കാലടി: ക്ഷീരമേഖലയിൽ പിഡിഡിപി ചെയ്യുന്നത് വലിയ സേവനമാണെന്നു മന്ത്രി കെ. രാജു. പീപ്പിൾസ് ഡയറി ഡവലപ്പ്മെന്റ് പ്രോജക്ടിന്റെ (പിഡിഡിപി) പീപ്പിൾസ് ഹാപ്പി ഫീഡ്സ് പ്ലാന്റിന്റെയും മിൽക്ക് പൗഡർ പ്ലാന്റിന്റെയും ഉദ്ഘാടനവും സ്ഥാപക ചെയർമാൻ ഫാ. ജോസഫ് മുട്ടുമന സ്മരണാർഥം നൽകുന്ന സംസ്ഥാന ക്ഷീരകർഷക അവാർഡു വിതരണവും പിഡിഡിപി ദിനാഘോഷവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ക്ഷീരകർഷകരുടെ പാൽ ശേഖരിക്കുകയും അത് ഉത്പന്നങ്ങളാക്കി മാറ്റി വിപണിയിൽ ശുദ്ധമായവ നൽകാൻ പിഡിഡിപിക്കു കഴിയുന്നത് അഭിനന്ദനാർഹമാണ്. ഗുണനിലവാരമില്ലാത്ത ഇതരസംസ്ഥാന പാൽ, രോഗികളെ സൃഷ്ടിക്കാനേ ഉപകരിക്കൂ. ക്ഷീരകർഷകർക്കും മൃഗസംരക്ഷണ മേഖലയിലെ കർഷകർക്കും ഏറെ പ്രയോജനം ചെയ്യുന്ന പദ്ധതികളാണു പിഡിഡിപി പുതിയതായി ആരംഭിച്ചിരിക്കുന്നത്.
കേരളത്തിൽ കാലിത്തീറ്റയുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി സർക്കാർ നിയമനിർമാണം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.പിഡിഡിപി അങ്കണത്തിൽ നടന്ന ചടങ്ങിൽ എറണാകുളം അങ്കമാലി-അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ് മാർ ജേക്കബ് മനത്തോടത്ത് അധ്യക്ഷത വഹിച്ചു. കൂട്ടായ പരിശ്രമത്തിലൂടെ വലിയ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സാധിക്കുമെന്നും അതിന് ഉത്തമ ഉദാഹരണമാണ് പിഡിഡിപിയുടെ വളർച്ചയെന്നും ബിഷപ് പറഞ്ഞു.
ക്ഷീരകർഷകർക്കുവേണ്ടി ഫാ. ജോസഫ് മുട്ടുമന ഒരു സ്വപ്നം കണ്ടിരുന്നു. അത് അവരുടെ ക്ഷേമത്തിനുള്ള സ്വപ്നമായിരുന്നു. ഒരു പ്രഖ്യാപിത ലക്ഷ്യത്തോടെ അദേഹം പ്രവർത്തിച്ചതിനാൽ അത് വലിയ നേട്ടത്തിലെത്തിയെന്നും പുരോഗതിയുടെ ചരിത്രത്തിൽ സുപ്രധാന നാഴികക്കല്ലാണ് പീപ്പിൾസ് ഹാപ്പി ഫീഡ്സ് പ്ലാന്റും മിൽക്ക് പൗഡർ പ്ലാന്റുമെന്നും ബിഷപ് പറഞ്ഞു.
ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ ജനങ്ങൾക്ക് നൽകാൻ പിഡിഡിപി എന്നും പ്രതിജ്ഞാബന്ധമാണെന്ന് ആമുഖപ്രഭാഷണം നടത്തിയ ചെയർമാൻ ഫാ. സെബാസ്റ്റ്യൻ നാഴിയന്പാറ പറഞ്ഞു.എട്ടാമത് സംസ്ഥാന ക്ഷീരകർഷക അവാർഡ് ജേതാക്കളായ പി.എസ്. ജയൻ, എ. ശെൽവരാജ്, ഇ.കെ.ഷാബു എന്നിവർക്ക് യഥാക്രമം 50,000, 30,000, 20,000 രൂപ കാഷ് അവാർഡും പ്രശസ്തിഫലകവും റോജി എം. ജോണ് എംഎൽഎ വിതരണം ചെയ്തു.
മികച്ച ഏജൻസികൾക്കുള്ള പുരസ്കാര വിതരണം അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. പോളും ജീവനക്കാരുടെ മക്കൾക്കുള്ള വിദ്യാഭ്യാസ കാഷ് അവാർഡ് വിതരണം കാലടി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. തുളസിയും നിർവഹിച്ചു. വൈസ് ചെയർമാൻ ഫാ. അരുണ് വലിയവീട്ടിൽ ക്ഷീരകർഷക അവാർഡ് നിർണയാവലോകനം നടത്തി. സെക്രട്ടറി കെ.ജെ. ബോബൻ, ട്രഷറർ കെ.എ. വർഗീസ്, ഫാ. കുര്യാക്കോസ് മുണ്ടാടൻ, ജനപ്രതിനിധികൾ, ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ, ക്ഷീരകർഷക പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ബിഷപ് എമരിത്തൂസ് മാർ തോമസ് ചക്യേത്ത് പ്ലാന്റിന്റെ ആശീർവാദ കർമം നിർവഹിച്ചു.