സഹോദരങ്ങൾ വഴിപിരിഞ്ഞു. പലരും വിദേശത്തും ജോലി തേടിപ്പോയി. ഏഴു വർഷത്തോളം അമേരിക്കയിലും ഒരു വർഷം ഗൾഫിലും ഫ്രാൻസിസും പ്രവാസ ജീവിതം അനുഭവിച്ചിട്ടുണ്ട്. തങ്ങൾ ജനിച്ചുവളർന്ന അന്തിക്കാട് പുത്തൻവീട്ടിലെ പുത്തൂർ തറവാട്ടുവീട്ടിൽ എന്നും സംഗീത അന്തരീക്ഷമാണ് ഉണ്ടായിരുന്നതെന്ന് ഇളയ സഹോദരൻ ജേക്കബ് ഓർമിക്കുന്നു.
പ്രശസ്തിക്കു പിറകേ പോകുന്നയാളായിരുന്നില്ല ഫ്രാൻസിസ്. താൻ അണിയറയിൽ പ്രവർത്തിച്ച പാട്ടുകൾ ഏതെന്നുള്ള കൃത്യമായ ഒരു കണക്കുപോലും അദ്ദേഹം സൂക്ഷിച്ചിരുന്നില്ലെന്നു സഹോദരൻ പറയുന്നു. അതുകൊണ്ടുതന്നെ സ്വന്തം വീട്ടുകാർക്കുപോലും അദ്ദേഹം സഞ്ചരിച്ചുതീർത്ത സംഗീത ജീവിതത്തെക്കുറിച്ച് അധികമൊന്നും അറിയുകയുമില്ല.